മന്ദാനയുടെ റെക്കോഡ് സെഞ്ച്വറിക്കും രക്ഷിക്കാനായില്ല, റൺമലക്കു മുന്നിൽ പൊരുതിത്തോറ്റ് ഇന്ത്യ; ഓസീസിന് പരമ്പര
text_fieldsന്യൂഡൽഹി: ആസ്ട്രേലിയയുടെ റൺമലക്കു മുന്നിൽ പൊരുതിത്തോറ്റ് ഇന്ത്യൻ വനിതകൾ. ആദ്യം ബാറ്റ് ചെയ്ത ആസ്ട്രേലിയ കുറിച്ച 413 റൺസ് ലക്ഷ്യത്തിലേക്ക് അതേനാണയത്തിൽ തിരിച്ചടിച്ച ആതിഥേയർ മൂന്ന് ഓവർ ബാക്കി നിൽക്കെ 369ന് പുറത്തായി.
43 റൺസിന് ജയിച്ച് മൂന്ന് മത്സര പരമ്പര 2-1ന് ആസ്ട്രേലിയ നേടി. 75 പന്തിൽ 138 റൺസടിച്ച ബെത്ത് മൂണിയുടെ പ്രകടനമാണ് ആസ്ട്രേലിയക്ക് കരുത്തായതെങ്കിൽ തുടർച്ചയായ രണ്ടാം മത്സരത്തിൽ സെഞ്ച്വറിയുമായി മിന്നി ഓപണർ സ്മൃതി മന്ദാന (63 പന്തിൽ 125) ഇന്ത്യക്കും പ്രതീക്ഷ നൽകി. എന്നാൽ, ഇടക്ക് വിക്കറ്റുകൾ വീണതോടെ ആതിഥേയർക്ക് കീഴടങ്ങേണ്ടി വന്നു. കളിയിൽ ആകെ പിറന്നത് 781 റൺസാണ്.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ സന്ദർശകർ 412ന് എല്ലാവരും പുറത്താവുമ്പോൾ കളി 2.1 ഓവർ കൂടി ബാക്കിയുണ്ടായിരുന്നു. ഇവരുടെ ഏറ്റവും വലിയ ടോട്ടലായ 1997ൽ കുറിച്ച 412 റൺസിനൊപ്പമെത്തി. ഓപണർ ജോർജിയ വോൾ 68 പന്തിൽ 81ഉം എല്ലിസ് പെറി 72 പന്തിൽ 68ഉം റൺസ് ചേർത്തു. തുടക്കത്തിലേ ഓപണർ പ്രതിക റാവലിനെ (12) നഷ്ടമായ ഇന്ത്യയെ സ്മൃതി തകർപ്പനടികളിലൂടെ മുന്നോട്ട് നയിച്ചു. 11 റൺസുമായി ഹർലീൻ ഡിയോളും മടങ്ങി.
സ്മൃതിയും നായിക ഹർമൻപ്രീത് കൗറും സംഗമിച്ചതോടെ കാര്യങ്ങൾ ഇന്ത്യയുടെ വഴിക്കെന്ന് തോന്നിച്ചു. 50 പന്തിലായിരുന്നു സ്മൃതിയുടെ ശതകം. 35 പന്തിൽ 52 റൺസടിച്ച ഹർമൻ 21ാം ഓവറിൽ മടങ്ങുമ്പോൾ സ്കോർ 206ലെത്തിയിരുന്നു. സ്മൃതിക്ക് പിന്നാലെ റിച്ച ഘോഷും (6) വീണത് ഇന്ത്യക്ക് തിരിച്ചടിയായി. വിക്കറ്റുകൾ വീണ്ടും നിലംപതിച്ചപ്പോഴും ഒരറ്റത്ത് ആഞ്ഞടിച്ച ദീപ്തി ശർമ സ്നേഹ് റാണക്കൊപ്പം ചേർന്ന് സ്കോർ ചലിപ്പിച്ചതോടെ വീണ്ടും പ്രതീക്ഷ. 43ാം ഓവറിൽ ദീപ്തി (58 പന്തിൽ 72) വീഴുമ്പോൾ എട്ടിന് 354ലെത്തിയിരുന്നു ഇന്ത്യ. താമസിയാതെ സ്നേഹും (35) മടങ്ങിയതോടെ കാര്യങ്ങൾ കൈവിട്ടു.
ചരിത്രമെഴുതി സ്മൃതി മന്ദാന
അന്താരാഷ്ട്ര ക്രിക്കറ്റിൽ അതിവേഗം സെഞ്ച്വറി നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോഡ് ഇനി മന്ദാനക്കു സ്വന്തം.
ആസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാമത്തെ മത്സരത്തിൽ 50 പന്തിലാണ് താരം മൂന്നക്കത്തിലെത്തിയത്. ബാറ്റിങ് ഇതിഹാസം വിരാട് കോഹ്ലിയുടെ പേരിലുള്ള ഏകദിന റെക്കോഡാണ് താരം മറികടന്നത്. 2013 ഒക്ടോബറിൽ ജയ്പൂരിൽ ആസ്ട്രേലിയക്കെതിരെ കോഹ്ലി 52 പന്തിൽ സെഞ്ച്വറി നേടിയിരുന്നു.
ഏകദിനത്തിൽ അതിവേഗം സെഞ്ച്വറി നേടുന്ന ഇന്ത്യൻ വനിത താരമെന്ന സ്വന്തം പേരിലുള്ള റെക്കോഡും മന്ദാന തിരുത്തി. നേരത്തെ 70 പന്തിൽ താരം സെഞ്ച്വറി പൂർത്തിയാക്കിയിരുന്നു. ആസ്ട്രേലിയയുടെ മെഗ് ലാനിങ്ങിന്‍റെ പേരിലാണ് വനിത താരങ്ങളിൽ അതിവേഗം സെഞ്ച്വറി കുറിച്ച റെക്കോഡ്. 2012ൽ സിഡ്നിയിൽ ന്യൂസിലൻഡിനെതിരെ 45 പന്തിൽ ഓസീസ് താരം സെഞ്ച്വറി നേടിയിരുന്നു.
മത്സരത്തിൽ 63 പന്തിൽ അഞ്ചു സിക്സും 17 ഫോറുമടക്കം 125 റൺസെടുത്താണ് മന്ദാന പുറത്തായത്. പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യൻ ഓപണർ സെഞ്ച്വറി (91 പന്തിൽ 117) നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

