പുതിയ നിർദേശവുമായി ബംഗ്ലാദേശ് ക്രിക്കറ്റ്, ട്വന്‍റി20 ലോകകപ്പിന് ഇന്ത്യയിലേക്കില്ല; ഐ.സി.സി തീരുമാനം എന്താകും?
text_fieldsദുബൈ: അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) പ്രതിനിധികളുമായി നടത്തിയ പുതിയ ചർച്ചയിലും ഇന്ത്യയിൽ ട്വന്‍റി20 ലോകകപ്പ് കളിക്കില്ലെന്ന നിലപാട് ആവർത്തിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബി.സി.ബി). സുരക്ഷ ഭീഷണിയുണ്ടെന്നും ഇന്ത്യയിൽ ട്വന്‍റി20 ലോകകപ്പ് കളിക്കാനില്ലെന്നുമുള്ള തീരുമാനത്തിൽ മാറ്റമില്ലെന്നും ശനിയാഴ്ചത്തെ ചർച്ചയിലും ബംഗ്ലാദേശ് ക്രിക്കറ്റ് അറിയിച്ചു.
ബി.സി.സി.ഐ നിർദേശത്തെ തുടർന്ന് ഐ.പി.എൽ താരം മുസ്തഫിസുർറഹ്മാനുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് കരാർ അവസാനിപ്പിച്ചതിന് പിന്നാലെയായിരുന്നു ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്‍റെ മലക്കംമറിച്ചിൽ. കൊൽക്കത്ത, മുംബൈ എന്നിവിടങ്ങളിലെ തങ്ങളുടെ മത്സരങ്ങൾ ദക്ഷിണേന്ത്യൻ പട്ടണങ്ങളിലേക്കോ ശ്രീലങ്കയിലേക്കോ മറ്റോ മാറ്റണമെന്നാണ് ആവശ്യം. ഇതിനിടെ പുതിയൊരു നിർദേശവും ബംഗ്ലാദേശ് മുന്നോട്ടുവെച്ചു. അയർലൻഡുമായി ഗ്രൂപ്പ് മാറുന്നത് പരിഗണിക്കണമെന്നാണ് അവരുടെ ആവശ്യം. നിലവിൽ ബംഗ്ലാദേശ് ഗ്രൂപ്പ് ബിയിലും അയർലൻഡ് ഗ്രൂപ്പ് സിയിലുമാണ്.
അയർലൻഡിന്‍റെ ഗ്രൂപ്പ് മത്സരങ്ങളെല്ലാം നടക്കുന്നത് ശ്രീലങ്കയിലാണ്. ‘ചർച്ചയിൽ ബംഗ്ലാദേശിന്‍റെ മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന മുൻനിലപാടിൽ ഉറച്ചുനിൽക്കുകയാണ് ബംഗ്ലാദേശ് ചെയ്തത്. ടീമിന്‍റെയും ആരാധകരുടെയും മാധ്യമപ്രവർത്തരുടെയും സുരക്ഷ സംബന്ധിച്ചുള്ള ബംഗ്ലാദേശ് സർക്കാറിന്‍റെ ആശങ്ക യോഗത്തിൽ പങ്കുവെച്ചു. ബംഗ്ലാദേശ് ടീമിന്‍റെ ഗ്രൂപ്പ് മാറ്റത്തിനുള്ള നിർദേശവും മുന്നോട്ടുവെച്ചു’ -ബി.സി.സി പത്രക്കുറിപ്പിൽ അറിയിച്ചു.
ഇന്ത്യൻ പ്രതിനിധി ഇല്ലാതെയാണ് ഐ.സി.സി സംഘം ചർച്ച നടത്താനായി ധാക്കയിലെത്തിയത്. ഐ.സി.സിയുടെ അഴിമതിവിരുദ്ധ, സുരക്ഷ വിഭാഗം മേധാവി ആൻഡ്രൂ എപ്ഗ്രേവിനൊപ്പം ധാക്കയിലേക്ക് പോകാനിരുന്ന ഇന്ത്യക്കാരനായ ഗൗരവ് സക്സേനക്ക് വിസ ലഭിച്ചിരുന്നില്ല. അടുത്ത മാസം ഇന്ത്യയും ശ്രീലങ്കയും സംയുക്തമായാണ് ലോകകപ്പിന് വേദിയാകുന്നത്. ടൂർണമെന്‍റിന്‍റെ മത്സരക്രമങ്ങൾ നേരത്തെ പ്രഖ്യാപിച്ചതിനാൽ സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി തീരുമാനം പുനപരിശോധിക്കാൻ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനോട് ഐ.സി.സി ആവശ്യപ്പെട്ടിരുന്നു.
ട്വന്‍റി20 ലോകകപ്പിലേക്ക് ഇനി മൂന്നാഴ്ച മാത്രമാണുള്ളത്. ബംഗ്ലാദേശ് തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണെങ്കിൽ കടുത്ത നടപടി ഉൾപ്പെടെ ഐ.സി.സി ആലോചിക്കുന്നുണ്ട്. നിലവിലെ ഷെഡ്യൂൾ പ്രകാരം ഗ്രൂപ് ‘സി’യിൽ ഫെബ്രുവരി 17ന് നേപ്പാളിനെതിരെ വാംഖഡെ മൈതാനത്താണ് ബംഗ്ലാദേശിന്റെ ആദ്യ മത്സരം. അതേസമയം, ഗ്രൂപ്പ് മാറ്റില്ലെന്ന ഉറപ്പ് തങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്നും ടീമിന്‍റെ ഗ്രൂപ്പ് മത്സരങ്ങളെല്ലാം ശ്രീലങ്കയിൽ തന്നെ നടക്കുമെന്നും ക്രിക്കറ്റ് അയർലൻഡ് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

