ക്രിക്കറ്റിൽ ഇന്ന് ഇന്ത്യ-അഫ്ഗാൻ ഫൈനൽ
text_fieldsവിജയമാഘോഷിക്കുന്ന റിതുരാജ് ഗെയ്ക്വാദും തിലക് വർമയും
ഹാങ്ചോ: ബംഗ്ലാദേശിനെ ഒമ്പതു വിക്കറ്റിന് തകർത്ത ഇന്ത്യ ഏഷ്യൻ ഗെയിംസ് ട്വന്റി20 ക്രിക്കറ്റിൽ ഫൈനലിലെത്തി വെള്ളിമെഡലുറപ്പിച്ചു. സെമിഫൈനലിൽ ഒമ്പതു വിക്കറ്റിന് 96 റൺസ് മാത്രമെടുത്ത ബംഗ്ലാദേശിനെതിരെ 9.2 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ ഇന്ത്യ ലക്ഷ്യത്തിലെത്തി.
ആദ്യ ഓവറിൽ തന്നെ യശസ്വി ജയ്സ്വാളിനെ (പൂജ്യം) നഷ്ടമായെങ്കിലും റിതുരാജ് ഗെയ്ക്വാദും (40) തിലക് വർമയും (55) വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ഇന്ത്യയെ ഫൈനലിലേക്ക് കൈപിടിച്ചു. പാകിസ്താനെ നാലു വിക്കറ്റിന് തോൽപിച്ച അഫ്ഗാനിസ്താനും ഫൈനലിലെത്തി. 115 റൺസ് നേടിയ പാകിസ്താനെതിരെ 13 പന്ത് ബാക്കിനിൽക്കേയാണ് അഫ്ഗാനിസ്താൻ ജയിച്ചത്. ഇന്ന് രാവിലെ ഇന്ത്യൻ സമയം 11.30നാണ് ഫൈനൽ.
ബംഗ്ലാദേശിനെതിരെ അനായാസമായാണ് ഗെയ്ക്വാദും തിലക് വർമയും ഇന്നിങ്സ് നയിച്ചത്. 25 പന്തിൽ തിലക് വർമ അർധശതകം തികച്ചു. ഒമ്പത് ട്വന്റി20 കളിച്ച മുംബൈ താരത്തിന്റെ രണ്ടാം അർധ സെഞ്ച്വറിയാണിത്. ആറു സിക്സും രണ്ടു ഫോറും നിറഞ്ഞതായിരുന്നു ഇന്നിങ്സ്. 26 പന്തിൽ 40 റൺസ് നേടിയ ഗെയ്ക്വാദ് നാലു ഫോറും മൂന്നു സിക്സും പായിച്ചു. 12 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത സായ് കിഷോറും 15 റൺസ് വഴങ്ങി രണ്ട് ഇരകളെ നേടിയ വാഷിങ്ടൺ സുന്ദറുമാണ് ബൗളിങ്ങിൽ തിളങ്ങിയത്.

