ചരിത്രം കുറിച്ച് ദക്ഷിണാഫ്രിക്ക; പതിറ്റാണ്ടുകൾക്ക് ശേഷം ഐ.സി.സി കിരീടത്തിൽ മുത്തമിട്ട് പ്രോട്ടീസ്
text_fieldsലോഡ്സ്: നിർഭാഗ്യത്തിന്റെ കാർമഘങ്ങളെ വകഞ്ഞുമാറ്റി വിജയതീരമണിഞ്ഞ് ദക്ഷിണാഫ്രിക്ക. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ആസ്ട്രേലിയയെ തറപറ്റിച്ച് കിരീടം നേടുമ്പോൾ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിന്റെ ചരിത്രത്തിൽ സുവർണലിപികളിൽ എഴുതേണ്ട ഒരു അധ്യായമാണ് ടീം ലോഡ്സിലെ പുൽമൈതാനത്ത് രചിച്ചത്. 27 വർഷത്തിന് ശേഷമാണ് ദക്ഷിണാഫ്രിക്ക ഐ.സി.സി കിരീടം നേടുന്നത്.
ആസ്ട്രേലിയക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ അഞ്ച് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക ജയിച്ച് കയറിയത്. സെഞ്ച്വറി നേടിയ മാർകവും 66 റൺസെടുത്ത ക്യാപ്റ്റൻ ബാവുമയുമാണ് ദക്ഷിണാഫ്രിക്കക്കായി ജയമൊരുക്കിയത്. ആസ്ട്രേലിയൻ ബൗളർമാരിൽ മൂന്ന് വിക്കറ്റെടുത്ത മിച്ചൽ സ്റ്റാർക്കിനൊഴികെ മറ്റാർക്കും കാര്യമായി തിളങ്ങാനായില്ല. ലോഡ്സിൽ ഇതിനു മുൻപ് രണ്ട് തവണ മാത്രമാണ് ടെസ്റ്റിൽ 250നു മുകളിൽ വിജയലക്ഷ്യം മറികടന്നിട്ടുള്ളത്. ലോഡ്സിൽ വൻ വിജയലക്ഷ്യം മറികടക്കുന്ന മൂന്നാമത്തെ ടീമായും ദക്ഷിണാഫ്രിക്ക മാറി.
വമ്പൻ ലക്ഷ്യം മുന്നോട്ടുവെച്ച് സമ്മർദത്തലാക്കി ദക്ഷിണാഫ്രിക്കയെ അതിവേഗം പുറത്താക്കാമെന്നായിരുന്നു ഓസീസ് ടീമിന്റെ കണക്കുകൂട്ടൽ. അവരുടെ കണക്ക് കൂട്ടൽ ശരിവെച്ച് ഇന്നിങ്സിന്റെ മൂന്നാം ഓവറിൽ റയാൻ റിക്കൽറ്റനെ (6) മിച്ചൽ സ്റ്റാർക് പുറത്താക്കിയപ്പോൾ ഇന്നലത്തന്നെ ടെസ്റ്റിനു ഫലമുണ്ടാകുമെന്നുവരെ പ്രവചനങ്ങളുണ്ടായി.
എന്നാൽ, ആരാധകരെ അമ്പരപ്പിച്ച് ദക്ഷിണാഫ്രിക്കൻ ടീം തിരിച്ചുവരുന്നതാണു പിന്നീട് ക്രിക്കറ്റ് ലോകം കണ്ടത്. വിയാൻ മുൾഡറെ (27) കൂട്ടുപിടിച്ച് രണ്ടാം വിക്കറ്റിൽ 61 റൺസ് നേടിയ എയ്ഡൻ മാർക്രം ടീമിനെ കരയകയറ്റി. ബാവുമ കൂടി മാർക്രത്തിനാപ്പം ചേർന്നതോടെ ദക്ഷിണാഫ്രിക്ക വലിയ വിജയം കൈപിടിയിലൊതുക്കുകയായിരുന്നു.
നേരത്തെ ആദ്യ ഇന്നിങ്സിൽ ആസ്ട്രേലിയ 212 റൺസ് മാത്രം നേടി പുറത്താകുകയായിരുന്നു. എന്നാൽ, ഒന്നാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്ക 138 റൺസിന് പുറത്തായി. രണ്ടാം ഇന്നിങ്സിൽ 207 റൺസിന് ആസ്ട്രേലിയയെ ദക്ഷിണാഫ്രിക്ക പുറത്താക്കിയെങ്കിലും 280 റൺസ് എന്ന വിജയലക്ഷ്യം പ്രോട്ടീസ് മറികടക്കുമെന്ന് ക്രിക്കറ്റ് പണ്ഡിറ്റുകൾ വിശ്വസിച്ചിരുന്നില്ല.
