പാകിസ്താൻ സൂപ്പർ ലീഗ് പാതിയിൽ ഉപേക്ഷിച്ച് ഓസീസ് യുവതാരം ഐ.പി.എല്ലിൽ; മാക്സ്‌വെല്ലിന് പകരക്കാരനായി പഞ്ചാബ് ടീമിൽ
text_fieldsമുംബൈ: ഐ.പി.എല്ലിലെ ബാക്കിയുള്ള മത്സരങ്ങൾക്കായി ആസ്ട്രേലിയൻ യുവതാരം മിച്ചൽ ഓവൻ പഞ്ചാബ് കിങ്സിനൊപ്പം ചേർന്നു. മൂന്നു കോടി രൂപക്കാണ് താരവുമായി പഞ്ചാബ് കരാറിലെത്തിയത്.
പരിക്കേറ്റു പുറത്തായ ഓസീസ് താരം ഗ്ലെൻ മാക്സ്‌വെലിന്റെ പകരക്കാരനായാണ് ടീമിനൊപ്പം ചേർന്നത്. പാകിസ്താൻ സൂപ്പർ ലീഗ് (പി.എസ്.എൽ) പാതിയിൽ ഉപേക്ഷിച്ചാണ് ഓവൻ ഐ.പി.എൽ കളിക്കാനെത്തുന്നത്. പി.എസ്.എല്ലിൽ ബാബർ അസം നയിക്കുന്ന പെഷവാർ സൽമിയുടെ താരമായിരുന്നു ഓവൻ. ടീമിന് പ്ലേ ഓഫ് സാധ്യത നിലനിൽക്കെയാണ് താരം ടീം ഉപേക്ഷിച്ച് ഐ.പി.എല്ലിൽ കളിക്കാനെത്തുന്നത്.
ഇന്ത്യ-പാകിസ്താൻ സംഘർഷത്തെ തുടർന്ന് നിർത്തിവെച്ച ഐ.പി.എല്ലും പി.എസ്.എല്ലും ശനിയാഴ്ച പുനരാരംഭിക്കുകയാണ്. ആസ്ട്രേലിയയിലെ ബിഗ് ബാഷ് ലീഗിൽ ഹൊബാർട്ട് ഹരികെയ്ൻസിന്‍റെ താരമായ ഓവൻ അവസാന സീസണിലെ ടോപ് സ്കോററായതോടെയാണ് ക്രിക്കറ്റ് ലോകത്തിന്‍റെ ശ്രദ്ധാകേന്ദ്രമാകുന്നത്. ഡേവിഡ് വാർണറുടെ സിഡ്നി തണ്ടറിനെ തോൽപിച്ച് ഹരികെയ്ൻസിന് ആദ്യ ബിഗ് ബാഷ് ലീഗ് ചാമ്പ്യൻഷിപ്പ് നേടികൊടുക്കുന്നതിൽ താരം നിർണായക പങ്കുവഹിച്ചു. മത്സരത്തിൽ 42 പന്തിൽ 108 റൺസാണ് താരം അടിച്ചെടുത്തത്.
പി.എസ്.എല്ലിൽ പെഷവാറിനായി ഏഴു മത്സരങ്ങളിൽനിന്ന് 102 റൺസാണ് ഓവൻ നേടിയത്. പഞ്ചാബ് പരിശീലകൻ റിക്കി പോണ്ടിങ്ങിന്റെ ഇടപെടലാണ് യുവതാരത്തെ ടീമിലെത്തിക്കുന്നതിൽ നിർണായകമായത്. പോയന്റു പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള പഞ്ചാബിന് ഒരു ജയം കൂടി നേടിയാൽ പ്ലേ ഓഫ് ഉറപ്പിക്കാനാകും. ഞായറാഴ്ച രാജസ്ഥാൻ റോയൽസിനെതിരെയാണ് പഞ്ചാബിന്‍റെ അടുത്ത മത്സരം. കൂടാതെ, റോയൽ ചലഞ്ചേഴ്സ് ബംഗളൂരു, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമുകൾക്കെതിരെയും ലീഗ് റൗണ്ട് മത്സരങ്ങൾ ബാക്കിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

