മഴക്കളിയിൽ ആസ്ട്രേലിയക്ക് ജയം; ഇന്ത്യ പരാജയപ്പെട്ടത് ഏഴ് വിക്കറ്റിന്
text_fieldsമിച്ചൽ മാർഷിന്റെ ബാറ്റിങ്
പെർത്ത്: ഏഴ് മാസത്തിന് ശേഷം ഇന്ത്യൻ ജഴ്സിയണിഞ്ഞ രോഹിത് ശർമയും വിരാട് കോഹ്ലിയും നിറംമങ്ങിയ മത്സരത്തിൽ മഴയും ആസ്ട്രേലിയയും കളിച്ചപ്പോൾ ശുഭ്മൻ ഗില്ലിന് നായകനായി തോൽവിയോടെ അരങ്ങേറ്റം. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ കളിയിൽ ഡക്ക് വർത്ത്-ലൂയിസ് നിയമപ്രകാരം ഏഴ് വിക്കറ്റിനായിരുന്നു ആതിഥേയരുടെ ജയം. ഇന്ത്യ ബാറ്റ് ചെയ്യവെ പലതവണ നിർത്തിവെച്ച കളിയിൽ ഓരോ പ്രാവശ്യവും ഓവറുകൾ വെട്ടിച്ചുരുക്കി.
ഒടുവിൽ 26 ഓവറിലേക്ക് നിജപ്പെടുത്തിയതോടെ സന്ദർശകർ ഒമ്പത് വിക്കറ്റിന് 136 റൺസെടുത്തു. ലക്ഷ്യം ഇത്രയും ഓവറിൽ 131 റൺസിലേക്കും പുതുക്കി. മറുപടി ബാറ്റിങ്ങിൽ ഓസീസ് 21.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ജയത്തിലെത്തുകയായിരുന്നു. ക്യാപ്റ്റനും ഓപണറുമായ മിച്ചൽ മാർഷ് പുറത്താവാതെ 52 പന്തിൽ 46 റൺസെടുത്ത് കളിയിലെ കേമനായി. 31 പന്തിൽ 38 റൺസ് നേടിയ കെ.എൽ. രാഹുലാണ് ഇന്ത്യൻ ടോപ് സ്കോറർ. ഓസീസിനായി പേസർമാരായ ജോഷ് ഹേസിൽവുഡും മിച്ചൽ ഓവനും സ്പിന്നർ മാത്യു കുനിമാനും രണ്ട് വിക്കറ്റ് വീതം നേടി. രണ്ടാം മത്സരം ഒക്ടോബർ 23ന് അഡലെയ്ഡിൽ നടക്കും.
തകർന്നടിഞ്ഞ് ഇന്ത്യ
ടോസ് നേടിയ ആസ്ട്രേലിയ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ നിരയിൽ ഓൾ റൗണ്ടർ നിതീഷ് കുമാർ റെഡ്ഡി ഏകദിന അരങ്ങേറ്റം കുറിച്ചു. 14 പന്തിൽ എട്ട് റൺസെടുത്ത ഓപണർ രോഹിത്തിനെ നാലാം ഓവറിൽ മാറ്റ് റെൻഷോയുടെ കൈകളിലെത്തിച്ചു ഹേസിൽവുഡ്. എട്ട് പന്ത് നേരിട്ടിട്ടും അക്കൗണ്ട് തുറക്കാൻ കഴിയാതെ കോഹ്ലി ഏഴാം ഓവറിൽ മിച്ചൽ സ്റ്റാർക്കിന് വിക്കറ്റ് നൽകി. കൂപ്പർ കൊനോളിക്കായിരുന്നു ക്യാച്ച്. ക്യാപ്റ്റനും ഓപണറുമായ ഗിൽ (18 പന്തിൽ 10) നതാൻ എല്ലിസ് എറിഞ്ഞ ഒമ്പതാം ഓവറിൽ വിക്കറ്റ് കീപ്പർ ജോഷ് ഫിലിപ്പിന്റെ ഗ്ലൗസിലെത്തുമ്പോൾ സ്കോർ ബോർഡിൽ 25 റൺസ് മാത്രം. ശ്രേയസ് അയ്യരും അക്ഷർ പട്ടേലും ക്രീസിൽ നിൽക്കെ ഇതേ ഓവറിൽ മഴയെത്തുടർന്ന് മത്സരം നിർത്തിവെച്ചു.