വീറോടെ മാർകറം
കളിയുടെ മൂന്നാംനാൾ മൂന്നാം വിക്കറ്റിൽ മാർകറം- ബാവുമ സഖ്യം പിടിച്ചുനിന്നതോടെ കാര്യങ്ങൾ ഓസീസിന്റെ കൈയിൽനിന്ന് വഴുതിത്തുടങ്ങിയിരുന്നു. എന്നാൽ, അനായാസം ജയിക്കാമായിരുന്ന മത്സരങ്ങൾ ദക്ഷിണാഫ്രിക്ക എതിരാളികൾക്ക് വെച്ചുനീട്ടുകയും ലോകകപ്പ് ഫൈനലുകളിൽ കംഗാരുപ്പട പുറത്തെടുക്കാറുള്ള പോരാട്ടവീര്യവും അനുഭവങ്ങളായി കൺമുന്നിലുള്ളപ്പോൾ ഒന്നും പറയാനാവാത്ത സ്ഥിതിയും. മാർകറം സെഞ്ച്വറിയും ബാവുമ അർധശതകവും പൂർത്തിയാക്കിയാണ് മൂന്നാംനാൾ സ്റ്റമ്പെടുത്തത്. എട്ട് വിക്കറ്റ് ബാക്കിയിരിക്കെ പ്രോട്ടീസിന് കപ്പിലേക്ക് ദൂരം 69 റൺസായിരുന്നു.
നാലാംദിനം ബാവുമയും (65) മാർകറമും (102) ക്രീസിലേക്ക്. ന്യൂബാളെടുത്ത് ഓസീസ് നായകൻ പാറ്റ് കമ്മിൻസ്. മറുതലക്കൽ മറ്റൊരു പേസർ ജോഷ് ഹേസിൽവുഡും. വ്യക്തിഗത സ്കോർ ഒരു റൺസ് കൂടി ചേർത്ത് കമ്മിൻസിന്റെ രണ്ടാമത്തെയും ഇന്നലത്തെ കളിയിലെ മൂന്നാമത്തെയും ഓവറിൽ ബാവുമ വീണു. വിക്കറ്റിന് പിന്നിൽ അലക്സ് കാരിക്ക് ക്യാച്ച്. മൂന്നിന് 217. ട്രിസ്റ്റൻ സ്റ്റബ്സായിരുന്നു പകരക്കാരൻ. വിക്കറ്റ് കാത്ത് മാർകറമിന് പിന്തുണ കൊടുക്കുന്നതിലായിരുന്നു സ്റ്റബ്സിന്റെ ശ്രദ്ധ. മോശം പന്തുകൾ നോക്കി മാർകറം അതിർത്തിയിലേക്ക് വീട്ടപ്പോൾ സ്കോർ ലക്ഷ്യത്തിലേക്ക് അടുത്തുതുടങ്ങി. 43 പന്തുകൾ നീണ്ട സ്റ്റബ്സിന്റെ (8) ചെറുത്തുനിൽപിന് കുറ്റിയിളക്കി മിച്ചൽ സ്റ്റാർക്ക് വിരാമമിട്ടതോടെ ആസ്ട്രേലിയൻ ക്യാംപിൽ ആഘോഷം. 241ലാണ് നാലാം വിക്കറ്റ് വീണത്.
പിന്നെയെത്തിയത് ഡേവിഡ് ബെഡിങ്ഹാം. മാർകറമും ബെഡിങ്ഹാമും സ്കോർ 250 കടത്തി മുന്നോട്ട്. 81ാം ഓവറുമായെത്തിയത് ഹേസിൽവുഡ്. ജയിക്കാനാവശ്യം 14 റൺസ്. ആദ്യ പന്തിൽ മാർകറമിന്റെ ബൗണ്ടറി. പിന്നെ മൂന്ന് റൺസ് ഓടിയെടുത്തു. ബെഡിങ്ഹാമിന്റെ സിംഗിൾകൂടി ചേർന്നപ്പോൾ ലക്ഷ്യം ആറിലേക്ക് ചുരുങ്ങി. വിജയറൺ നേടാൻ എന്തുകൊണ്ടും അർഹനായിരുന്ന മാർകറം ഓവറിലെ അവസാന പന്ത് നേരിടാൻ ക്രീസിൽ.
ബൗണ്ടറി ശ്രമം പക്ഷേ മിഡ് വിക്കറ്റിൽ ട്രാവിസ് ഹെഡിന്റെ കൈകളിൽ അവസാനിച്ചു. മത്സരം കൈവിട്ടിരുന്നതിനാൽ ഹെഡിനോ സഹതാരങ്ങൾക്കോ ആഘോഷമില്ല. 207 പന്തിൽ 14 ബൗണ്ടറികളുടെ അകമ്പടിയോടെയായിരുന്നു മാർകറമിന്റെ 136. ബെഡിങ്ഹാമും കൈൽ വെറെയ്നും ചേർന്ന് സ്റ്റാർക് എറിഞ്ഞ 84ാം ഓവറിൽ സ്വപ്നദൗത്യം പൂർത്തിയാക്കി. വൈഡ് ഫുൾടോസ് കവർ പോയന്റിലേക്ക് വിട്ട് വെറെയ്ൻ സിംഗ്ൾ ഓടിയെടുത്ത് ബെഡിങ്ഹാമിനെ പുണരുമ്പോൾ പവലിയൻ ബാവുമയും സഹതാരങ്ങളും ഗാലറിയിൽ കാണികളും ലോക മെമ്പാടും സ്ക്രീനിൽ കളികൊണ്ടിരുന്ന ആരാധകരും ആനന്ദനടനമാടി. സ്റ്റാർക്ക് മൂന്നും ഹേസിൽവുഡും കമ്മിൻസും ഓരോ വിക്കറ്റും വീഴ്ത്തി.
