സഞ്ജുവിന് നറുക്ക് വീഴുമോ? ബുംറ കാണുമോ? ചാമ്പ്യൻസ് ട്രോഫി ടീം ഇന്ന് പ്രഖ്യാപിക്കും
text_fieldsചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്ക് 12.30നാണ് ടീം പ്രഖ്യാപനം നടക്കുക. നായകൻ രോഹിത് ശർമയും മുഖ്യ സെലക്ടർ അജിത് അഗാർക്കറും മാധ്യമങ്ങളെ കാണും. ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരക്കുള്ള ടീമിനെയും ഇന്ന് പ്രഖ്യാപിക്കും.
രോഹിത് ശർമ നായകാനായി തുടർന്നേക്കുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുണ്ടായിരുന്നു. ബോർഡർ ഗവാസ്കർ ട്രോഫിയിൽ പരിക്കേറ്റ സ്റ്റാർ പേസർ ജസ്പ്രീത് ബുംറ ടീമിലേക്ക് തിരിച്ചുവരവ് നടത്തുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. ഇന്ത്യൻ ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരമാണ് ബുംറ. കുൽദീപ് യാദവിന്‍റെ കാര്യത്തിലും അനിശ്ചതത്വം തുടരുകയാണ്. ഇംഗ്ലണ്ടിനെതിരെയുള്ള ട്വന്‍റി-20 പരമ്പരക്കുള്ള ടീമിൽ ഇടം നേടിയ മുഹമ്മദ് ഷമി ചാമ്പ്യൻസ് ട്രോഫി ടീമിലും സ്ഥാനം നേടിയേക്കാം. 2023ലാണ് അദ്ദേഹം അവസാനമായി ഇന്ത്യക്കായി കളിച്ചത്.
വിക്കറ്റ് കീപ്പർ ബാറ്റർമാരുടെ കാര്യത്തിലാണ് സെലക്ഷൻ കമ്മിറ്റി ഏറ്റവും കൂടുതൽ വിയർക്കുക. കെ.എൽ. രാഹുൽ, ഋഷഭ് പന്ത്, സഞ്ജു സാംസൺ എന്നിവരാണ് വിക്കറ്റ് കീപ്പർമാരുടെ ലിസ്റ്റിലുള്ളത്. രാഹലിനെയും പന്തിനെയും മറികടന്ന് ടീമിൽ ഇടം നേടുക എന്നുള്ളത് സഞ്ജുവിന് വെല്ലുവിളി നിറഞ്ഞ കാര്യമാണ്. അതോടൊപ്പം വിജയ് ഹസാരെ ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കെടുക്കാത്തതും സഞ്ജുവിന് തിരിച്ചടിയാവുമെന്നാണ് റിപ്പോർട്ടുകൾ.
ആഭ്യന്തര ക്രിക്കറ്റിൽ മികച്ച ഫോമിലുള്ള കരുൺ നായറെ പരിഗണിക്കുമോ എന്നുള്ള ചോദ്യങ്ങൾ ഉയരുന്നുണ്ട്. എന്നാൽ അതിനുള്ള സാധ്യതകളില്ല എന്നാണ് നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ. രവീന്ദ്ര ജഡേജ, ഹർദിക്ക് പാണ്ഡ്യ എന്നിവർ ആൾറൗണ്ടർമാരുടെ ക്വാട്ടയിൽ സ്ഥാനമുറപ്പിക്കുന്നുണ്ട്. സൂപ്പർതാരങ്ങളായ രോഹിത് ശർമ, വിരാട് കോഹ്ലി, എന്നിവരോടൊപ്പം ശ്രേയസ് അയ്യരും ശുഭ്മൻ ഗില്ലും ടോപ് ഓർഡറിൽ കളിക്കുമെന്നുള്ള കാര്യം വ്യക്തമാണ്. മിന്നും ഫോമിലുള്ള യശ്വസ്വി ജയ്സ്വാൾ ബാക്കപ്പ് ഓപ്പണറായി ടീമിലിടം നേടിയേക്കും. മുഹമ്മദ് സിറാജും ടീമിൽ സ്ഥാനമുറപ്പിക്കുന്നുണ്ട്. സ്പിൻ ഡിപാർട്ട്മെന്‍റിൽ ജഡേജക്കൊപ്പം കുൽദീപ് യാദവ്, അക്സർ പട്ടേൽ എന്നിവെത്തിയേക്കാം. നിതീഷ് കുമാർ റെഡ്ഡിക്കും നറുക്ക് വീഴാനുള്ള സാധ്യത തെളിയുന്നുണ്ട്.
ഫെബ്രുവരി 19 ന് പാകിസ്താനിലും യു.എ.ഇയിലുമാണ് ഐസിസി ചാമ്പ്യൻസ് ട്രോഫി ആരംഭിക്കുന്നത്. ഫെബ്രുവരി 20 നാണ് ഇന്ത്യയുടെ ആദ്യ മത്സരം. അയൽക്കാരായ ബംഗ്ലാദേശിനെയാണ് ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് നേരിടേണ്ടത്. എന്തായാലും ഇന്ത്യൻ ടീമിന്‍റെ സെലക്ഷന് വേണ്ടി ആരാധകരെല്ലാം കാത്തിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

