‘ഇന്ത്യയിൽ കളിക്കാൻ ഐ.സി.സി അനാവശ്യ സമ്മർദം ചെലുത്തുന്നു’; മറുപടിയുമായി ബംഗ്ലാദേശ്
text_fieldsധാക്ക: അടുത്ത മാസം നടക്കാനിരിക്കുന്ന ട്വന്‍റി20 ലോകകപ്പിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ നൽകിയ അന്ത്യശാസനത്തിന് മറുപടിയുമായി ബംഗ്ലാദേശ് രംഗത്ത്. ഇന്ത്യയിൽ കളിക്കാനായി ബംഗ്ലാദേശിനുമേൽ ഐ.സി.സി അനാവശ്യവും യുക്തിരഹിതവുമായ സമ്മർദം ചെലുത്തുകയാണെന്ന് ബംഗ്ലാദേശ് കായിക ഉപദേഷ്ടാവ് ആസിഫ് നസ്റുൽ ആരോപിച്ചു. ഇന്ത്യയിൽ കളിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ഐ.സി.സി നൽകിയ ജനുവരി 21 എന്ന സമയപരിധി അവസാനിക്കാനിരിക്കെയാണ് ബംഗ്ലാദേശ് നിലപാട് വ്യക്തമാക്കിയത്.
തങ്ങളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഐ.സി.സി നിർദേശത്തിന് വഴങ്ങില്ലെന്നും നസ്റുൽ വ്യക്തമാക്കി. സുരക്ഷാ കാരണങ്ങളും രാഷ്ട്രീയ സാഹചര്യവും പരിഗണിച്ച് തങ്ങളുടെ മത്സരങ്ങൾ ഇന്ത്യയിൽനിന്ന് മാറ്റണമെന്ന് ബംഗ്ലാദേശ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിന് ഉദാഹരണമായി, പാകിസ്താനിൽ കളിക്കാൻ ഇന്ത്യ വിസമ്മതിച്ചപ്പോൾ ഐ.സി.സി വേദികൾ മാറ്റിക്കൊടുത്ത കാര്യം ആസിഫ് നസ്റുൽ ചൂണ്ടിക്കാട്ടി. ബംഗ്ലാദേശിന്റെ കാര്യത്തിലും സമാനമായ നീതി വേണമെന്നാണ് അവരുടെ വാദം.
അതേസമയം സമയപരിധിക്കുള്ളിൽ തീരുമാനമെടുത്തില്ലെങ്കിൽ ബംഗ്ലാദേശിനെ ടൂർണമെന്റിൽനിന്ന് ഒഴിവാക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ബംഗ്ലാദേശ് പിന്മാറുകയാണെങ്കിൽ റാങ്കിങ്ങിൽ മുന്നിലുള്ള സ്കോട്ട്ലൻഡിനെ പകരക്കാരായി ഉൾപ്പെടുത്തിയേക്കും. എന്നാൽ തങ്ങളെ ഒഴിവാക്കുന്നതിനെക്കുറിച്ച് ഐ.സി.സിയിൽനിന്ന് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് നസ്റുൽ പറഞ്ഞു. ഐ.സി.സി ബി.സി.സി.ഐയുടെ താൽപര്യങ്ങൾക്ക് വഴങ്ങുകയാണെന്നും ബംഗ്ലാദേശിന്മേൽ അപ്രായോഗികമായ നിബന്ധനകൾ അടിച്ചേൽപ്പിക്കുകയാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. യുക്തിരഹിതമായ സമ്മർദത്തിന് വഴങ്ങി ഇന്ത്യയിൽ കളിക്കാൻ തങ്ങളെ നിർബന്ധിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫെബ്രുവരി ഏഴിനാണ് ടി20 ലോകകപ്പ് ആരംഭിക്കുന്നത്. നിലവിലെ മത്സരക്രമം അനുസരിച്ച് ഫെബ്രുവരി ഏഴിന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ വെസ്റ്റിൻഡീസിനെതിരെയാണ് ബംഗ്ലാദേശിന്റെ ആദ്യ മത്സരം. ഇറ്റലി, ഇംഗ്ലണ്ട്, നേപ്പാൾ എന്നിവരാണ് ഗ്രൂപ്പ് ഘട്ടത്തിലെ മറ്റ് എതിരാളികൾ. ഇന്ത്യയിൽ കളിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. ഐ.സി.സിയുടെ സമയപരിധി അവസാനിക്കുന്നതോടെ ബംഗ്ലാദേശ് ലോകകപ്പിൽ കളിക്കുമോ അതോ സ്കോട്ട്ലൻഡ് പകരക്കാരായി എത്തുമോ എന്ന കാര്യത്തിൽ വ്യക്തത വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

