രഞ്ജി ക്വാർട്ടറിൽ കേരളത്തിന് ബാറ്റിങ് തകർച്ച; ഒമ്പത് വിക്കറ്റിന് 200; കശ്മീരിന്‍റെ സ്കോറിനേക്കാൾ 80 റൺസ് പിറകിൽ
text_fieldsപുണെ: രഞ്ജി ട്രോഫി ക്വാര്‍ട്ടറില്‍ ജമ്മു കശ്മീരിനെതിരെ കേരളത്തിന് ബാറ്റിങ് തകര്‍ച്ച. രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോൾ കേരളം ഒന്നാം ഇന്നിങ്സിൽ 63 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 200 റൺസെന്ന നിലയിലാണ്. 80 റൺസ് പിറകിലാണ് കേരളം. നേരത്തെ, കശ്മീരിന്‍റെ ഒന്നാം ഇന്നിങ്സ് 280 റൺസിൽ അവസാനിച്ചിരുന്നു.
കശ്മീർ പേസർ ആക്വിബ് നബിയുടെ തകർപ്പൻ ബൗളിങ്ങാണ് കേരളത്തെ തകർത്തത്. 19 ഓവറിൽ ആറു മെയ്ഡനടക്കം 36 റൺസ് വഴങ്ങി അഞ്ചു വിക്കറ്റാണ് താരം വീഴ്ത്തിയത്. കേരളത്തിനായി ജലജ് സക്സേന അർധ സെഞ്ച്വറി നേടി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. 78 പന്തിൽ മൂന്നു സിക്സും ആറു ഫോറുമടക്കം 67 റൺസെടുത്താണ് താരം പുറത്തായത്. 75 പന്തിൽ 49 റൺസുമായി സൽമാൻ നിസാർ ക്രീസിലുണ്ട്. ഒരുഘട്ടത്തിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 11 റൺസെന്ന നിലയിലായിരുന്നു കേരളം. രോഹന്‍ കുന്നുമ്മല്‍ (ഒന്ന്), ഷോണ്‍ റോജര്‍ (0), നായകൻ സചിന്‍ ബേബി (രണ്ട്) എന്നിവരുടെ വിക്കറ്റുകളാണ് തുടക്കത്തിലെ നഷ്ടമായത്.
മൂന്നാം ഓവറില്‍ രോഹന്‍ കുന്നുമ്മലിനെ വിവ്രാന്ത് ശര്‍മയുടെ കൈകളിലെത്തിച്ചാണ് ആക്വിബ് നബി വികറ്റ് വേട്ട തുടങ്ങിയത്. അതേ ഓവറിലെ അവസാന പന്തില്‍ ഷോണ്‍ റോജറെ കനയ്യ വധ്‌വാന്‍റെ കൈകളിലെത്തിച്ച് കേരളത്തിന് ഇരട്ടപ്രഹമേല്‍പ്പിച്ചു. പിന്നാലെ ക്യാപ്റ്റന്‍ സചിന്‍ ബേബി ക്ലീൻ ബൗൾഡ്. സക്സേനയും അക്ഷയ് ചന്ദ്രനും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനമാണ് കേരളത്തെ നൂറു കടത്തിയത്. പിന്നാലെ സക്സേനയെ നബി പുറത്താക്കി. തൊട്ടടുത്ത ഓവറിൽ അക്ഷയ് ചന്ദ്രനും മടങ്ങി. 124 പന്തിൽ 29 റൺസെടുത്ത താരം സാഹിൽ ലോത്രയുടെ പന്തിലാണ് പുറത്തായത്. ഒരറ്റത്ത് സൽമാൻ നിസർ പിടിച്ചുനിന്നെങ്കിലും മുഹമ്മദ് അസ്ഹറുദ്ദീൻ (15 പന്തിൽ 15), ആദിത്യ സർവാതെ (ഒന്ന്) എന്നിവരെല്ലാം വേഗം മടങ്ങി.
എം.ഡി നിധീഷ് 36 പന്തിൽ 30 റൺസുമായി ഭേദപ്പെട്ട പ്രകടനം നടത്തി. റണ്ണൊന്നും എടുക്കാതെ എൻ. ബേസിലും മടങ്ങി. ബേസിൽ തമ്പിയാണ് ഇനി ബാറ്റിങ്ങിന് ഇറങ്ങാനുള്ളത്. കശ്മീരിനായ യുധ്വീർ സിങ്, സാഹിൽ ലോത്ര എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ എട്ടിന് 228 എന്ന സ്കോറില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ കശ്മീർ വാലറ്റക്കാരുടെ ചെറുത്തു നില്‍പ്പിന്‍റെ കരുത്തിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്. പത്താമനായി ഇറങ്ങി തകര്‍ത്തടിച്ച് 30 പന്തില്‍ 32 റണ്‍സെടുത്ത അക്വിബ് നബിയും 31 പന്തില്‍ 26 റണ്‍സെടുത്ത യുദ്ധ‌്‌വീര്‍ സിങ്ങുമാണ് ടീം സ്കോർ 250 കടത്തിയത്.
എതിരാളികളെ 250നുള്ളില്‍ ഒതുക്കാമെന്ന കേരളത്തിന്‍റെ പ്രതീക്ഷകള്‍ തെറ്റിക്കുന്നതായിരുന്നു ഇവരുടെ പ്രകടനം. കേരളത്തിനായി നിധീഷ് എം.ഡി ആറു വിക്കറ്റ് നേടി. ആദിത്യ സർവാതെ രണ്ടു വിക്കറ്റ് വീഴ്ത്തി. ടോസ് നേടിയ കേരളം കശ്മീരിനെ ആദ്യം ബാറ്റ് ചെയ്യാൻ അയക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

