ചരിത്രം കുറിച്ച് ആസ്ട്രേലിയ; നാലു ഐ.സി.സി കിരീടങ്ങളും നേടിയ ആദ്യ ടീം
text_fieldsലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീട നേട്ടത്തോടെ അപൂർവ റെക്കോഡ് സ്വന്തമാക്കി ആസ്ട്രേലിയ. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്‍റെ (ഐ.സി.സി) നാലു കിരീടങ്ങളും നേടിയ ആദ്യ ടീമായി ഓസീസ്. ഐ.സി.സി ഏകദിന ലോകകപ്പ്, ട്വന്‍റി20 ലോകകപ്പ്, ചാമ്പ്യൻസ് ട്രോഫി, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് എന്നീ നാലു ടൂർണമെന്‍റുകളാണ് ഐ.സി.സി സംഘടിപ്പിക്കുന്നത്.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയതോടെ ഈ നാലു ടൂർണമെന്‍റുകളിലും കിരീടം നേടുന്ന ഏക ടീമായി ആസ്ട്രേലിയ. ഓവലിൽ നടന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയെ 209 റണ്‍സിനാണ് ഓസീസ് സംഘം തകർത്തത്. 444 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യ രണ്ടാം ഇന്നിങ്സിൽ 234 റൺസിന് പുറത്തായി.
കൂടാതെ, ക്രിക്കറ്റിലെ മൂന്നു ഫോർമാറ്റുകളിലും ലോക കിരീടം സ്വന്തമാക്കുന്ന ആദ്യ ടീമെന്ന നേട്ടവും ആസ്ട്രേലിയ സ്വന്തമാക്കി. തുടർച്ചയായി രണ്ടാം തവണയാണ് ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ തോൽക്കുന്നത്. 2021 ഫൈനലില്‍ ന്യൂസീലൻഡ് എട്ടു വിക്കറ്റുകൾക്ക് ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു.
ഏകദിന ലോകകപ്പ് കിരീടം ഏറ്റവും കൂടുതൽ നേടിയ ടീം കൂടിയാണ് ഓസീസ്. അഞ്ചു തവണ. 2015ൽ സ്വന്തം മണ്ണിലാണ് അവസാനമായി അവർ ഏകദിന ലോക കിരീടം നേടിയത്. 1987, 1999, 2003, 2007 വർഷങ്ങളിലും ലോക കിരീടം നേടി. 2006, 2009 വർഷങ്ങളിലെ ചാമ്പ്യൻഷ് ട്രോഫി ജേതാക്കളാണ് ഓസീസ്. 2021ൽ ആരോൺ ഫിഞ്ചിന്‍റെ ക്യാപ്റ്റൻസിയിലാണ് ടീം ആദ്യമായി ട്വന്‍റി20 ലോക കിരീടം നേടുന്നത്.
മൂന്നു വിക്കറ്റ് നഷ്ടത്തിൽ 164 റൺസെന്ന നിലയില്‍ അഞ്ചാം ദിനം കളി തുടങ്ങിയ ഇന്ത്യ 70 റൺസ് എടുക്കുന്നതിനിടെ ശേഷിക്കുന്ന ഏഴു വിക്കറ്റുകളും നഷ്ടപ്പെടുത്തുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ സെഞ്ച്വറി (163) നേടിയ ട്രാവിസ് ഹെഡാണു കളിയിലെ താരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

