ഓവലിൽ തകർന്നടിഞ്ഞ് ഇന്ത്യ; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം ഓസീസിന്
text_fieldsലണ്ടൻ: ഏകദിനത്തിൽ രണ്ടും ട്വന്റി20യിൽ ഒരു ലോകകിരീടവും നേടിയ ഇന്ത്യയുടെ ടെസ്റ്റിൽ വിശ്വജേതാക്കളാവുകയെന്ന സ്വപ്നം തുടരും. ഓവലിലെ വിജയലക്ഷ്യം അകലെയായിരുന്നിട്ടും ഒരുദിവസം ഏഴ് വിക്കറ്റും കൈയിലുള്ളതിനാൽ അപ്രാപ്യമല്ലെന്ന പ്രതീക്ഷയോടെ മൂന്നിന് 164 റൺസിൽ അഞ്ചാംനാൾ ബാറ്റിങ്ങിനിറങ്ങിയ രോഹിത് ശർമയുടെ സംഘത്തിന് ആദ്യ സെഷൻ പോലും അതിജീവിക്കാനായില്ല.
രണ്ടാം ഇന്നിങ്സിൽ 234 റൺസിന് ഓൾഔട്ടായി ഉച്ചഭക്ഷണത്തിന് മുമ്പെ ഇന്ത്യൻ ബാറ്റർമാർ കൂടാരം കയറിയപ്പോൾ 209 റൺസ് ജയവുമായി ആസ്ട്രേലിയക്ക് ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ആദ്യ കിരീടം. 444 റൺസായിരുന്നു ഓസീസ് കുറിച്ച വിജയലക്ഷ്യം. 49 റൺസെടുത്ത വിരാട് കോഹ് ലിയാണ് ഇന്ത്യൻ ടോപ് സ്കോറർ. അജിൻക്യ രഹാനെ 46 റൺസെടുത്ത് മടങ്ങി. കംഗാരുപ്പടക്കു വേണ്ടി സ്പിന്നർ നതാൻ ലിയോൺ നാലും പേസർ സ്കോട്ട് ബോളണ്ട് മൂന്നും വിക്കറ്റ് വീഴ്ത്തി. സ്കോർ: ആസ്ട്രേലിയ 469 & 270/8 ഡിക്ല., ഇന്ത്യ 296 & 234.
കോഹ് ലി തുടങ്ങി; പിന്നെ ‘ഘോഷയാത്ര’
ജയിക്കാൻ ബാക്കി വേണ്ടിയിരുന്ന 280 റൺസിലേക്ക് കോഹ് ലിയും (44) രഹാനെയും (20) രാവിലെ ഇന്ത്യൻ ക്യാമ്പിനെ നിരാശപ്പെടുത്താത്ത തുടക്കമാണ് നൽകിയത്. ആദ്യ ആറ് ഓവർ സൂക്ഷ്മതയോടെ ഇരുവരും കളിച്ചു. കോഹ് ലി അർധ ശതകത്തിനരികിൽ.
ബോളണ്ടിന്റെ ഓവറിൽ പക്ഷേ, ഇന്ത്യയെ കാത്തിരുന്നത് നിർഭാഗ്യമായിരുന്നു. കോഹ് ലിയെ രണ്ടാം സ്ലിപ്പിൽ സ്റ്റീവൻ സ്മിത്ത് ഡൈവ് ചെയ്ത് പിടിച്ചു. 179ൽ നാലാം വിക്കറ്റ് നഷ്ടമായ ഇന്ത്യയുടെ രക്ഷകന്റെ കുപ്പായം അണിയുമെന്ന് കരുതിയ രവീന്ദ്ര ജദേജ പക്ഷേ, ഇതേ ഓവറിൽതന്നെ വീണു. നേരിട്ട രണ്ടാം പന്തിൽ വിക്കറ്റ് കീപ്പർ അലക്സ് കാരിക്ക് ക്യാച്ച് നൽകി ജദേജ പൂജ്യനായി തിരികെ നടന്നു. ഇന്ത്യ അഞ്ചിന് 179.
ബൗണ്ടറിയോടെ തുടങ്ങിയ ശ്രീകർ ഭരത് അൽപനേരം രഹാനെക്കൊപ്പം പിടിച്ചുനിന്നതോടെ ഇന്ത്യൻ കിനാവുകൾക്ക് കുഞ്ഞുചിറകുകൾ മുളച്ചു. സ്കോർ 200 കടത്തി ഇവർ മുന്നോട്ട്. അർധ ശതകത്തിലേക്ക് നീങ്ങിയ രഹാനെയെ കാരിയുടെ ഗ്ലൗസിലെത്തിച്ച് മിച്ചൽ സ്റ്റാർക് ഇന്ത്യയെ കാത്തിരിക്കുന്നത് വൻതോൽവിയാണെന്ന സൂചന നൽകി.
നേരത്തേ തീർത്ത് ഓസീസ്
212ൽ ആറാം വിക്കറ്റ് നഷ്ടമായ ടീമിന് പിന്നീട് അധികം പിടിച്ചുനിൽക്കാനായില്ല. അഞ്ച് പന്ത് നേരിട്ടിട്ടും റണ്ണൊന്നുമെടുക്കാതെനിന്ന ശാർദുൽ ഠാക്കൂറിനെ ലിയോൺ വിക്കറ്റിന് മിന്നിൽ കുരുക്കി. ഏഴിന് 213. ഉമേഷ് യാദവിനെയും (1) കാരിയെ ഏൽപിച്ചു സ്റ്റാർക്. 220ൽ എട്ടാമനും മടങ്ങിയതോടെ അന്ത്യം ആസന്നമായി.
മറുതലക്കലുണ്ടായിരുന്ന ഭരതിനെ (23) സ്വന്തം പന്തിൽ ലിയോൺ പിടിക്കുമ്പോൾ സ്കോർ ബോർഡിൽ 224. അവസാന വിക്കറ്റിൽ മുഹമ്മദ് ഷമി ഒരു കീപ്പർ ക്യാച്ചിനെ റിവ്യൂവിലൂടെ അതിജീവിച്ചെങ്കിലും തൊട്ടടുത്ത ലിയോണിന്റെ ഓവറിൽ മുഹമ്മദ് സിറാജ് (1) ബോളണ്ടിന്റെ കൈകളിൽ വിശ്രമിച്ചു. കഴിഞ്ഞ തവണ ഫൈനലിൽ ന്യൂസിലൻഡിനോട് തോറ്റ ഇന്ത്യ ഇത്തവണ ഓസീസിനോടും അടിയറവു പറഞ്ഞു. ഒന്നാം ഇന്നിങ്സിൽ സെഞ്ച്വറി നേടിയ ട്രാവിസ് ഹെഡ് (163) പ്ലെയർ ഓഫ് ദ മാച്ചായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

