പാക് പടയെ വിറപ്പിച്ച് ബംഗ്ലാ കടുവകൾ; ഫൈനൽ പ്രവേശം 136 റൺസ് അകലെ
text_fieldsദുബൈ: ഏഷ്യാകപ്പിലെ നിർണായക സൂപ്പർ ഫോർ മത്സരത്തിൽ പാകിസ്താനെതിരെ ബംഗ്ലാദേശിന് 136 റൺസ് വിജയലക്ഷ്യം. 31 റൺസ് നേടിയ മുഹമ്മദ് ഹാരിസാണ് പാകിസ്താന്‍റെ ടോപ് സ്കോറർ. ഒരുഘട്ടത്തിൽ ആറിന് 71 എന്ന നിലയിൽ തകർന്ന പാകിസ്താനെ ഹാരിസും മുഹമ്മദ് നവാസും ചേർന്ന് മത്സരത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു. പാകിസ്താന്‍റെ മുൻ നിരയെ എറിഞ്ഞിട്ട ബംഗ്ലാ ബൗളർമാർ, 15 ഓവറോളം ശക്തമായ പോരാട്ടവീര്യമാണ് പുറത്തെടുത്തത്. ടസ്കിൻ അഹ്മദ് മൂന്നും മെഹ്ദി ഹസൻ, റിഷാദ് ഹൊസൈൻ എന്നിവർ രണ്ട് വീതം വിക്കറ്റുകളും സ്വന്തമാക്കി. നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സാണ് പാകിസ്താൻ നേടിയത്. ഇന്നത്തെ മത്സരത്തിൽ ജയിക്കുന്ന ടീം ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇന്ത്യയെ നേരിടും.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ആദ്യ ഓവറില്‍ തന്നെ സാഹിബ്‌സാദ ഫര്‍ഹാന്‍ പുറത്തായി. നാല് റണ്‍സ് മാത്രമാണ് താരത്തിന്റെ സമ്പാദ്യം. പിന്നാലെ സയിം അയൂബും കൂടാരം കയറി. അതോടെ ടീം രണ്ട് വിക്കറ്റ് നഷ്ടത്തിൽ അഞ്ച് റൺസ് എന്ന നിലയിലായി. മൂന്ന് പന്ത് നേരിട്ട അയൂബ് സംപൂജ്യനായി മടങ്ങി. ഏഷ്യാകപ്പില്‍ ഇത് നാലാം തവണയാണ് അയൂബ് റൺ കണ്ടെത്താനാകാതെ കൂടാരം കയറുന്നത്.
മൂന്നാം വിക്കറ്റില്‍ ഫഖര്‍ സമാനും ക്യാപ്റ്റൻ സല്‍മാന്‍ അലി ആഗയും ചേര്‍ന്ന് ടീമിനെ കരകയറ്റാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ശ്രദ്ധയോടെ ബംഗ്ലാ ബൗളര്‍മാരെ നേരിട്ട ഇരുവരും സ്‌കോറുയര്‍ത്തി. എന്നാല്‍ ടീം സ്‌കോര്‍ 29-ല്‍ നില്‍ക്കേ ഫഖര്‍ സമാന്‍ പുറത്തായി. 20 പന്തില്‍ നിന്ന് 13 റണ്‍സെടുത്താണ് താരം പുറത്തായത്. അഞ്ചാമനായി ഇറങ്ങിയ ഹുസൈന്‍ തലാത്ത് മൂന്ന് റണ്‍സ് മാത്രമെടുത്ത് തിരികെ മടങ്ങി. സല്‍മാന്‍ ആഗ 19 റണ്‍സെടുത്ത് പുറത്തായതോടെ പാകിസ്താന്‍ 10.5 ഓവറില്‍ അഞ്ചിന് 49 എന്ന നിലയിലേക്ക് വീണു.
കഴിഞ്ഞ മത്സരങ്ങളില്‍ തിളങ്ങിയ പേസര്‍ ഷഹീന്‍ ഷാ അഫ്രീദിയെയാണ് പിന്നാലെ ക്രീസിലെത്തിയത്. ഷഹീന്‍ പതിവുപോലെ അടിച്ചുകളിച്ചതോടെ പാക് സ്‌കോര്‍ 70കടന്നു. 13 പന്തില്‍ രണ്ട് സിക്‌സിന്റെ അകമ്പടിയോടെ താരം 19 റണ്‍സെടുത്തു. ഏഴാം വിക്കറ്റില്‍ മുഹമ്മദ് നവാസുമായി ചേര്‍ന്ന് ഹാരിസ് നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് സ്‌കോര്‍ 100 കടത്തിയത്. ഹാരിസ് 23 പന്തില്‍ 31 റണ്‍സെടുത്തപ്പോള്‍ നവാസ് 15 പന്തില്‍ 25 റണ്‍സെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

