പുതിയ ട്വിസ്റ്റ്! ട്വന്‍റി20 ലോകകപ്പിൽ പാകിസ്താൻ പിന്മാറിയാൽ ‘പുറത്താക്കിയ’ ബംഗ്ലാദേശിനെ കളിപ്പിക്കാൻ നീക്കം
text_fieldsദുബൈ: ട്വന്‍റി20 ലോകകപ്പ് വേദി മാറ്റത്തിൽ പുതിയ ട്വിസ്റ്റ്! ടൂർണമെന്‍റിൽനിന്ന് പാകിസ്താൻ പിന്മാറുകയാണെങ്കിൽ പകരം ബംഗ്ലാദേശിനെ കളിപ്പിക്കാനുള്ള നീക്കം നടക്കുന്നതായി റിപ്പോർട്ട്.
ഇന്ത്യയിൽ സുരക്ഷ ഭീഷണിയുണ്ടെന്നും മത്സര വേദി മാറ്റണമെന്നും ആവശ്യപ്പെട്ട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബി.സി.ബി) രംഗത്തുവന്നതോടെയാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. വേദി മാറ്റില്ലെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലും ഇന്ത്യയിലേക്കില്ലെന്ന നിലപാടിൽ ബംഗ്ലാദേശും ഉറച്ചുനിന്നു. ഇതോടെയാണ് ടൂർണമെന്‍റിൽനിന്ന് ബംഗ്ലാദേശിനെ പുറത്താക്കി പകരം സ്കോട്ട്ലൻഡിനെ ഉൾപ്പെടുത്തിയത്.
ഇതിനിടെ ബംഗ്ലാദേശിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ടൂർണമെന്‍റിൽനിന്ന് പാകിസ്താനും പിന്മാറുമെന്ന തരത്തിൽ റിപ്പേർട്ടുകൾ പുറത്തുവന്നു. വിഷയത്തിൽ അന്തിമതീരുമാനം ഒരാഴ്ചക്കുള്ളിൽ പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് കൈക്കൊള്ളുമെന്നാണ് പി.സി.ബി അധ്യക്ഷൻ മുഹ്സിൻ നഖ്വി അറിയിച്ചത്. പാകിസ്താൻ കൂടി ടൂർണമെന്‍റിൽനിന്ന് പിന്മാറുന്നത് ഐ.സി.സിക്ക് സാമ്പത്തികമായി വലിയ തിരിച്ചടിയാകും. ഇതിനിടെയാണ് പാകിസ്താൻ പിന്മാറിയാൽ പകരം ബംഗ്ലാദേശിനെ കളിപ്പിക്കാനുള്ള നീക്കം നടക്കുന്നുവെന്ന താരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നത്.
ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രതികരണമൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. ഫെബ്രുവരി ഏഴിന് ആരംഭിക്കുന്ന ടൂർണമെന്‍റിന് ഇന്ത്യയും ശ്രീലങ്കയും സംയുക്തമായാണ് വേദിയാകുന്നത്. മുൻധാരണ പ്രകാരം പാകിസ്താന്‍റെ മത്സരങ്ങളെല്ലാം നിശ്ചയിച്ചിരിക്കുന്നത് ശ്രീലങ്കയിലാണ്. പാകിസ്താൻ പിന്മാറുകയാണെങ്കിൽ ബംഗ്ലാദേശിനെ ഉൾപ്പെടുത്തി, അവരുടെ മത്സരങ്ങൾ ലങ്കയിൽ നടത്താനാകുമെന്ന കണക്കുകൂട്ടലിലാണ് ഐ.സി.സി. ഇന്ത്യയിൽ കളിക്കാനാകില്ലെന്നും തങ്ങളുടെ മത്സരങ്ങൾ ലങ്കയിലേക്ക് മാറ്റണമെന്നുമാണ് തുടക്കം മുതലേ ബംഗ്ലാദേശ് ആവശ്യപ്പെട്ടിരുന്നത്.
എന്നാൽ, സമയക്രമം നേരത്തെ നിശ്ചയിച്ചതാണെന്നും ഇന്ത്യയിൽ തന്നെ കളിക്കണമെന്നും ആവർത്തിക്കുകയണ് ഐ.സി.സി ചെയ്തത്.
ബംഗ്ലാദേശിന്‍റെ വേദിമാറ്റ ആവശ്യം തള്ളിയ ഐ.സി.സിക്കെതിരെ പി.സി.ബി അധ്യക്ഷൻ പരസ്യമായി രംഗത്തുവന്നിരുന്നു. ബംഗ്ലാദേശിനെ ഒഴിവാക്കിയത് നീതീകരിക്കാനാകില്ലെന്നും ഐ.സി.സിക്ക് ഇരട്ടത്താപ്പാണെന്നും മുഹ്സിൻ നഖ്വി കുറ്റപ്പെടുത്തിയിരുന്നു. അതേസമയം, പാകിസ്താൻ ബഹിഷ്കരിക്കുന്ന പക്ഷം ഒരു തവണ പുറത്താക്കിയ ബംഗ്ലാദേശിനെ വീണ്ടും പങ്കെടുപ്പിക്കാനുള്ള നീക്കം എത്രത്തോളം വിജയിക്കുമെന്നത് കണ്ടറിയണം.
തങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് പിന്മാറുന്ന പാകിസ്താനെ പിണക്കാൻ ബംഗ്ലാദേശ് തയാറാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ബംഗ്ലാദേശ് നിരസിച്ചാൽ ഐ.സി.സിക്ക് മുന്നിലുള്ള അടുത്ത ടീം ഉഗാണ്ടയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

