ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും ഉയർന്ന സ്കോർ കുറിച്ച് ബംഗ്ലാദേശ്
text_fieldsസിൽഹെറ്റ്: ഷാക്കിബ് അല്‍ ഹസന്‍റെയും തൗഹിദ് ഹ്രിദോയിയുടേയും ബാറ്റിങ്ങിന്റെ കരുത്തില്‍ അയര്‍ലന്‍ഡിന് എതിരായ ആദ്യ ഏകദിനത്തില്‍ കൂറ്റന്‍ സ്കോര്‍ നേടിയിരിക്കുകയാണ് ബംഗ്ലാദേശ്. ടോസ് നഷ്‌ടമായി ആദ്യം ബാറ്റ് ചെയ്ത അവർ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സാണ് നേടിയത്. ഷാക്കിബ് 93 റൺസ് നേടിയപ്പോൾ തൗഹിദ് 92 റണ്‍സെടുത്തു.
അതേസമയം, ഇന്ന് കടുവകൾ കുറിച്ചത് അവരുടെ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്‌കോറാണ്. 2019 ലോകകപ്പിൽ നോട്ടിങ്ഹാമിൽ ആസ്‌ട്രേലിയയ്‌ക്കെതിരെ നേടിയ 333/8 ആയിരുന്നു ബംഗ്ലാദേശിന്റെ മുമ്പത്തെ ഏറ്റവും ഉയർന്ന ഏകദിന സ്‌കോർ.
മത്സരത്തിൽ ബംഗ്ലാദേശ് 183 റൺസിന്റെ കൂറ്റൻ വിജയമാണ് സ്വന്തമാക്കിയത്. മറുപടി ബാറ്റിങ്ങിൽ 30.5 ഓവറിൽ 153 റൺസിന് അയർലൻഡ് കൂടാരം കയറിയിരുന്നു. കടുവകൾക്ക് വേണ്ടി 6.5 ഓവറിൽ 42 റൺസ് വഴങ്ങി ഇബാദത്ത് ഹുസൈൻ നാല് വിക്കറ്റുകളും നസും അഹ്മദ് മൂന്ന് വിക്കറ്റുകളും വീഴ്ത്തി.