Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightബംഗ്ലാ താരങ്ങൾ...

ബംഗ്ലാ താരങ്ങൾ ഐ.പി.എല്ലിൽ വേണ്ട, വിദേശ ലീഗിൽ അംബാനിയുടെ എം.ഐ ടീമിനായി കളിക്കാം; ചർച്ചയായി ഇരട്ടത്താപ്പ്

text_fields
bookmark_border
ബംഗ്ലാ താരങ്ങൾ ഐ.പി.എല്ലിൽ വേണ്ട, വിദേശ ലീഗിൽ അംബാനിയുടെ എം.ഐ ടീമിനായി കളിക്കാം; ചർച്ചയായി ഇരട്ടത്താപ്പ്
cancel
camera_altമുസ്തഫിസുർ റഹ്മാൻ, ശക്കിബുൽ ഹസൻ

ദുബൈ: പ്രതിഷേധങ്ങളെ തുടർന്ന് ഐ.പി.എല്ലിൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽനിന്ന് ബംഗ്ലാദേശ് താരം മുസ്തഫിസുർ റഹ്മാനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദം ഇതുവരെ അവസാനിച്ചിട്ടില്ല. ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കു നേരെ അതിക്രമം നടക്കുന്നുവെന്നും അവിടെ നിന്നുള്ള താരങ്ങളെ ഐ.പി.എല്ലിൽ കളിക്കാൻ അനുവദിക്കരുത് എന്നുമായിരുന്നു പ്രതിഷേധക്കാരുടെ വാദം. ബി.സി.സി.ഐ ആവശ്യപ്പെട്ടതിനെ തുടർന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മുസ്തഫിസുറിനെ ടീമിൽനിന്നു റിലീസ് ചെയ്തു. എന്നാൽ ഇന്ത്യൻ ഫ്രാഞ്ചൈസികളുടെ ഉടമസ്ഥതയിൽ വിദേശ ലീഗുകളിൽ കളിക്കുന്ന ബംഗ്ലാ താരങ്ങൾക്ക് വിലക്കില്ലെന്നത് ശ്രദ്ധേയമാണ്.

യു.എ.ഇയിൽ നടക്കുന്ന ഐ.എൽ.ടി20 ലീഗിൽ എം.ഐ എമിറേറ്റ്സ് ടീം, അംബാനിയുടെ സ്വന്തം മുംബൈ ഇന്ത്യൻസിന്‍റെ വിദേശ ഫ്രാഞ്ചൈസിയാണ്. ബംഗ്ലാദേശിന്‍റെ എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായ ശാകിബുൽ ഹസൻ ടീമിനായി കളിക്കുന്നുണ്ട്. സെമിയിൽ എം.ഐ ടീമിനായി തിളങ്ങിയതും ശാക്കിബാണ്. മികച്ച ബൗളിങ് പ്രകടനം പുറത്തെടുത്ത താരം ബാറ്റിങ്ങിലും നിർണായക സ്കോർ അടിച്ചെടുത്തു. ഫൈനലിലും എം.ഐയുടെ ടോപ് സ്കോററായി. മത്സരം എം.ഐ തോറ്റെങ്കിലും അതുവരെയുള്ള കുതിപ്പിൽ ശാക്കിബിന്‍റെ സംഭാവന നിർണായകമായി. ഇംഗ്ലിഷ് താരം സാം കറൻ നയിക്കുന്ന ഡെസേർട്ട് വൈപേഴ്സ് ആണ് ടൂർണമെന്‍റിലെ ജേതാക്കൾ.

എന്തായാലും മത്സര ഫലത്തിനപ്പുറം, ബംഗ്ലാദേശ് താരങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്കിലെ ഇരട്ടത്താപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്. സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ ബി.സി.സി.ഐയുടെ നിലപാടിൽ വിമർശനം ശക്തമാകുകയാണ്. ഷാറുഖ് ഖാന്‍റെ ഉടമസ്ഥതയിലുള്ള ടീമിൽനിന്ന് മുസ്തഫിസുറിനെ പുറത്താക്കുമ്പോൾ, അംബാനിയുടെ ടീമിൽ ബംഗ്ലാ താരത്തെ കളിപ്പിക്കുന്നത് എങ്ങനെയെന്ന് നെറ്റിസൺസ് ചോദിക്കുന്നു. മുമ്പ് എട്ട് ഐ.പി.എൽ സീസണുകളിൽ കളിച്ചിട്ടുള്ള മുസ്തഫിസുറിനെ ടീമിൽനിന്ന് നീക്കാൻ ബി.സി.സി.ഐ ഫ്രാഞ്ചൈസിയോട് ആവശ്യപ്പെട്ടപ്പോൾ അംബാനിയുടെ ടീമിന് അത് ബാധകമല്ലെന്നും പരിഹാസമുയരുന്നുണ്ട്.

പ്രമുഖ മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായിയും നിശിത വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ബംഗ്ലാദേശ് പ്രീമിയർ ലീഗിനുള്ള പ്രൊഡക്ഷൻ ക്രൂ ഏറെയും ഇന്ത്യക്കാരാണെന്നും അവർക്ക് ധാക്കയിൽ വൻ സ്വീകരണമാണ് ലഭിച്ചതെന്നും അദ്ദേഹം എക്സിൽ കുറിച്ചു. മുസ്തഫിസുർ, ഷാറൂഖ് ഖാൻ എന്നിവരും കെ.കെ.ആറും പ്രത്യേക ഉദ്ദേശ്യത്തോടെ ടാർഗറ്റ് ചെയ്യപ്പെടുകയാണെന്നും ഇരട്ടത്താപ്പ് വ്യക്തമാണെന്നും അദ്ദേഹം പറയുന്നു.

മാർച്ചിൽ ആരംഭിക്കുന്ന ഇത്തവണത്തെ ഐ.പി.എലിൽ ഇടംനേടിയ ഏക ബംഗ്ലാദേശ് താരമാണ് ഇടംകൈയൻ പേസറായ മുസ്തഫിസുർ റഹ്മാൻ. ഡിസംബറിൽ നടന്ന മിനി ലേലത്തിൽ 9.2 കോടി രൂപക്കാണ് മുസ്തഫിസുറിനെ കൊൽക്കത്ത ടീം സ്വന്തമാക്കിയത്. പ്രതിഷേധങ്ങൾ ശക്തമായതോടെയാണ് ബി.സി.സി.ഐ അസാധാരണമായി ഇടപെട്ടത്. കൊൽക്കത്തയുടെ സഹഉടമ ഷാറൂഖ് ഖാനെതിരെയും വിമർശനം നീണ്ടു. കൊൽക്കത്തയിൽ ഐ.പി.എൽ മത്സരം തടയുമെന്ന ഭീഷണിയുമുണ്ടായി. ഇക്കാര്യത്തിൽ രാഷ്ട്രീയ സമ്മർദവും ശക്തമായതോടെയാണ് മുസ്തഫിസുറിനെ ടീമിൽനിന്ന് നീക്കാൻ ബി.സി.സി.ഐ ആവശ്യപ്പെട്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BCCImumbai indiansKolkata Knight RidersShakib Al HasanMustafizur Rahman
News Summary - Bangladeshi players removed from IPL, play for Ambani's MI in ILT20
Next Story