മുഹ്സിൻ നഖ്‌വിയുടെ കസേര തെറിക്കും? ഏഷ്യ കപ്പ് കിരീടം തിരിച്ചുപിടിക്കാൻ നിർണായക നീക്കവുമായി ബി.സി.സി.ഐ
text_fieldsദുബൈ: ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എ.സി.സി) തലവൻ മുഹ്സിൻ നഖ്‌വിയിൽനിന്ന് ഏഷ്യ കപ്പ് കിരീടം തിരിച്ചുപിടിക്കാൻ നിർണായക നീക്കവുമായി ബി.സി.സി.ഐ. ഞായറാഴ്ച ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റ് ഫൈനലിൽ പാകിസ്താനെ തോൽപിച്ച ഇന്ത്യ, നഖ്‌വിയിൽനിന്ന് കിരീടം സ്വീകരിക്കില്ലെന്ന് അറിയിച്ചതോടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറുന്നത്.
ഇന്ത്യൻ താരങ്ങൾ വ്യക്തിഗത അവാർഡുകൾ മാത്രമാണ് സ്വീകരിച്ചത്. ഇതോടെ ജേതാക്കൾക്കുള്ള കിരീടവും മെഡലുമായി പാകിസ്താൻ ആഭ്യന്തര മന്ത്രി കൂടിയായ നഖ്‌വി താമസിക്കുന്ന ഹോട്ടലിലേക്ക് പോയി. ഒടുവിൽ കിരീടമില്ലാതെയാണ് ഇന്ത്യൻ താരങ്ങൾ വിജയാഘോഷം നടത്തിയത്. നഖ്‌വി താമസിച്ച ഹോട്ടലിൽ തന്നെയാണ് ഇപ്പോഴും കിരീടമുള്ളതെന്നാണ് പുറത്തുവരുന്ന വിവരം. ദുബൈ സ്പോർട്സ് സിറ്റിയിലുള്ള എ.സി.സി ആസ്ഥാനത്തേക്ക് കിരീടം കൊണ്ടുവരാൻ നഖ്‌വിയോട് ബന്ധപ്പെട്ടവർ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം തയാറായിട്ടില്ല. ഇതോടെ കിരീടം തിരിച്ചുപിടിക്കാൻ എ.സി.സിയിലെ മറ്റു അസോസിയേഷൻ രാജ്യങ്ങളുടെ ഇടപെടൽ തേടിയിരിക്കുകയാണ് ബി.സി.സി.ഐ.
കിരീടം ഹോട്ടലിലേക്ക് കൊണ്ടുപോയ നഖ്‌വിയുടെ നടപടി ബാലിശവും അംഗീകരിക്കാനാവില്ലെന്നുമാണ് ബി.സി.സി.ഐ പ്രതികരിച്ചത്. എ.സി.സി ചെയർമാൻ സ്ഥാനത്തുനിന്ന് നഖ്‌വിയെ മാറ്റാനുള്ള നീക്കവും ബി.സി.സി.ഐ ശക്തമാക്കി. നവംബറിൽ നടക്കുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്‍റെ (ഐ.സി.സി) വാർഷിക ജനറൽ ബോഡി യോഗത്തിലും ബി.സി.സി.ഐ ഈ ആവശ്യം ഉന്നയിക്കും. ‘നഖ്‌വി ഏഷ്യ കപ്പ് കിരീടം ഹോട്ടലിലേക്ക് കൊണ്ടുപോകരുതായിരുന്നു. എ.സി.സിയിലെ നഖ്‌വിയുടെ ദിനങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞു, പുറത്തേക്കുള്ള വഴി ഉടൻ തുറക്കപ്പെടും. അദ്ദേഹത്തെ പദവിയിൽനിന്ന് നീക്കാനുള്ള കാമ്പയിന് ബി.സി.സി.ഐ തുടക്കമിടും. നവംബറിൽ നടക്കുന്ന ഐ.സി.സി ജനറൽ ബോഡി യോഗത്തിൽ വിഷയം ഉയർത്തിക്കൊണ്ടുവരും. അന്താരാഷ്ട്ര ക്രിക്കറ്റിന്‍റെ ഉയർന്ന പദവികളിൽ ഇത്തരക്കാരെ അനുവദിക്കരുത്’ -ബി.സി.സി.ഐ പ്രതിനിധി ഒരു ഹിന്ദി ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.
അതേസമയം, കിരീടം ഇന്ത്യൻ ടീമിന് കൈമാറാൻ ഉപാധികളോടെ നഖ്‌വി സമ്മതം അറിയിച്ചതായി ക്രിക്ബസ് റിപ്പോർട്ട് ചെയ്തു. ഔദ്യോഗികമായി നടത്തുന്ന ചടങ്ങിൽ തന്‍റെ കൈയിൽനിന്ന് ട്രോഫി സ്വീകരിക്കാമെന്നാണ് അദ്ദേഹം മുന്നോട്ടുവെക്കുന്ന ഉപാധി. നിലവിലെ സാഹചര്യത്തിൽ നടക്കാൻ യാതൊരു സാധ്യതയുമില്ലാത്ത നിർദേശമാണിത്. ഇതോടെ വിവാദം ഉടനെ അവസാനിക്കില്ലെന്നും ബോർഡുകൾ തമ്മിലുള്ള അധികാര വടംവലി തുടരുമെന്നും ഉറപ്പാണ്.
എട്ട് ടീമുകൾ അണിനിരന്ന ടൂർണമെന്‍റിന്‍റെ ഫൈനലിൽ ഞായറാഴ്ചയാണ് ഇന്ത്യ പാകിസ്താനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ച് ജേതാക്കളായത്. മൈതാനത്തെ മത്സരം അവസാനിച്ചിട്ടും പുറത്തെ അധികാര മത്സരം തുടരുകയാണ്. എ.സി.സി ചെയർമാൻ എന്നതിനപ്പുറം, പാക് ക്രിക്കറ്റ് ബോർഡിന്‍റെ തലവനും പാകിസ്താൻ ആഭ്യന്തര മന്ത്രി കൂടിയാണ് നഖ്‌വി. ഇന്ത്യാ വിരുദ്ധ പരാമർശങ്ങളും സമൂഹമാധ്യമ പോസ്റ്റും നഖ്‌വിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. ഇതോടെയാണ് ടീം ട്രോഫി സ്വീകരിക്കുന്നതിൽനിന്ന് വിട്ടുനിന്നത്. 45 മിനിറ്റ് വൈകി ആരംഭിച്ച പ്രസന്‍റേഷൻ സെറിമണിയിൽ, പാകിസ്താൻ ടീം റണ്ണറപ്പിനുള്ള ചെക്കും മെഡലുകളും സ്വീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

