സ്മൃതിയുടെ വെടിക്കെട്ടിന് അലിസയുടെ മാലപ്പടക്കം; ഇന്ത്യക്കെതിരെ ഓസീസ് വനിതകൾക്ക് ഉജ്വല വിജയം
text_fieldsഅലിസ ഹീലി സെഞ്ച്വറി തികച്ചപ്പോൾ
വിശാഖപട്ടണം: സ്മൃതി മന്ദാനയുടെയും പ്രതിക റവാലിന്റെയും വെടിക്കെട്ട് ഇന്നിങ്സുകളിൽ ഇന്ത്യ പടുത്തുയർത്തിയ 330 റൺസ് എന്ന ലക്ഷ്യത്തിന് അതേ നാണയത്തിൽ മറുപടി നൽകി ഓസീസ് വനിതകൾ.
ഐ.സി.സി വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ നിലവിലെ ജേതാക്കൾ കൂടിയായ ആസ്ട്രേലിയ ഒരു ഓവർ ബാക്കി നിൽക്കെ മൂന്നു വിക്കറ്റ് വിജയവുമായി ഇന്ത്യൻ വനിതകളെ തരിപ്പണമാക്കി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 330 റൺസ് നേടി. ഒരോവർ ബാക്കിനിൽക്കേ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ആസ്ട്രേലിയ ലക്ഷ്യം കണ്ടു. നിർണായക മത്സരത്തിൽ സൂപ്പർ താരം സ്മൃതി മന്ദാന തകർപ്പൻ ഫോമിലേക്കുയർന്നതോടെയാണ് ഇന്ത്യ മികച്ച സ്കോർ സ്വന്തമാക്കിയത്.
ടൂർണമെന്റിൽ ഇന്ത്യയുടെ തുടർച്ചയായ രണ്ടാം തോൽവിയാണിത്.ശ്രീലങ്ക, പാക് വനിതകളെ തോൽപിച്ചതിനു പിന്നാലെ ദക്ഷിണാഫ്രിക്ക, ആസ്ട്രേലിയ ടീമുകളോട് തോൽവി വഴങ്ങി. വനിതാ ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന റൺ ചേസിങ് വിജയമെന്ന റെക്കോഡും വിശാഖപട്ടണത്തെ മത്സരം കുറിച്ചു.
ടോസ് നഷ്ടമായി ബാറ്റിങ്ങിനയക്കപ്പെട്ട ഇന്ത്യ മന്ദാനയുടെയും (66 പന്തിൽ 80) സഹ ഓപണർ പ്രതിക റാവലിന്റെയും (96 പന്തിൽ 75) ഉജ്ജ്വല ഇന്നിങ്സുകളുടെ ചുമലിലേറിയാണ് 330 റൺസ് അടിച്ചുകൂട്ടിയത്. എന്നാൽ, ആസ്ട്രേലിയയുടെ ക്യാപ്റ്റൻ അലിസ ഹീലി 142 റൺസുമായി ഇന്ത്യക്ക് കനത്ത പ്രഹരം സമ്മാനിച്ചു. 107 പന്തിൽ 21 ഫോറും മൂന്ന് സിക്സും ഈ ഓപണറുടെ ബാറ്റിൽ നിന്നൊഴുകി. എലിസെ പെറി 47 റൺസുമായി പുറത്താകാതെ നിന്നു. പോബി ലിച്ച്ഫീൽഡ് (40), ആഷ്ലി ഗാഡ്നർ (45) എന്നിവരും ഓസീസ് ഇന്നിങ്സിൽ നിർണായക സംഭാവന നൽകി. ശ്രീ ചരണി മൂന്ന് വിക്കറ്റ് വീഴ്ത്തി.
147 പന്തിൽ 155 റൺസിന്റെ കൂട്ടുകെട്ടാണ് സ്മൃതിയും പ്രതികയും ചേർന്ന് പടുത്തുയർത്തിയത്. രണ്ടുപേർക്കും സെഞ്ച്വറി നഷ്ടമായെങ്കിലും ശേഷം വന്നവരും നന്നായി ബാറ്റ് ചെയ്തതോടെ ആതിഥേയർക്ക് മികച്ച സ്കോറിന് വഴിയൊരുങ്ങി. ഹർലീൻ ഡിയോൾ (42 പന്തിൽ 38), ജമീമ റോഡ്രിഗ്വസ് (21 പന്തിൽ 33), റിച്ച ഘോഷ് (22 പന്തിൽ 32), നായിക ഹർമൻപ്രീത് കൗർ (17 പന്തിൽ 22), അമൻജോത് കൗർ (12 പന്തിൽ 16) എന്നിവരെല്ലാം തങ്ങളുടെ റോൾ ഭംഗിയാക്കി. മിന്നും ഫോമിൽ ലോകകപ്പിനെത്തിയ സ്മൃതിക്ക് പക്ഷേ, ആദ്യ മൂന്നു കളികളിലും തിളങ്ങാനായിരുന്നില്ല.
എന്നാൽ, ഓസീസിനെതിരെ മികച്ച റെക്കോഡുള്ള താരം ഇത്തവണയും അവസരത്തിനൊത്തുയർന്നത് ടീമിന് മുതൽകൂട്ടായി. മൂന്നു സിക്സും ഒമ്പത് ബൗണ്ടറിയുമടങ്ങിയതായിരുന്നു ഇടംകൈയൻ ബാറ്ററുടെ ഇന്നിങ്സ്. മറുവശത്ത് പ്രതിക സ്മൃതിക്കൊത്ത കൂട്ടാളിയായി. വലംകൈയൻ ബാറ്ററുടെ വില്ലോയിൽനിന്ന് ഒരു സിക്സും 10 ഫോറും പിറന്നു. ഓസീസ് ബൗളർമാരിൽ അന്നബെൽ സതർലൻഡ് അഞ്ചും സോഫി മോളിന്യു മൂന്നും വിക്കറ്റ് വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

