‘ബംഗ്ലാദേശ് ഇല്ലെങ്കിൽ ലോകകപ്പിൽ വേറെ ടീമിന് അവസരം നൽകും, തീരുമാനം ഉടൻ പറയണം‘; അന്ത്യശാസനം നൽകി ഐ.സി.സി
text_fieldsബംഗ്ലാദേശ് ക്രിക്കറ്റ് ടീം
ദുബൈ: അടുത്ത മാസം നടക്കാനിരിക്കുന്ന ട്വന്‍റി20 ലോകകപ്പിൽ ബംഗ്ലാദേശ് പങ്കെടുക്കുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി), ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന് (ബി.സി.ബി) അന്ത്യശാസനം നൽകി. ബുധനാഴ്ചക്കകം (ജനുവരി 21) ലോകകപ്പിൽ പങ്കെടുക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം അറിയിക്കണമെന്നാണ് ഐ.സി.സിയുടെ നിർദ്ദേശം. അല്ലാത്തപക്ഷം ബംഗ്ലാദേശിന് പകരം മറ്റൊരു ടീമിനെ ഉൾപ്പെടുത്തുന്ന കാര്യം പരിഗണിക്കേണ്ടി വരുമെന്നും ഐ.സി.സി മുന്നറിയിപ്പ് നൽകി.
ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ വരാനിരിക്കുന്ന സീസണിൽനിന്ന് ബംഗ്ലാദേശ് താരം മുസ്തഫിസുർ റഹ്മാനെ പുറത്താക്കിയതോടെയാണ് ബി.സി.സി.ഐയുമായി ബി.സി.ബി ഉടക്കിയത്. ഐ.പി.എൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (കെ.കെ.ആർ) 9.2 കോടി രൂപയ്ക്കാണ് ബംഗ്ലാ പേസർ മുസ്തഫിസുർ റഹ്മാനെ ടീമിലെടുത്തത്. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ മുസ്തഫിസുർ റഹ്മാനെ ഉൾപ്പെടുത്തിയതിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നു. രാഷ്ട്രീയ സാഹചര്യം പരിഗണിച്ച് മുസ്തഫിസുറിനെ ബി.സി.സി.ഐ നിർദേശപ്രകാരം കെ.കെ.ആർ ഒഴിവാക്കി.
തങ്ങളുടെ താരത്തെ ഐ.പി.എല്ലിൽനിന്ന് ഒഴിവാക്കിയതിലുള്ള അമർഷം ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിൽനിന്ന് പിന്മാറാൻ അവർ ആലോചിച്ചത്. ബംഗ്ലാദേശിന്‍റെ മത്സരങ്ങളുടെ വേദി ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് ബി.സി.ബി ആവശ്യപ്പെട്ടെങ്കിലും ഐ.സി.സി നിരസിച്ചു. ലോകകപ്പ് പോലൊരു വലിയ ടൂർണമെന്റിന്റെ നടത്തിപ്പിനെ ഇത്തരം തീരുമാനങ്ങൾ ബാധിക്കുമെന്നതിനാൽ, വിഷയത്തിൽ കടുത്ത നിലപാടാണ് ഐ.സി.സി സ്വീകരിച്ചിരിക്കുന്നത്. തീരുമാനമെടുക്കാൻ വൈകിയാൽ ബംഗ്ലാദേശിന്റെ സ്ഥാനം മറ്റേതെങ്കിലും ടീമിന് നൽകുമെന്നാണ് പുതിയ മുന്നറിയിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

