വമ്പനടികളുമായി അക്സർ പട്ടേൽ സ്വന്തമാക്കിയത് ഒരുപിടി റെക്കോഡുകൾ
text_fieldsപുണെ: ശ്രീലങ്കക്കെതിരായ രണ്ടാം ട്വന്‍റി20യിൽ അക്സർ പട്ടേലിന്‍റെ മാസ്മരിക ഇന്നിങ്സിനും ഇന്ത്യയെ രക്ഷിക്കാനായില്ല. ആദ്യം ബാറ്റ് ചെയ്ത ലങ്ക നേടിയ ആറ് വിക്കറ്റിന് 206 റൺസെന്ന കൂറ്റൻ സ്കോർ പിന്തുടർന്ന ഇന്ത്യയുടെ പോരാട്ടം 20 ഓവറിൽ എട്ട് വിക്കറ്റിന് 190ൽ അവസാനിച്ചു. 16 റൺസിന്‍റെ തോൽവി.
മുൻനിര ചീട്ടുകൊട്ടാരം പോലെ തകർന്നപ്പോൾ അക്സർ പട്ടേലും സൂര്യകുമാർ യാദവും ആഞ്ഞടിച്ചത് ആതിഥേയർക്ക് പ്രതീക്ഷ നൽകിയിരുന്നു. അഞ്ചിന് 57 എന്ന നിലയിൽ നിൽക്കെയാണ് ഇരുവരും ക്രീസിൽ ഒന്നിക്കുന്നത്. ആറാം വിക്കറ്റിൽ 91 റൺസാണ് അടിച്ചെടുത്തത്. ഡൽഹി കാപിറ്റൽസിന്‍റെ ഓൾറൗണ്ടറായ പട്ടേൽ 31 പന്തിൽ നേടിയത് 65 റൺസ്. ആറു സിക്സും മൂന്നു ഫോറും ഉൾപ്പെടുന്നതാണ് ഇന്നിങ്സ്. ഏഴാം നമ്പറിൽ ബാറ്റിങ്ങിനിറങ്ങി ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണ് മത്സരത്തിൽ താരം കുറിച്ചത്. 2020ൽ രവീന്ദ്ര ജദേജ നേടിയ 44 റൺസ് എന്ന റെക്കോഡാണ് താരം മറികടന്നത്.
20 പന്തിലാണ് പട്ടേൽ അർധ സെഞ്ച്വറി നേടിയത്. ഒരു ഇന്ത്യൻ താരത്തിന്‍റെ ഏറ്റവും വേഗതയേറിയ അഞ്ചാമത്തെ അർധ സെഞ്ച്വറിയാണിത്. യുവരാജ് സിങ്ങും 20 പന്തിൽ അർധ സെഞ്ച്വറി നേടിയിരുന്നു. ലങ്കക്കെതിരെ ഒരു ഇന്ത്യൻ താരം നേടുന്ന രണ്ടാമത്തെ അതിവേഗ അർധ സെഞ്ച്വറി കൂടിയാണിത്. 2009ൽ 19 പന്തിൽ അർധ സെഞ്ച്വറി നേടിയ ഗൗതം ഗംഭീറാണ് മുന്നിലുള്ളത്. കൂടാതെ, മത്സരത്തിൽ വാനിന്ദു ഹസരംഗയുടെ ഒരു ഓവറിൽ തുടരെ മൂന്നു പന്തുകൾ അക്സർ സിക്സർ പറത്തുകയും ചെയ്തു.
മനോഹരമായ ഒരു സിക്സിലൂടെയാണ് താരം അർധ സെഞ്ച്വറി നേടിയതും. നേരത്തെ, ലങ്കയുടെ നിർണായക രണ്ടു വിക്കറ്റുകൾ വീഴ്ത്തി ബൗളിങ്ങിലും താരം തിളങ്ങിയിരുന്നു. മത്സരശേഷം ലങ്കൻ നായകൻ ഷനക അക്സറിനെയും സൂര്യകുമാർ യാദവിനെയും വാനോളം പുകഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

