ലോകകപ്പ് ഫൈനലിൽ ഇന്ത്യ ജയിക്കുമെന്ന് പ്രവചിച്ച പ്രമുഖ ജ്യോത്സ്യന് ട്രോൾ മഴ
text_fieldsലോകകപ്പ് ക്രിക്കറ്റ് കിരീടം ഇന്ത്യ നേടുമെന്ന് പ്രവചിച്ച കൊൽക്കത്തയിലെ ജ്യോത്സ്യന് സമൂഹമാധ്യമങ്ങളിൽ ട്രോൾ മഴ. പ്രമുഖ ജ്യോത്സനായ സുമിത് ബജാജിനാണ് ലോകകപ്പ് ഫൈനൽ മത്സരത്തിൽ ഇന്ത്യൻ ടീമിനൊപ്പം അടിതെറ്റിയത്. എന്നാൽ, ലോകകപ്പിൽ തന്‍റെ പ്രവചനം 85 ശതമാനം ശരിയായെന്ന് സുമിത് ബജാജ് ന്യായീകരിച്ച് രംഗത്തെത്തി. നേരത്തെ പല മത്സരങ്ങളും സുമിത് ബജാജ് പ്രവചിച്ചപോലെ നടന്നിരുന്നു.
'നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ രോഹിത് ശർമ നയിക്കുന്ന ഇന്ത്യൻ ടീം കിരീടമുയർത്തും. ഈ ലോകകപ്പിൽ ഇന്ത്യ നേരിടുന്ന കടുത്ത മത്സരമായിരിക്കും ഇത്. പാറ്റ് കമ്മിൻസിന് (ആസ്ട്രേലിയൻ നായകൻ) തന്‍റെ തീരുമാനങ്ങളിൽ പശ്ചാത്തപിക്കേണ്ടിവരും' -ഫൈനലിന്‍റെ തലേദിവസം സുമിത് ബജാജ് ട്വിറ്ററിൽ പ്രവചനം നടത്തി.
എന്നാൽ, ഫൈനലിൽ ഇന്ത്യ ആസ്ട്രേലിയക്ക് മുന്നിൽ മുട്ടുകുത്തിയതോടെ സുമിത് ബജാജിന്‍റെ ഇതുവരെയുള്ള പ്രവചനങ്ങൾ ആഘോഷിച്ചവർ നേരെ തിരിഞ്ഞു. പ്രവചനം കള്ളമാണെന്നും തട്ടിപ്പാണെന്നും പലരും വിമർശിച്ചു. എന്നാൽ, തന്‍റെ പ്രവചനം 85 ശതമാനം ശരിയായെന്നാണ് സുമിത് ന്യായീകരിച്ചത്.
'കടുത്ത ഇന്ത്യൻ ആരാധകനെന്ന നിലയിൽ ഇന്ത്യ തോൽക്കുന്നത് കാണേണ്ടിവരുന്നത് വേദനാജനകമാണ്. ജ്യോതിഷം ഒരു ശാസ്ത്രമാണ്. അതിൽ കൂടുതൽ കൂടുതൽ ഗവേഷണങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. ഈ ലോകകപ്പിൽ ഞാൻ നടത്തിയ ഗവേഷണങ്ങളിൽ തൃപ്തനാണ്. പ്രവചനങ്ങളിൽ 85 ശതമാനവും ശരിയായി. വിരാട് കോഹ്ലിയുടെ പ്രകടനം, പ്രധാനപ്പെട്ട നിമിഷങ്ങൾ, വിക്കറ്റുകൾ എന്നിവ സംബന്ധിച്ച പ്രവചനങ്ങളെല്ലാം ശരിയായി വന്നു' -ഫൈനലിലെ തോൽവിക്ക് ശേഷം സുമിത് ബജാജ് പറഞ്ഞു.