എട്ട് വർഷത്തിനിടെ ഓസീസിനെതിരെ പാകിസ്താന് ടി20 വിജയം; എന്നിട്ടും ട്രോൾ ഏറ്റുവാങ്ങി ബാബർ
text_fieldsലാഹോർ: ട്വന്‍റി20 ലോകകപ്പിന് മുന്നോടിയായി ആസ്ട്രേലിയക്കെതിരെ നടക്കുന്ന പരമ്പയിലെ ആദ്യ മത്സരത്തിൽ പാകിസ്താന് 22 റൺസിന്‍റെ ജയം. സയിം അയൂബിന്‍റെ ഓൾറൗണ്ട് മികവിലാണ് ട്വന്‍റി20യിൽ എട്ടുവർഷത്തിനു ശേഷം ഓസീസിനെതിരെ പാകിസ്താൻ ജയം സ്വന്തമാക്കിയത്. അയൂബിനു പുറമെ സ്പിന്നർമാരായ അബ്രാർ അഹ്മദും ശദാബ് ഖാനും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ആദ്യം ബാറ്റുചെയ്ത പാകിസ്താൻ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 168 റൺസ് നേടിയപ്പോൾ ആസ്ട്രേലിയയുടെ മറുപടി എട്ടിന് 146 എന്ന നിലയിൽ അവസാനിച്ചു.
കളി പാകിസ്താൻ ജയിച്ചെങ്കിലും അവരുടെ മുൻ ക്യാപ്റ്റൻ കൂടിയായ ബാബർ അസമിന് തിളങ്ങാൻ കഴിയാതെ പോയതോടെ സോഷ്യൽ മീഡിയയിൽ വലിയ ട്രോളാണ് ഉയരുന്നത്. മത്സരത്തിൽ 20 പന്തിൽ 24 റൺസ് മാത്രമാണ് ബാബറിന് നേടാനായത്. ആദം സാംപയുടെ പന്തിൽ റിവേഴ്സ് സ്വീപ്പിന് ശ്രമിച്ച താരം ക്ലീൻ ബൗൾഡാവുകയായിരുന്നു.
ലോകകപ്പ് പോലൊരു വലിയ ടൂർണമെന്റ് അടുത്തിരിക്കെ ബാബറിന്റെ ബാറ്റിങ് ശൈലിയെ ആരാധകർ ചോദ്യം ചെയ്യുന്നു. അടുത്തിടെ സമാപിച്ച ബിഗ് ബാഷ് ലീഗിലും ബാബർ നിരാശാജനകമായ പ്രകടനമാണ് കാഴ്ചവെച്ചത്. 11 മത്സരങ്ങളിൽ 202 റൺസ് മാത്രമാണ് താരം നേടിയത്. സ്ട്രൈക്ക് റേറ്റ് (103) വളരെ കുറവാണെന്നതും ആരാധകരെ ചൊടിപ്പിക്കുന്നു. ബാബർ അസമിന് എന്ത് പറ്റി?, ബാബറിന്റെ ശൈലിയല്ല ഇത് എന്നിങ്ങനെ നിരവധി കമന്റുകളാണ് സമൂഹമാധ്യമങ്ങളിൽ വരുന്നത്. ലോകകപ്പ് ടീമിൽ അദ്ദേഹത്തെ ഉൾപ്പെടുത്തിയതിനെതിരെയും വിമർശനങ്ങൾ ഉയരുന്നുണ്ട്.
ബാറ്റിങ്ങിൽ പരാജയപ്പെട്ടെങ്കിലും, ഫീൽഡിങ്ങിനിടെ മൂന്ന് ക്യാച്ചുകൾ എടുത്ത് താരം ശ്രദ്ധ നേടി. ബാബറിനൊപ്പം മുഹമ്മദ് റിസ്‌വാനും ഷഹീൻ ഷാ അഫ്രീദിയും ബിഗ് ബാഷ് ലീഗിൽ മോശം ഫോമിലായിരുന്നു. ലോകകപ്പിന് മുന്നോടിയായി പ്രധാന താരങ്ങളുടെ ഫോമില്ലായ്മ പാകിസ്താൻ ടീമിന് വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

