ഗ്രൗണ്ടിൽ തല്ല്; ഇന്ത്യൻ യുവതാരത്തിന് കനത്ത പിഴ വരുന്നു? ബി.സി.സി.ഐയുടെ പ്രതികരണം ഇങ്ങനെ... വീഡിയോ
text_fieldsദാംബുള്ള: ശ്രീലങ്ക എ ടീമിനെതിരായ ത്രിരാഷ്ട്ര പരമ്പരയിലെ സൂപ്പർ ഓവറിനിടെ ശ്രീലങ്കൻ താരവുമായി കയ്യാങ്കളിയിലേർപ്പെട്ട ഇന്ത്യൻ യുവതാരം വൈഭവ് സൂര്യവൻഷിക്കെതിരെ നടപടിയെടുക്കില്ലെന്ന് വ്യക്തമാക്കി ബി.സി.സി.ഐ. ഓൺ-ഫീൽഡ് വിഷയങ്ങളിൽ തീരുമാനമെടുക്കേണ്ടത് മാച്ച് റഫറിയാണെന്നും ബി.സി.സി.ഐ ഇതിൽ ഇടപെടില്ലെന്നും ബി.സി.സി.ഐ സെക്രട്ടറി ദേവജിത് സൈകിയ വ്യക്തമാക്കി.
ഗ്രൗണ്ടിലെ കയ്യാങ്കളി, പിന്നാലെ പിഴ
തിങ്കളാഴ്ച ദാംബുള്ളയിൽ നടന്ന ഇന്ത്യ എ - ശ്രീലങ്ക എ മത്സരത്തിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. സൂപ്പർ ഓവറിലെ തോൽവിക്ക് പിന്നാലെ 15-കാരനായ ഇന്ത്യൻ സെൻസേഷൻ വൈഭവ് സൂര്യവൻഷിയും ശ്രീലങ്കൻ താരം വിഷെൻ ഹലാംബഗെയും തമ്മിൽ വാക്കുതർക്കവും തുടർന്ന് കയ്യേറ്റവുമുണ്ടായി.
സംഭവത്തിൽ ഇരു താരങ്ങൾക്കും മാച്ച് ഫീയുടെ 50 ശതമാനം പിഴ ചുമത്താൻ മാച്ച് റഫറി പ്രദീപ് ജയപ്രകാശ് ശുപാർശ ചെയ്തിട്ടുണ്ട്. കൂടാതെ, അമ്പയർമാരുമായി തർക്കിച്ച ഇന്ത്യൻ ക്യാപ്റ്റൻ തിലക് വർമ്മയ്ക്ക് 30 ശതമാനം പിഴയും നിർദ്ദേശിച്ചിട്ടുണ്ട്.
എ ടീമുകളുടെ മത്സരങ്ങളിൽ ഐ.സി.സി നേരിട്ട് പിഴ ചുമത്താത്തതിനാൽ, മാച്ച് റഫറിയുടെ ഈ ശുപാർശകൾ ബി.സി.സി.ഐക്കും ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനും കൈമാറിയിരിക്കുകയാണ്. ഇതിനിടെ അമിതമായ അപ്പീൽ ചെയ്തതിന് ശ്രീലങ്കൻ സീനിയർ താരം നിരോഷൻ ഡിക്ക്വെല്ലയ്ക്കും മാച്ച് റഫറി പിഴ ചുമത്തിയിട്ടുണ്ട്. ഇരുവരെയും പിടിച്ചുമാറ്റാൻ ഡിക്ക്വെല്ലയാണ് ആദ്യം ഓടിയെത്തിയത്.
ബി.സി.സിഐയുടെ നിലപാട് ഇങ്ങനെ
കളിക്കളത്തിലെ മോശം പെരുമാറ്റത്തിന് വൈഭവിനെതിരെ ബിസിസിഐ കടുത്ത നടപടിയെടുക്കുമെന്ന് സോഷ്യൽ മീഡിയയിലടക്കം വലിയ അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇതിനിടെയാണ് വിശദീകരണവുമായി ബി.സി.സി.ഐ സെക്രട്ടറി രംഗത്തെത്തിയത്.
''മാച്ച് റഫറിയുടെ അധികാരപരിധിയിൽ ബി.സി.സി.ഐ ഇടപെടാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള അധികാരം ബി.സി.സി.ഐക്കല്ല. ഗ്രൗണ്ടിൽ നടക്കുന്ന സംഭവങ്ങളിൽ നടപടിയെടുക്കാൻ പൂർണ്ണ അധികാരമുള്ള മാച്ച് റഫറിയുടെയും അമ്പയർമാരുടെയും മേഖലയിലേക്ക് നമ്മൾ കടന്നുകയറാൻ പാടില്ല," സൈകിയ വ്യക്തമാക്കി.
ഗ്രൗണ്ടിൽ എന്ത് സംഭവിച്ചാലും അത് കളിയുടെ ഭാഗമാണെന്നും, ഐസി.സി, ബി.സി.സി.ഐ ചട്ടങ്ങൾ പ്രകാരം അതിൽ തീരുമാനമെടുക്കേണ്ടത് മാച്ച് റഫറിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ ഹാർദിക് പാണ്ഡ്യ, കെ.എൽ രാഹുൽ എന്നിവർക്കെതിരെ ബി.സി.സി.ഐ നടപടിയെടുത്തിരുന്നെങ്കിലും, അത് ഗ്രൗണ്ടിന് പുറത്ത് നടന്ന സംഭവത്തിലായിരുന്നെന്നും അതുകൊണ്ട് ഈ വിഷയത്തിൽ ഇടപെടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്താണ് ദാംബുള്ളയിൽ സംഭവിച്ചത്
നിശ്ചിത ഓവറിൽ 265 റൺസ് നേടി ഇരു ടീമുകളും സമനില പാലിച്ചതോടെയാണ് മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടത്. ഇന്ത്യയ്ക്ക് ജയിക്കാൻ 17 റൺസായിരുന്നു വേണ്ടിയിരുന്നത്. എന്നാൽ വെറും 9 റൺസ് മാത്രമാണ് ഇന്ത്യയ്ക്ക് നേടാനായത്. ഇതിൽ അവസാന മൂന്ന് പന്തുകൾ നേരിട്ട വൈഭവ് നേടിയത് 6 റൺസ് മാത്രം. ശ്രീലങ്കൻ താരങ്ങൾ വിജയം ആഘോഷിക്കുന്നതിനിടെ ഹലാംബഗെ വൈഭവിനെ പ്രകോപിപ്പിച്ചു. ഇത് വലിയ വാക്കുതർക്കത്തിലേക്കും കയ്യേറ്റത്തിലേക്കും നീങ്ങുകയായിരുന്നു. ക്യാമറ ദൃശ്യങ്ങളിൽ വൈഭവ് ശ്രീലങ്കൻ താരത്തെ പിടിച്ചുതള്ളുന്നത് വ്യക്തമായി കാണാമായിരുന്നു. കഴിഞ്ഞ മത്സരത്തിലും ഹലാംബഗെ വൈഭവിനെ നിരന്തരം സ്ലെഡ്ജ് ചെയ്തിരുന്നതായി റിപ്പോർട്ടുകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

