വനിത ലോകകപ്പിൽ ആസ്ട്രേലിയ സെമിയിൽ; ഇന്ത്യക്ക് ജയം അനിവാര്യം
text_fieldsടീം ഇന്ത്യ
വനിത ലോകകപ്പ് ക്രിക്കറ്റിന്റെ ആദ്യറൗണ്ട് മൽസരങ്ങൾ ഏതാണ്ട് അവസാന ലാപ്പിലായപ്പോൾ സെമിഫൈനൽ ബെൽത്ത് ഉറപ്പാക്കാനാവാത്ത അവസ്ഥയിലാണ് ടീം ഇന്ത്യ. ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന വനിതാ ലോകകപ്പ് 2025 ലെ ആദ്യ സെമിഫൈനലിസ്റ്റ് സ്ഥാനം ആസ്ട്രേലിയ ഉറപ്പിച്ചിരിക്കുകയാണ്. ഏഴ് തവണ ചാമ്പ്യന്മാരായ ആസ്‌ട്രേലിയ ആദ്യ അഞ്ച് മത്സരങ്ങളിലും തോൽവിയറിയാതെ പോയിന്റ് പട്ടികയിൽ മുന്നിലാണ്. ആദ്യ നാല് സ്ഥാനക്കാരാണ് സെമിഫൈനലിലെത്തുകയെങ്കിലും ഇന്ത്യയുടെ സാധ്യതക്കുമേൽ കരിനിഴലായി കറുത്ത ജഴ്സിക്കാരായ ന്യൂസിലൻഡ് ഉണ്ട്.
പോയന്റ് പട്ടികയിൽ ഇന്ത്യൻ ടീം ഇപ്പോഴും നാലാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്ത് തുടരുന്ന ആസ്ട്രേലിയ സെമിഫൈനലിന് യോഗ്യത നേടി. ലീഗ് ഘട്ടത്തിന്റെ അവസാനം, പോയന്റ് പട്ടികയിൽ ആദ്യ നാല് ടീമുകൾ സെമിഫൈനലിലേക്ക് മുന്നേറും. നിലവിൽ രണ്ടാം സ്ഥാനത്തുള്ള ഇംഗ്ലണ്ടും ശക്തമായ നിലയിലാണ്, ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിൽനിന്ന് ഒരു വിജയം നേടിയാൽ അവർക്ക് സെമി ബെർത്ത് ഉറപ്പാക്കാം. മൂന്നാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്ക ഇതുവരെയുള്ള നാല് മത്സരങ്ങളിൽ മൂന്നെണ്ണത്തിൽ വിജയിക്കുകയും ആറ് പോയിന്റുകൾ നേടുകയും ചെയ്തു.
ഇന്ത്യൻ ടീമിനെക്കുറിച്ച് പറയുകയാണെങ്കിൽ, നാല് മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ വിജയിക്കുകയും രണ്ട് മത്സരങ്ങളിൽ പരാജയപ്പെടുകയും ചെയ്തു. ഇനി, ശേഷിക്കുന്ന മത്സരങ്ങളിൽ ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ബംഗ്ലാദേശ് എന്നിവരുമായി ഏറ്റുമുട്ടും. ഒക്ടോബർ 19 ന് ഇംഗ്ലണ്ടിനെതിരായ പോരാട്ടത്തിൽ ഇന്ത്യ എന്തായാലും ഇന്ത്യക്ക് ജയിച്ചേ തീരൂ.മൂന്നു മൽസരങ്ങളിൽ ഒന്നിൽ പരാജയപ്പെട്ടാൽ പോലും സെമി സാധ്യതക്ക് മങ്ങലേൽപിക്കും. .
പോയന്റ് പട്ടികയിൽ ദക്ഷിണാഫ്രിക്കക്ക് ശ്രീലങ്ക, പാകിസ്താൻ, ആസ്‌ട്രേലിയ എന്നിവർക്കെതിരെ ശേഷിക്കുന്ന മത്സരങ്ങൾ കളിക്കേണ്ടതുണ്ട്. മൂന്നുകളികളിൽ ഒരു മൽസരം ജയിച്ചാൽ പ്രോട്ടീസിന് സെമിഫൈനൽ ഉറപ്പിക്കാം. അതുകൊണ്ടുതന്നെ അവർ അവസാന നാലിൽ എത്തുമെന്ന് ഏതാണ്ട് ഉറപ്പാണ്. പാകിസ്താൻ ഇംഗ്ലണ്ട് മൽസരം മഴമൂലം ഉപേക്ഷിച്ചത് പാകിസ്താന് വിനയായിരുന്നു. മറുവശത്ത്, ഇംഗ്ലണ്ടിന് ഇന്ത്യ, ആസ്‌ട്രേലിയ, ന്യൂസിലൻഡ് എന്നിവർക്കെതിരായ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിൽ ഒന്ന് ജയിക്കേണ്ടതുണ്ട്.
ആസ്ട്രേലിയക്ക് ശേഷം ഇംഗ്ലണ്ടിനും ദക്ഷിണാഫ്രിക്കയ്ക്കും സെമിഫൈനലിൽ പ്രവേശിക്കാം. മറുവശത്ത്, ഇന്ത്യക്ക് ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണം എന്തായാലും ജയിക്കണം. ഞായറാഴ്ച ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും, എന്നിരുന്നാലും ന്യൂസിലൻഡും ബംഗ്ലാദേശും തമ്മിലുള്ള മൽസരവും ഇന്ത്യക്ക് നിർണായകമാവും. ഈ സാഹചര്യത്തിൽ, ന്യൂസിലൻഡ് ഇന്ത്യക്ക് വലിയ ഭീഷണിയാകും.
നാല് മത്സരങ്ങൾ കളിച്ച ന്യൂസിലൻഡിന് ഒരു ജയം മാത്രമേയുള്ളൂ , രണ്ട് മൽസരങ്ങളിൽ പരാജയപ്പെട്ടു, ഒരു മത്സരം സമനിലയിലായി. നിലവിൽ അവർക്ക് മൂന്ന് പോയന്റുണ്ട്. വരാനിരിക്കുന്ന മത്സരങ്ങളിൽ, ന്യൂസിലൻഡ് പാകിസ്താനെയും ഇന്ത്യയെയും ഇംഗ്ലണ്ടിനെയും നേരിടും. ഇന്ത്യൻ ടീം ഇംഗ്ലണ്ടിനോടും ന്യൂസിലൻഡിനോടും തോറ്റാൽ, അല്ലെങ്കിൽ ന്യൂസിലൻഡ് ശേഷിക്കുന്ന മൂന്ന് മത്സരങ്ങൾ വിജയിച്ചാൽ, ന്യൂസിലൻഡ് സെമിഫൈനലിൽ സ്ഥാനം ഉറപ്പാക്കും. ഇന്ത്യ അവരുടെ എല്ലാ മത്സരങ്ങളും ജയിക്കണം, കൂടാതെ ന്യൂസിലൻഡ് തോൽക്കണമെന്ന് ആഗ്രഹിക്കുകയും വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

