അക്സറിന്‍റെ ഹാട്രിക് വിക്കറ്റ് കൈവിട്ട് രോഹിത്; ഗ്രൗണ്ടിൽ ആഞ്ഞടിച്ച് രോഷപ്രകടനം, തൊഴുത് ഖേദപ്രകടനവും -വിഡിയോ വൈറൽ
text_fieldsദുബൈ: ചാമ്പ്യൻസ് ട്രോഫിയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയുടെ തകർപ്പൻ ബൗളിങ്ങാണ് അയൽക്കാരായ ബംഗ്ലാദേശിനെ ചെറിയ സ്കോറിൽ ഒതുക്കിയത്. ജസ്പ്രീത് ബുംറയുടെ അഭാവത്തിൽ ബൗളിങ്ങിനെ മുന്നിൽനിന്ന് നയിച്ച മുഹമ്മദ് ഷമി അഞ്ചു വിക്കറ്റുമായി തിളങ്ങി. ഹർഷിത് റാണ മൂന്നും അക്സർ പട്ടേൽ രണ്ടും വിക്കറ്റുകൾ വീതം വീഴ്ത്തി.
ചാമ്പ്യൻസ് ട്രോഫി ചരിത്രത്തിൽ ഹാട്രിക് നേടുന്ന ആദ്യ സ്പിന്നറാകാനുള്ള അക്സർ പട്ടേലിന്‍റെ അവസരം നായകൻ രോഹിത് ശർമ നഷ്ടപ്പെടുത്തുന്നതിനും മത്സരം സാക്ഷിയായി. ബംഗ്ലാദേശ് ഇന്നിങ്സിലെ ഒമ്പതാം ഓവറിലാണ് സംഭവം. രണ്ടാം പന്തിൽ 25 പന്തിൽ 25 റൺസെടുത്ത ഓപ്പണർ തൻസീദ് ഹസൻ പുറത്ത്. ബംഗ്ലാദേശ് താരത്തിന്റെ ബാറ്റിൽ എഡ്ജായ പന്ത് രാഹുൽ പിടിച്ചെടുത്തു. അമ്പയർ ആദ്യം ഔട്ട് അനുവദിച്ചില്ലെങ്കിലും ഇന്ത്യൻ താരങ്ങൾ അപ്പീൽ തുടർന്നതോടെ വിക്കറ്റ് നൽകി. തൊട്ടടുത്ത പന്തിൽ മുഷ്ഫിഖർ റഹീമും സമാന രീതിയിൽ ഗോൾഡൻ ഡക്കായി.
ഹാട്രിക്ക് ലക്ഷ്യമിട്ട് എറിഞ്ഞ നാലാം പന്ത് ജേക്കര്‍ അലിയുടെ ബാറ്റിൽ തട്ടി നേരെ സ്ലിപ്പിൽ നിൽക്കുകയായിരുന്നു രോഹിത് ശർമയുടെ കൈകളിലേക്ക്. അനായാസ ക്യാച്ച് നായകൻ കൈവിട്ടു! ഒരു ഘട്ടത്തിൽ പന്ത് രോഹിത് പിടിച്ചെടുത്തെന്നു തോന്നിപ്പിക്കുകയും രാഹുൽ ഉൾപ്പെടെയുള്ള താരങ്ങൾ ആഘോഷം തുടങ്ങുകയും ചെയ്തിരുന്നു. ഇതിനിടെയാണ് രോഹിത്തിന്‍റെ കൈയിൽ തട്ടി പന്ത് താഴേക്കു വീണത്. അക്സറിന്‍റെ മുഖത്ത് നിരാശ, തലയിൽ കൈകൾ വെച്ച് വിശ്വസിക്കാനാകാതെ താരം അൽപനേരം നിന്നു. ക്യാച്ച് നഷ്ടപ്പെടുത്തിയതിലെ രോഷം ഗ്രൗണ്ടിൽ കൈകൊണ്ട് ആഞ്ഞടിച്ചാണ് രോഹിത് തീർത്തത്. പിന്നാലെ അക്സറിനെ തൊഴുത് ഖേദപ്രകടനം നടത്തി. ഇതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
മത്സരത്തിൽ ജേക്കർ അലി അർധ സെഞ്ച്വറി നേടിയാണ് പുറത്തായത്. 114 പന്തുകളിൽ 68 റൺസാണു താരത്തിന്‍റെ സമ്പാദ്യം. ആറാം വിക്കറ്റിൽ തൗഹിദ് ഹൃദോയിക്കൊപ്പം ചേർന്ന് പടുത്തുയർത്തിയ സെഞ്ച്വറി കൂട്ടുകെട്ടാണ് ബംഗ്ലാദേശിനെ തകർച്ചയിൽനിന്ന് കരകയറ്റിയത്.
ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശ് 49.4 ഓവറിൽ 228 റൺസെടുത്താണ് ഓൾ ഔട്ടായത്. തൗഹിദ് ഹൃദോയി സെഞ്ച്വറി നേടി. 118 പന്തിൽ 100 റൺസെടുത്താണ് താരം പുറത്തായത്. ഒരുഘട്ടത്തിൽ അഞ്ച് വിക്കറ്റിന് 35 റൺസ് എന്ന മോശം അവസ്ഥയിലായിരുന്ന ബംഗ്ലാദേശ് 100 റൺസ് തികക്കുകമോ എന്നുവരെ ആശങ്കപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

