എന്തുകൊണ്ട് വിജയ് ഹസാരെ ട്രോഫി കളിച്ചില്ല? സഞ്ജുവിനോട് ബി.സി.സി.ഐ; താരത്തിന്‍റെ ചാമ്പ്യൻസ് ട്രോഫി തുലാസിൽ
text_fieldsമുംബൈ: ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിനെ ബി.സി.സി.ഐ പ്രഖ്യാപിക്കാനിരിക്കെ, മലയാളി താരം സഞ്ജു സാംസൺ സ്ക്വാഡിലുണ്ടാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
എന്നാൽ, അതിനുള്ള സാധ്യത മങ്ങുന്നതായാണ് പുറത്തുവരുന്നു വിവരം. വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിനായി കളിക്കാത്തതാണ് താരത്തിന് തിരിച്ചടിയായത്. 2024-25 വിജയ് ഹസാരെ ട്രോഫി ടൂര്‍ണമെന്റില്‍ കേരളത്തിനായി കളിക്കാത്തതിനെ കുറിച്ച് ബി.സി.സി.ഐ അന്വേഷിക്കുന്നുണ്ട്. ഇന്ത്യന്‍ താരങ്ങൾ ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന നിയമം കര്‍ശനമാക്കുന്നതിനിടെയാണ് ആഭ്യന്തര ലിസ്റ്റ് എ ടൂര്‍ണമെന്റിൽ കേരളത്തിന്റെ ഒരു മത്സരത്തിലും സഞ്ജു കളിക്കാതിരുന്നത്.
താരത്തിന്‍റെ നടപടിയിൽ ബി.സി.സി.ഐ ഭാരവാഹികൾക്കും അജിത് അഗാർക്കറിന്‍റെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിക്കും കടുത്ത അതൃപ്തിയുണ്ട്. ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിക്ക് തൊട്ടുമുമ്പ് 50 ഓവര്‍ ക്രിക്കറ്റ് കളിക്കാനുള്ള അവസരവുമാണ് സഞ്ജു നഷ്ടപ്പെടുത്തിയത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കും ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിക്കുമുള്ള ടീമിനെ വരുംദിവസങ്ങളിൽ ബി.സി.സി.ഐ പ്രഖ്യാപിക്കും. വിജയ് ഹസാരെ ട്രോഫിക്കുള്ള ടീം ക്യാമ്പിൽ പങ്കെടുക്കാനാകില്ലെന്ന് സഞ്ജു അറിയിച്ചതിനെ തുടർന്നാണ് താരത്തെ കേരള ക്രിക്കറ്റ് അസോസിയേഷൻ ടീമിൽനിന്ന് ഒഴിവാക്കിയത്.
താരം ഉറപ്പ് പറയാത്തത് കാരണം ടീമിൽ ഒരു യുവതാരത്തിനുള്ള അവസരം നഷ്ടപ്പെടുത്താൻ തങ്ങൾക്ക് ആഗ്രഹമില്ലായിരുന്നുവെന്ന് അസോസിയേഷൻ ഭാരവാഹികൾ പ്രതികരിച്ചു. സഞ്ജുവിന്‍റെ സ്ഥാനത്തേക്ക് മറ്റൊരു താരത്തെ പരിഗണിക്കുകയായിരുന്നു. ‘ആഭ്യന്തര ക്രിക്കറ്റിന്‍റെ പ്രാധാന്യത്തെക്കുറിച്ച് സെലക്ടർമാരും ബോർഡും വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം അനുമതി തേടാതെ ആഭ്യന്തര മത്സരങ്ങളിൽനിന്ന് വിട്ടുനിന്നതിനാൽ ഇഷാൻ കിഷന്‍റെയും ശ്രേയസ് അയ്യരുടെയും കരാർ ബി.സി.സി.ഐ ഒഴിവാക്കിയിരുന്നു. വിജയ് ഹസാരെ ട്രോഫി കളിക്കാത്തതിന്‍റെ കാരണം സഞ്ജു സെലക്ടർമാരെയും ബോർഡിനെയും അറിയിച്ചിട്ടില്ല’ -മുതിർന്ന ബി.സി.സി.ഐ ഭാരവാഹി പറഞ്ഞു.
വ്യക്തമായ കാരണമില്ലാതെയാണ് താരം വിജയ് ഹസാരെ ട്രോഫിയിൽനിന്ന് വിട്ടുനിന്നതെങ്കിൽ ഏകദിന പരമ്പരക്കുള്ള ടീമിൽ താരത്തെ പരിഗണിക്കാനുള്ള സാധ്യത പ്രയാസമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഈമാസം 22ന് ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ട്വന്‍റി20 പരമ്പരക്കുള്ള ടീമിൽ സഞ്ജു ഇടംനേടിയിരുന്നു. ടീമിൽ രണ്ടു വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് പരിഗണിക്കുന്ന താരങ്ങളിൽ സഞ്ജുവുമുണ്ട്. ഋഷഭ് പന്ത്, കെ.എൽ. രാഹുൽ, ധ്രുവ് ജുറേൽ എന്നിവരാണ് മറ്റു താരങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

