എനിക്ക് സ്റ്റാർക്ക് ആകേണ്ടതില്ല! സ്കോർബോർഡ് നോക്കി പന്തെറിയില്ല; മത്സരശേഷം കളിയിലെ താരം ആവേശ് ഖാൻ
text_fieldsകഴിഞ്ഞ ദിവസം ഐ.പി.എല്ലിൽ നടന്ന ആവേശപ്പോരിൽ രാജസ്ഥാൻ റോയൽസിനെ ലഖ്നോ സൂപ്പർജയന്‍റ്സ് തോൽപ്പിച്ചിരുന്നു. അവസാന ഓവർ വരെ നീണ്ടുനിന്ന ആവേശപ്പോരിൽ രണ്ട് റൺസിനായിരുന്നു ലഖ്നോവിന്‍റെ വിജയം. ആവേശകരമായ മത്സരത്തിൽ ആവേശ് ഖാനാണ് റോയൽസിനെ കയ്യിൽ നിന്നും വിജയം തട്ടിയെടുത്തത്.
നാല് ഓവറിൽ 37 റൺസിന് മൂന്ന് വിക്കറ്റാണ് ആവേശ് ഖാൻ നേടിയത്. ലഖ്നോവിന്‍റെ ബാറ്റിങ്ങിന്‍റെ 18ാം ഓവറിൽ വെറും അഞ്ച് റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റാണ് അദ്ദേഹം നേടിയെടുത്തത്. മത്സരത്തിന്‍റെ അവസാന ഓവറിൽ ഒമ്പത് റൺസ് മാത്രം വിജയിക്കാൻ വേണ്ടപ്പോൾ രാജസ്ഥാന്‍റെ ഷിമ്രോൺ ഹെറ്റ്മെയറിനെ പുറത്താക്കിയ ആവേശ് ഖാൻ ആറ് റൺസ് മാത്രമാണ് വിട്ടുനൽകിയത്. മത്സര ശേഷം കഴിഞ്ഞ ദിവസം രാജസ്ഥാനെതിരെ മിച്ചൽ സ്റ്റാർക്ക് അവസാന ഓവറിൽ ഒമ്പത് റൺസ് പ്രതിരോധിച്ചത് സ്വാധീനിച്ചൊവെന്നം ആവേശിനോട് ബ്രോഡ്കാസ്റ്റർ ചോദിച്ചിരുന്നു. എന്നാൽ ഇതിന് മറുപടിയായി ആവേശ് പറയുന്നത് തനിക്ക് ഒരിക്കലും സ്റ്റാർക്ക് ആവേണ്ടതില്ലെന്നും ആവേശ് ഖാനിന്‍റെ തന്നെ കുറച്ചുകൂടെ നല്ല വെർഷൻ ആയാൽ മതിയെന്നാണ്.
"എനിക്ക് മിച്ചൽ സ്റ്റാർക്ക് ആകാൻ ആഗ്രഹമില്ല, നല്ലൊരു ആവേശ് ഖാൻ ആയാൽ മതി. ഞാൻ എറിയുന്ന ഓരോ പന്തിനും അതിന്‍റേതായ് മികവ് പുലർത്താൻ ഞാൻ എപ്പോഴും ശ്രമിക്കാറുണ്ട്, എന്റെ ശക്തിക്ക് സാധിക്കുന്ന യോർക്കറുകളും ഞാൻ എറിയുന്നു. പന്തെറിയുന്നതിന് വേണ്ടി 10 സെക്കൻഡ് അധികമെടുക്കുന്നത് നല്ലതാണെന്ന് ഞാൻ എപ്പോഴും കരുതുന്നതാണ്. മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ അത് എന്നെ സഹായിക്കും.
ഞാൻ ഒരിക്കലും സ്കോർബോർഡ് നോക്കി പന്തെറിയാറില്ല. എന്റെ പ്രകടനത്തിൽ മാത്രമാണ് ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഒമ്പത് റൺസ് പ്രതിരോധിക്കണമെന്ന് വ്യക്തമായപ്പോൾ, ആദ്യ മൂന്ന് പന്തുകളിൽ അവർ ഒരു ബൗണ്ടറി പോലും നേടിയില്ലെങ്കിൽ കളി നമ്മുടെ വഴിക്ക് മാറുമെന്നും ബാറ്റർമാർ സമ്മർദ്ദത്തിലാകുമെന്നും എനിക്കറിയാമായിരുന്നു," അവേഷ് പറഞ്ഞു.
