അനായാസം ആസ്ട്രേലിയ; ശ്രീലങ്കയെ ഏഴ് വിക്കറ്റിന് തകർത്തു
text_fieldsപെർത്ത്: ട്വന്റി ലോകകപ്പിലെ സൂപ്പർ 12 മത്സരത്തിൽ ശ്രീലങ്കക്കെതിരെ അനായാസജയം കുറിച്ച് ആസ്ട്രേലിയ. ശ്രീലങ്ക ഉയർത്തിയ 157 റൺസ് വിജയലക്ഷ്യം 21 പന്തുകൾ ശേഷിക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഓസീസ് മറികടന്നു. 18 പന്തിൽ നാലു ബൗണ്ടറിയും ആറു സിക്സുമടക്കം 59 റൺസെടുത്ത മാർകസ് സ്റ്റോയ്നിസാണ് ഓസീസിനെ വിജയതീരത്ത് എത്തിച്ചത്.
ടോസ് നേടിയ ആസ്ട്രേലിയ ശ്രീലങ്കയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തുടക്കത്തിൽ തന്നെ മെൻഡിസിനെ നഷ്ടപ്പെട്ടുവെങ്കിലും ഓപണർ പാതും നിസൻകയും (45 പന്തിൽ 40) അവസാന ഓവറുകളിൽ ചരിത് അസലങ്കയും (25 പന്തിൽ 38 നോട്ടൗട്ട്) മികവുകാട്ടിയപ്പോൾ 20 ഓവറിൽ ആറു വിക്കറ്റിന് 157 എന്ന മാന്യമായ ടോട്ടലിൽ ലങ്കയെത്തി.
മറുപടി ബാറ്റിങ്ങിൽ സ്റ്റോണിസിന്റെ കരുത്തിൽ അനായാസം ആസ്ട്രേലിയ ലങ്കൻ സ്കോർ പിന്തുടർന്നു. 31 റൺസുമായി ആരോൺ ഫിഞ്ചും സ്റ്റോണിസിന് പിന്തുണ നൽകി.

