ബി.സി.സി.ഐ കരാർ ഉടൻ പ്രഖ്യാപിക്കും; സൂപ്പർതാരത്തെ ഒഴിവാക്കിയേക്കും
text_fieldsഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ അടുത്ത ഒരു വർഷത്തേക്കുള്ള ബി.സി.സി.ഐയുടെ കരാർ ഉടൻ പ്രഖ്യാപിക്കും. ബി.സി.സി.ഐ തെരഞ്ഞെടുപ്പും പുതിയ സെലക്ഷൻ കമ്മിറ്റി അംഗങ്ങളുടെ നിയമനവും കാരണമാണ് താരങ്ങളുടെ കരാർ പട്ടിക പുതുക്കുന്ന നടപടികൾ വൈകാനിടയാക്കിയത്. സുപ്രധാന മാറ്റങ്ങളുമായി കരാർ പട്ടിക ഇതിനകം തയാറാക്കിയിട്ടുണ്ട്.
ഏതു സമയവും ഈ പട്ടിക പ്രഖ്യാപിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ഏതാനും താരങ്ങൾക്ക് അപ്രതീക്ഷിത സ്ഥാനക്കയറ്റമുണ്ടാകും. അതോടൊപ്പം ഇന്ത്യയുടെ സൂപ്പർ ബാറ്റർ ബി.സി.സി.ഐയുടെ കരാർ പട്ടികയിൽനിന്ന് പുറത്തുപോകുമെന്നും അടുത്ത വൃത്തങ്ങൾ സൂചന നൽകുന്നു. വെറ്ററൻ ഓപ്പണർ ശിഖർ ധവാനുമായുള്ള കരാർ അവസാനിപ്പിക്കുമെന്ന അഭ്യൂഹം ശക്തമാണ്. താരം ഏറെ നാളായി ടീമിനു പുറത്താണ്.
അതേസമനയം, ട്വന്‍റി20 നായകൻ ഹാർദിക് പാണ്ഡ്യ, വെടിക്കെട്ട് ബാറ്റർ സൂര്യകുമാർ യാദവ്, യുവതാരം ശുഭ്മാൻ ഗിൽ എന്നിവർക്കായിരിക്കും പ്രധാന സ്ഥാനക്കയറ്റം. മൂവരെയും അഞ്ചു കോടി വാർഷിക വരുമാനമുള്ള എ ഗ്രേഡിലേക്ക് മാറ്റുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ലോകത്തിലെ ഒന്നാം നമ്പർ ട്വന്‍റി20 ബാറ്ററാണ് ഇപ്പോൾ സൂര്യകുമാർ.
ഏകദിന ടീമിലും താരം സ്ഥാനം ഉറപ്പിക്കുന്നുണ്ട്. ശുഭ്മാൻ ഗില്ലും മിന്നും പ്രകടനമാണ് ഇന്ത്യക്കായി പുറത്തെടുക്കുന്നത്. ‘തെരഞ്ഞെടുപ്പും സെലക്ഷൻ കമ്മിറ്റി നിയമനവും കാരണം താരങ്ങളുടെ കരാർ പട്ടിക പുറത്തിറക്കുന്നതിൽ അൽപം കാലതാമസം നേരിട്ടു. അന്തിമ ചർച്ചകൾ ഇതിനകം പൂർത്തിയായി. അത് അടുത്ത മാസം പ്രഖ്യാപിക്കും’ -മുതിർന്ന ബി.സി.സി.ഐ പ്രതിനിധി വെളിപ്പെടുത്തി.
കരാർ പട്ടികയിൽ ഏറ്റവും ഉയർന്നത് എ പ്ലസാണ്. മത്സര ഫീക്കു പുറമെ, വാർഷിക വരുമാനമായി ഏഴു കോടി രൂപയാണ് എ പ്ലസ് കരാർ താരങ്ങൾക്ക് ലഭിക്കുക. എ വിഭാഗത്തിലുള്ളവർക്ക് അഞ്ചു കോടിയും ബി വിഭാഗത്തിലുള്ളവർക്ക് മൂന്നു കോടിയും വാർഷിക വരുമാനമായി ലഭിക്കും. നിലവിൽ വിരാട് കോഹ്ലി, രോഹിത് ശർമ, ജസ്പ്രീത് ബുംറ എന്നിവർ മാത്രമാണ് എ പ്ലസ് കാറ്റഗറിയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

