‘ബാബർ അസം ഫ്രോഡ്, പാകിസ്താൻ ടീമിനെക്കുറിച്ച് സംസാരിക്കാൻ തന്നെ താൽപര്യമില്ല’; വിമർശനവുമായി അക്തർ
text_fieldsബാബർ അസം, ശുഐബ് അക്തർ
ദുബൈ: ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്താൻ ഇന്ത്യക്കെതിരെ തോറ്റതിനു പിന്നാലെ ബാബർ അസമിനെതിരെ രൂക്ഷ വിമർശനവുമായി മുൻ താരം ശുഐബ് അക്തർ രംഗത്ത്. ബാബർ ഫ്രോഡാണെന്നും അദ്ദേഹത്തിന്‍റെ ചിന്താരീതി ശരിയല്ലെന്നും എക്സിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ അക്തർ പറഞ്ഞു. ഇപ്പോഴത്തെ പാകിസ്താൻ ടീമിനെക്കുറിച്ച് സംസാരിക്കാൻ തന്നെ താൽപര്യമില്ല. 2001 മുതൽ ടീമിന്‍റെ അപചയം കാണുകയാണ്. ഇന്ത്യയുടെ പ്രകടനം വളരെ മികച്ചതാണെന്ന് പറഞ്ഞ അക്തർ സെഞ്ച്വറി നേടിയ വിരാട് കോഹ്ലിയെ അഭിനന്ദിക്കുകയും ചെയ്തു.
“നമ്മൾ എപ്പോഴും ബാബർ അസമിനെ വിരാട് കോഹ്ലിയുമായി താരതമ്യം ചെയ്യും. വിരാട് കോഹ്ലിയുടെ ഹീറോ സചിൻ തെണ്ടുൽക്കറാണ്. സചിൻ 100 സെഞ്ച്വറികൾ നേടി. വിരാട് ആ പാരമ്പര്യം പിന്തുരുകയാണ്. ആരാണ് ബാബറിന്‍റെ ഹീറോ? അങ്ങനെ ആരെങ്കിലുമുണ്ടോ? തെറ്റായ ഹീറോയെ ആണ് ബാബർ തെരഞ്ഞെടുത്തത്. ബാബറിന്‍റെ ചിന്താരീതി ശരിയല്ല. തുടക്കം മുതൽ ഫ്രോഡാണയാൾ.
പാകിസ്താൻ ക്രിക്കറ്റ് ടീമിനെ കുറിച്ച് സംസാരിക്കാൻ തന്നെ എനിക്ക് താൽപര്യമില്ല. പണം കിട്ടുന്നതുകൊണ്ടുമാത്രമാണ് ഇപ്പോൾ പറയുന്നത്. ഇത് ശരിക്കും സമയം പാഴാക്കലാണ്. 2001 മുതൽ പാകിസ്താൻ ടീമിന്‍റെ അപചയം കാണുകയാണ്. എല്ലാ ക്യാപ്റ്റൻമാരോടും ഞാൻ വ്യക്തിപരമായി സംസാരിച്ചിട്ടുണ്ട്.
ഇന്ത്യയുടെ പ്രകടനം വളരെ മികച്ചതാണ്. മുമ്പും നമ്മളത് കണ്ടിട്ടുണ്ട്. പാകിസ്താനെതിരെ കോഹ്ലി എല്ലായ്പ്പോഴും മികച്ച പ്രകടനമാണ് പുറത്തെടുക്കാറുള്ളത്. ഇത്തവണയും സെഞ്ച്വറി നേടി. അദ്ദേഹം ഒരു സൂപ്പർ സ്റ്റാറാണ്. ആധുനിക ക്രിക്കറ്റിലെ മഹാനാണെന്നതിൽ സംശയമില്ല. അദ്ദേഹം എല്ലാ പ്രശംസയും അർഹിക്കുന്നു.
ഇന്ത്യക്കെതിരായ മത്സരത്തിൽ എന്ത് സംഭവിക്കുമെന്ന് നേരത്തെ അറിയാവുന്നതുകൊണ്ട് എനിക്ക് പാകിസ്താന്‍റെ തോൽവിയിൽ നിരാശയില്ല. എല്ലാ ടീമും ആറ് ബൗളർമാരുമായിറങ്ങുമ്പോൾ പാകിസ്താന് അഞ്ച് ബൗളർമാരാണുള്ളത്. രണ്ട് ഓൾറൗണ്ടർമാരെയെങ്കിലും ടീമിൽ ഉൾപ്പെടുത്തണമായിരുന്നു. എന്നാൽ മാനേജ്മെന്‍റ് യുക്തിരഹിതമായ തീരുമാനം സ്വീകരിക്കുകയായിരുന്നു ”-അക്തർ പറഞ്ഞു.
അതേസമയം ഇന്ത്യക്കെതിരായ മത്സരത്തിൽ ബാബർ അസം 23 റൺസാണെടുത്തത്. സൗദ് ഷക്കീൽ (62), മുഹമ്മദ് റിസ്വാൻ (46) എന്നിവർ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. 49.4 ഓവറിൽ 241 റൺസിന് പാകിസ്താൻ ഓൾഔട്ടായി. മറുപടി ബാറ്റിങ്ങിൽ കോഹ്ലിയുടെ (100*) അപരാജിത സെഞ്ച്വറിയുടെ കരുത്തിൽ ആറ് വിക്കറ്റ് വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ശ്രേയസ് അയ്യർ (56) അർധ സെഞ്ച്വറി സ്വന്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