കാത്തിരുന്ന്, കാത്തിരുന്ന് കിരീടത്തിൽ
ബുധനാഴ്ച ആരംഭിച്ച മൂന്നാമത് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിന്റെ ആദ്യ ദിവസങ്ങളിൽ ദക്ഷിണാഫ്രിക്കയുടെയും ആസ്ട്രേലിയയുടെയും പേസർമാർ വാണപ്പോൾ നിശ്ചിത ദിവസങ്ങൾക്ക് മുമ്പെ മത്സരത്തിന് ഫലമുണ്ടാവുമെന്നുറപ്പായിരുന്നു. എന്നാൽ, ഒന്നാം ഇന്നിങ്സിൽ നിർണായകമായ 74 റൺസ് ലീഡ് പിടിച്ച ഓസീസ് രണ്ടാം ഇന്നിങ്സിലും 200 കടന്നതോടെ പ്രോട്ടീസ് ആശങ്കയിലായി.
ലോർഡ്സിലെ സാഹചര്യത്തിൽ 282 റൺസെന്നത് വലിയ ലക്ഷ്യമായിരുന്നു. വെള്ളിയാഴ്ച ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്സ് സ്കോർ ഒമ്പതിൽ നിൽക്കെ ഓപണർ റയാൻ റിക്കിൾട്ടൻ പുറത്താവുമ്പോൾ മറ്റൊരു തകർച്ച ആരാധകർ മുന്നിൽകണ്ടു. മൂന്നാമനായെത്തിയ വിയാൻ മുൾഡർ ടീം സ്കോർ 70ലും വീണു. അവിടെനിന്നാണ് ഓപണർ മാർകറമും നായകൻ ബാവുമയും ചരിത്രത്തിലേക്ക് പ്രയാണം തുടങ്ങിയത്.
1998ലെ ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പോ ശേഷമോ ഒരു ഐ.സി.സി ലോകകിരീടം പോലും സ്വന്തമാക്കാനായില്ലെന്ന ചീത്തപ്പേരിനും ദൗർഭാഗ്യത്തിനും വിരാമം. 1889ൽ ആദ്യ ടെസ്റ്റ് കളിക്കുകയും 1909ൽ ഐ.സി.സി ഫുൾ മെംബറാവുകയും ചെയ്തവരാണ് ദക്ഷിണാഫ്രിക്കയെന്നുകൂടി ചേർത്തുവായിക്കണം.
നൂറ്റാണ്ടിന്റെ റെക്കോഡിട്ട് ബാവുമ
ജയത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ ബാവുമ ചരിത്ര നേട്ടം കൂടി സ്വന്തമാക്കി. ടെസ്റ്റ് ക്രിക്കറ്റിൽ പരാജയമറിയാതെ ഒരു ടീമിനെ പത്തു മത്സരങ്ങളിൽ നയിക്കുകയും അതിൽ ഒമ്പതു മത്സരങ്ങൾ ജയിക്കുകയും ചെയ്ത ആദ്യ ക്യാപ്റ്റനെന്ന റെക്കോഡാണ് നേടിയത്. 1920-21 കാലയളവിൽ ഓസീസ് നായകൻ വാർവിക്ക് ആംസ്ട്രോങ് കുറിച്ച റെക്കോഡ് മറികടക്കുകയായിരുന്നു. അന്ന് വാർവിക്ക് ടീമിനെ 10 മത്സരങ്ങളിൽ തോൽവിയറിയാതെ നയിച്ചിരുന്നു.
ഇതിൽ എട്ടു ടെസ്റ്റുകളിൽ ടീം ജയിക്കുകയും രണ്ടെണ്ണം സമനിലയിലാകുകയും ചെയ്തു. ദക്ഷിണാഫ്രിക്ക വെസ്റ്റിൻഡീസിനെതിരെ നാലും ശ്രീലങ്ക, പാകിസ്താൻ എന്നിവർക്കെതിരെ രണ്ടു വീതം ടെസ്റ്റുകളുമാണ് കളിച്ചത്. ഇന്ത്യക്കെതിരെ ഒരു ടെസ്റ്റും. ഒടുവിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസീസിനെയും വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

