'എന്റെ പ്രകടനത്തിൽ എനിക്ക് ആശങ്കയില്ല, ലോകകപ്പുമായി മടങ്ങുകയാണ് ലക്ഷ്യം'-ബാബർ അസം
text_fieldsന്യൂഡൽഹി: പാകിസ്താൻ ടീമിലെ ഭൂരിഭാഗം കളിക്കാരും ഇന്ത്യയിൽ കളിച്ചിട്ടില്ലെങ്കിലും അക്കാര്യത്തിൽ ടീമിന് ഒരു സമ്മർദ്ദവുമില്ലെന്ന് പാക് നായകൻ ബാബർ അസം പറഞ്ഞു. തന്റെ പ്രകടനത്തിൽ ആശങ്കയില്ലെന്നും ടീമിന് യോജിച്ച പ്രകടനം കാഴ്ചവെക്കാൻ എന്നും ശ്രമിച്ചിട്ടുണ്ടെന്നും ഇത്തവണ ലോകകീരീടവുമായ മടങ്ങാനാവുമെന്നാണ് പ്രതീക്ഷയെന്നും ബാബർ പറഞ്ഞു. ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് മുൻപ് ലാഹോറിൽ ചേർന്ന വാർത്ത സമ്മേളനത്തിലാണ് പാക് നായകന്റെ വിശദീകരണം.
"ഞങ്ങൾ മുമ്പ് ഇന്ത്യയിൽ കളിച്ചിട്ടില്ലെങ്കിലും, അതിന്റെ സമ്മർദ്ദമൊന്നും അലട്ടുന്നില്ല. സാഹചര്യങ്ങളെ കുറിച്ച് വിശദമായി പഠിച്ചിണ്ടുണ്ട്, മറ്റ് ഏഷ്യൻ രാജ്യങ്ങളിൽ എങ്ങനെ കളിക്കുന്നുവോ അതിന് സമാനമാണെന്നാണ് ഞങ്ങൾ കേട്ടത്". ബാബർ അസം പറഞ്ഞു. ബുധനാഴ്ചയാണ് പാക് ടീം ഇന്ത്യയിലെത്തുന്നത്. ദുബൈ വഴി ഹൈദരാബാദിലായിരിക്കും ടീം ഇറങ്ങുക. മുഹമ്മദ് നവാസിനും ആഘ സൽമാനും മാത്രമാണ് ഇന്ത്യയിൽ കളിച്ചതിന്റെ മുൻ പരിചയം ഉള്ളത്.
"ഇത്തവണ ക്യാപ്റ്റൻ എന്ന നിലയിൽ യാത്ര ചെയ്യുന്നത് എനിക്ക് അഭിമാനകരമാണ്, ഇത്തവണ ഒരു ട്രോഫിയുമായി ഞങ്ങൾ തിരിച്ചെത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു." ബാബർ പറഞ്ഞു.
പരിക്കേറ്റ പേസർ നസീം ഷായുടെ സേവനം ടീമിന് നഷ്ടമാകുമെന്ന് ബാബർ സൂചിപ്പിച്ചു.
രണ്ട് പ്രധാന ഏഷ്യാ കപ്പ് മത്സരങ്ങളിൽ പാകിസ്താന്റെ പ്രകടനം "മികച്ചതല്ല" എന്ന് ക്യാപ്റ്റൻ സമ്മതിച്ചു. എന്നിരുന്നാലും, ടീം അവരുടെ തെറ്റുകളിൽ നിന്ന് പാഠം പഠിച്ചുവെന്നും ലോകകപ്പിൽ മികച്ചത് നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബർ 14-ന് ഇന്ത്യയുമായുള്ള മത്സരത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ബാബർ പറഞ്ഞു: “ ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞ കാണികൾക്ക് മുൻപിൽ ഇന്ത്യയുമായി കളിക്കുന്നതിന്റെ ആവേശത്തിലാണ്".