ഓസീസിനെ കടപുഴക്കി ബംഗ്ലാദേശ് പേസ് കൊടുങ്കാറ്റ്; ചരിത്രം കുറിച്ച് ഹസൻ മഹ്മൂദ്
text_fieldsഡാർവിൻ (ഓസ്ട്രേലിയ): ആസ്ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ബംഗ്ലാദേശ് പേസർമാരുടെ തീപ്പൊരി പ്രകടനം. പേസ് ആക്രമണത്തിൽ തകർന്നടിഞ്ഞ ഓസീസ് ഒന്നാം ഇന്നിങ്സിൽ 198 റൺസിന് ഓൾ ഔട്ടായി. ആറ് വിക്കറ്റ് വീഴ്ത്തിയ ഹസൻ മഹ്മൂദിന്റെ ചരിത്ര പ്രകടനമാണ് ഓസീസിനെ തകർത്തത്. ആസ്‌ട്രേലിയൻ മണ്ണിൽ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്ന ആദ്യ ബംഗ്ലാദേശ് ബൗളർ എന്ന ചരിത്രനേട്ടവും ഈ ഇരുപത്താറുകാരൻ സ്വന്തമാക്കി.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് തുടക്കം മുതൽ പിഴച്ചു. അർധസെഞ്ചറി നേടിയ സ്റ്റീവ് സ്മിത്താണ് (109 പന്തിൽ 71) അവരെ വലിയ നാണക്കേടിൽനിന്നു രക്ഷിച്ചത്. ഓപ്പണർമാരായ ട്രാവിസ് ഹെഡ് (39 പന്തിൽ 22), ജേക്ക് വെതറാൾഡ് (37 പന്തിൽ 23) എന്നിവർക്കൊഴികെ മറ്റാർക്കും പിടിച്ചുനിൽക്കാനായില്ല. ഹസൻ മഹ്മൂദ് 55 റൺസ് വഴങ്ങിയാണ് ആറ് വിക്കറ്റ് വീഴ്ത്തിയത്. ട്രാവിസ് ഹെഡ്, വെതറാൾഡ്, സ്റ്റീവ് സ്മിത്ത്, പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, നഥാൻ ലിയോൺ എന്നിവരാണ് ഹസന്റെ ഇരകളായത്. ടസ്കിൻ അഹമ്മദ്, എബാദത്ത് ഹുസൈൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി പിന്തുണ നൽകി.
അതേസമയം, പാറ്റ് കമ്മിൻസ്, ജോഷ് ഹെയ്സൽവുഡ്, മിച്ചൽ സ്റ്റാർക്ക്, നഥാൻ ലിയോൺ എന്നിവരുൾപ്പെടുന്ന ഓസ്ട്രേലിയയുടെ ‘ബിഗ് ഫോർ’ ബോളിങ് നിര കുറച്ചു കാലത്തിനു ശേഷം ഒരുമിച്ച് ആദ്യ ഇലവനിൽ ഇറങ്ങുന്ന മത്സരം കൂടിയാണിത്.
അതിനിടെ, ഓസീസ് ബാറ്റർ കാമറൂൺ ഗ്രീനിനെ പുറത്താക്കിയതിന് ശേഷം ബംഗ്ലദേശ് പേസർ ടസ്കിൻ അഹമ്മദ് നടത്തിയ ‘വിചിത്രമായ’ ആഘോഷം സമൂഹമാധ്യമങ്ങളിൽ വൈറലായി. അഞ്ചാമനായി ക്രീസിലെത്തിയ ഗ്രീന് 13 പന്തിൽ നിന്ന് 13 റൺസെടുക്കാനെ സാധിച്ചുള്ളൂ. ആസ്ട്രേലിയൻ ഇന്നിങ്സിന്റെ 22-ാം ഓവറിൽ, ഫുൾ ലെങ്ത് ഡെലിവറി ലെഗ് സൈഡിലേക്ക് ഫ്ലിക് ചെയ്യാനുള്ള ഗ്രീനിന്റെ ശ്രമം പാളി. മിഡ്-വിക്കറ്റിൽ മുഷ്ഫിഖുർ റഹീം പന്ത് കയ്യിലൊതുക്കുകയായിരുന്നു.
വിക്കറ്റ് വീണതിന് പിന്നാലെ ടസ്കിൻ അഹമ്മദ് നാവ് പുറത്തേക്കിട്ട് ചെറിയൊരു നൃത്തം ചെയ്‌താണ് ആഘോഷിച്ചത്. മറ്റുള്ള കളിക്കാരെല്ലാം ക്യാച്ചെടുത്ത റഹീമിനെ അഭിനന്ദിക്കാൻ ഓടിയടുത്തപ്പോഴായിരുന്നു ടസ്കിന്റെ ഈ വേറിട്ട ആഘോഷം. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ അതിവേഗം വൈറലാവുകയും ചെയ്തു.
ഓസ്‌ട്രേലിയൻ മണ്ണിൽ അഞ്ച് വിക്കറ്റ് നേടുന്ന ആദ്യ ബംഗ്ലാദേശിയായ ഹസൻ മഹ്മൂദിന്റെ കരിയറിലെ മൂന്നാമത്തെ അഞ്ച് വിക്കറ്റ് നേട്ടമാണിത്. തന്റെ 15-ാം ടെസ്റ്റ് കളിക്കുന്ന താരം, 2024ലെ ചെന്നൈ ടെസ്റ്റിൽ ഇന്ത്യക്കെതിരെയും അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു.
ഈ വർഷം ജൂണിൽ ഇംഗ്ലീഷ് കൗണ്ടിയിൽ കെന്റ് ക്രിക്കറ്റ് ക്ലബ്ബിനായി കളിച്ച ഹസൻ, വെറും രണ്ട് മത്സരങ്ങളിൽ നിന്ന് 12 വിക്കറ്റുകൾ നേടിയിരുന്നു. ഇതിൽ ലങ്കാഷെയറിനെതിരെ 69 റൺസിന് ആറ് വിക്കറ്റ് നേടിയതാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം.
ചട്ടോഗ്രാമിലെ ലക്ഷ്മിപൂർ സ്വദേശിയായ താരം, ചട്ടോഗ്രാം ഏജ് ഗ്രൂപ്പ് ടീമുകളിലൂടെയാണ് വളർന്നുവന്നത്. 2018ലെ അണ്ടർ-19 ലോകകപ്പിൽ ബംഗ്ലാദേശ് ടീമിലിടം നേടിയ ഹസൻ ആ ടൂർണമെന്റിൽ ഒമ്പത് വിക്കറ്റുകൾ വീഴ്ത്തി ശ്രദ്ധേയനായിരുന്നു. ഇതുവരെ 26 ഏകദിനങ്ങളിലും ടി20 മത്സരങ്ങളിലും താരം ബംഗ്ലാദേശിനായി പന്തെറിഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