49 ഓവറാക്കി ചുരുക്കിയാണ് കളി പുനരാരംഭിച്ചത്. മൂന്നിന് 37ലെത്തിയപ്പോൾ വീണ്ടും മഴ. ഗ്രൗണ്ട് നനഞ്ഞു കിടന്നതോടെ കൂടുതൽ ഓവറുകൾ നഷ്ടമായി. 35 ഓവറാക്കി ചുരുക്കി ബാറ്റിങ് തുടർന്നു. 24 പന്തിൽ 11 റൺസുമായി നിന്ന ശ്രേയസ്സിനെ 14ാം ഓവറിൽ വിക്കറ്റ് കീപ്പറെ ഏൽപിച്ചു ഹേസിൽവുഡ്. 45ൽ നാലാം വിക്കറ്റ്. അടുത്ത ഓവറിൽ അക്ഷറും രാഹുലും ക്രീസിൽ നിൽക്കെ പിന്നെയും മഴ. ഇതോടെ 32 ഓവറാക്കി കളി.
16ാം ഓവറിലാണ് സ്കോർ 50 കടക്കുന്നത്. പിന്നാലെ ഒരിക്കൽക്കൂടി മഴയെത്തി. 26 ഓവറാക്കി ചുരുക്കിയ ശേഷം അക്ഷറും രാഹുലും വീണ്ടും ക്രീസിൽ. 38 പന്തിൽ 31 റൺസെടുത്ത അക്ഷറിന്റെ പോരാട്ടത്തിന് 20ാം ഓവറിൽ കുനിമാൻ അന്ത്യമിട്ടു. റെൻഷോക്ക് ക്യാച്ച് സമ്മാനിച്ച് താരം തിരിഞ്ഞുനടക്കുമ്പോൾ സ്കോർ 84. മൂന്നക്കം തൊടുമ്പോൾ 21 ഓവർ പൂർത്തിയായിരുന്നു. 10 പന്തിൽ അത്രയും റൺസെടുത്ത വാഷിങ്ടൺ സുന്ദറിനെ കുനിമാൻ കുറ്റി തെറിപ്പിച്ച് വിട്ടു. വൈകാതെ രാഹുലിനെ ഓവനും റെൻഷോയുടെ കരങ്ങളിലേക്കയച്ചു. ഏഴിന് 121. ഹർഷിത് റാണ (1) ഓവന് രണ്ടാം വിക്കറ്റ് നൽകിയപ്പോൾ അർഷ്ദീപ് സിങ് (0) റണ്ണൗട്ടായി. നിതീഷ് 11 പന്തിൽ 19 റൺസുമായി പുറത്താവാതെ നിന്നു.
അടിച്ചെടുത്ത് ആസ്ട്രേലിയ
അഞ്ച് പന്തിൽ എട്ട് റൺസെടുത്ത വെടിക്കെട്ട് ഓപണർ ട്രാവിസ് ഹെഡിനെ രണ്ടാം ഓവറിൽത്തന്നെ അർഷ്ദീപ് വീഴ്ത്തി. ഹർഷിത് ക്യാച്ചെടുക്കുമ്പോൾ സ്കോർ 10. എട്ടാം ഓവറിൽ മാത്യു ഷോർട്ടിനെ (8) രോഹിത്തിന് പിടികൂടാൻ അവസരം നൽകി അക്ഷർ പ്രതീക്ഷ നൽകിയെങ്കിലും ഫിലിപ്പിന്റെയും (29 പന്തിൽ 37) മാർഷിന്റെയും കൂട്ടുകെട്ട് വിജയമുറപ്പിക്കുകയായിരുന്നു. വാഷിങ്ടൺ എറിഞ്ഞ 16ാം ഓവറിൽ അർഷ്ദീപിന് ക്യാച്ച് കൊടുത്തായിരുന്നു ഫിലിപ്പിന്റെ മടക്കം. സ്കോർ മൂന്നിന് 99. തുടർന്ന് ക്രീസിലെത്തിയ റെൻഷോയെ കൂട്ടുപിടിച്ച് വിജയലക്ഷ്യമായ 131ലെത്തിച്ചു മാർഷ്. അർഷ്ദീപും അക്ഷറും വാഷിങ്ടണും ഓരോ വിക്കറ്റ് വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