ലഖ്നോ ഉയർത്തിയ 181 റൺസെന്ന വിജയലക്ഷ്യത്തിലേക്ക് പ്രയാസംകൂടാതെ നീങ്ങുകയായിരുന്നു രാജസ്ഥാൻ. അവസാന 18 പന്തിൽ രാജസ്ഥാന് വേണ്ടിയിരുന്നത് വെറും 25 റൺസ്. കയ്യിലുള്ളത് എട്ടു വിക്കറ്റുകൾ. ക്രീസിൽ മികച്ച ഫോമിലുള്ള യാശ്വസി ജയ്‌സ്വാളും റിയാൻ പരാഗും. ലഖ്നോ പരാജയം ഏറെക്കുറെ ഉറപ്പിച്ച നിമിഷങ്ങൾ. എന്നാൽ, അവിടുന്നങ്ങോട്ട് കളി മാറുകയായിരുന്നു.
18-ാം ഓവറിലെ ആദ്യ പന്തിൽ ആവേശ് ഖാൻ ജയ്‌സ്വാളിൻ്റെ കുറ്റി തെറിപ്പിച്ചു. അവിടുന്നങ്ങോട്ട് രാജസ്ഥാന്റെ പതനം തുടങ്ങി. ആ ഓവറിലെ അവസാന പന്തിൽ ഇന്നലത്തെ ക്യാപ്റ്റൻ റിയാൻ പരാഗിനെ വിക്കറ്റിന് മുന്നിൽ കുടുക്കി ഇരട്ട ആഘാതം നൽകി ആവേശ് ഖാൻ. പിന്നീടെത്തിയ ധ്രുവ് ജുറെലും ഷിറോൺ ഹെറ്റ്‌മയറും കഴിഞ്ഞ മത്സരത്തിലെ പോലെതന്നെ റൺ കണ്ടെത്താൻ പ്രയാസപ്പെട്ടതോടെ കളി മുറുകി.
അവസാന ഓവറിൽ രാജസ്ഥാന് വേണ്ടിയിരുന്നത് ഒമ്പത് റൺസ്. ക്രീസിലുള്ളത് ഹെറ്റ്‌മയറും ജുറെലും. ഡൽഹിക്കെതിരായ സൂപ്പർ ഓവർ മത്സരത്തിൻ്റെ അതേ അവസ്ഥ. കൃത്യമായി പന്തെറിഞ്ഞ ആവേശ് ഖാൻ മത്സരം കടുപ്പിച്ചു. മൂന്നാംപന്തിൽ ഹെറ്റ്‌മയറിനെ ശർദുൽ താക്കൂർ സൂപ്പർ ക്യാച്ചിലൂടെ പുറത്താക്കി. പിന്നീടെത്തിയ ശുഭം ദുബേ മൂന്ന് പന്ത് നേരിട്ടെങ്കിലും മൂന്ന് റൺസ് നേടാൻ മാത്രമാണ് കഴിഞ്ഞത്. ഇതോടെ, ജയിക്കാമായിരുന്ന മത്സരത്തിൽ രാജസ്ഥാന് രണ്ട് റൺസിൻ്റെ തോൽവി.
മത്സരത്തിൽ ടോസ് നേടിയ എൽ.എസ്.ജി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എയ്‌ഡൻ മർക്രം (66), ആയുഷ് ബദോനി (50), അബ്ദുൽ സമദ് (30*) എന്നിവരാണ് ലഖ്നോക്ക് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. രാജസ്ഥാൻ നിരയിൽ യശ്വസി ജയ്സ്വാൾ (74), റിയാൻ പരാഗ് (39), അരങ്ങേറ്റക്കാരനായ കൗമാരതാരം വൈഭവ് സൂര്യവംശി (34) എന്നിവർ മികവ് കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

