ഏഷ്യ കപ്പിൽ ഇന്ത്യ-പാകിസ്താൻ ഫൈനൽ? സാധ്യതകൾ ഇങ്ങനെ...
text_fieldsദുബൈ: ഏഷ്യ കപ്പ് ടൂർണമെന്‍റിൽ ഇനിയുമൊരു ഇന്ത്യ-പാകിസ്താൻ പോരാട്ടത്തിന് സാധ്യതയുണ്ടോ? ഒരാഴ്ചക്കിടെ രണ്ടു തവണ ഏറ്റുമുട്ടിയ ക്രിക്കറ്റിലെ ചിരവൈരികൾക്ക് ടൂർണമെന്‍റിൽ ഒരിക്കൽകൂടി നേർക്കുനേർ മത്സരിക്കാൻ അവസരമുണ്ട്, അത് ഫൈനലിൽ മാത്രമാണ്.
അത് അത്ര എളുപ്പമായിരിക്കില്ല. ഇന്ത്യക്കും പാകിസ്താനും പുറമെ ശ്രീലങ്കയും ബംഗ്ലാദേശുമാണ് സൂപ്പർ ഫോറിലെ മറ്റു ടീമുകൾ. സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ ഇന്ത്യയും ബംഗ്ലാദേശും ജയിച്ചുകയറിയപ്പോൾ, പാകിസ്താനും ലങ്കയും തോൽവിയറിഞ്ഞു. ഇന്ത്യക്കും ബംഗ്ലാദേശിനും രണ്ടു പോയന്‍റ് വീതമാണെങ്കിലും നെറ്റ് റൺറേറ്റിൽ ഇന്ത്യയാണ് ഒന്നാമത്. സൂപ്പർ ഫോറിൽ ഇനി നാലു മത്സരങ്ങളാണ് ബാക്കിയുള്ളത്. അതുകൊണ്ടു തന്നെ ഇനിയുള്ള മത്സരങ്ങൾ ടീമുകൾക്ക് നിർണായകമാണ്. നിലവിലെ ഫോമിൽ ഇന്ത്യ ഫൈനലിലെത്താനുള്ള സാധ്യത കൂടുതലാണ്. ശ്രീലങ്ക, ബംഗ്ലാദേശ് ടീമുകൾക്കെതിരെയാണ് മത്സരങ്ങൾ.
ആദ്യ മത്സരം തോറ്റ ശ്രീലങ്ക-0.121 നെറ്റ് റൺ റേറ്റുമായി മൂന്നാമതും നാലാമതുള്ള പാകിസ്താന്റെ നെറ്റ് റൺറേറ്റ് -0.689 ആണ്. ഇനിയുള്ള രണ്ടു മത്സരങ്ങളും ജയിച്ചാൽ പാകിസ്താന് ഫൈനലിൽ എത്താനാകും. ചൊവ്വാഴ്ച ശ്രീലങ്കക്കെതിരെയും വ്യാഴാഴ്ച ബംഗ്ലാദേശിനെതിരെയുമാണ് മത്സരം. ഇന്നത്തെ മത്സരത്തിൽ പാകിസ്താൻ ജയിച്ചാൽ ശ്രീലങ്ക രണ്ടാം തോൽവിയുമായി ടൂർണമെന്‍റിൽനിന്ന് പുറത്താകും. ബുധനാഴ്ചത്തെ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ജയിച്ചാൽ ശ്രീലങ്കയുമായുള്ള അവസാന മത്സരത്തിന് മുമ്പു തന്നെ ഫൈനൽ ബെർത്ത് ഉറപ്പിക്കാം. ഇതോടെ പാകിസ്താൻ-ബംഗ്ലാദേശ് മത്സരം സെമി ഫൈനലാകും.
ജയിക്കുന്നവർ ഫൈനൽ ബെർത്ത് ഉറപ്പിക്കും. പാകിസ്താൻ ജയിച്ചാൽ ഫൈനലിൽ വീണ്ടുമൊരു ഇന്ത്യ-പാക് പോരാട്ടത്തിന് കളമൊരുങ്ങും. എന്നാൽ, ഇന്നത്തെ മത്സരത്തിൽ ലങ്കയുമായി പാകിസ്താൻ പരാജയപ്പെട്ടാൽ ടൂർണമെന്‍റിൽനിന്ന് പുറത്താകും. ഗ്രൂപ്പ് റൗണ്ടിനു പിന്നാലെ സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിലും ഇന്ത്യയോട് പരാജയപ്പെട്ടതിന്‍റെ ക്ഷീണത്തിലാണ് പാകിസ്താൻ. ലങ്കയോടു കൂടി പരാജയപ്പെട്ടാൽ ഫൈനൽ പ്രതീക്ഷ ഏറെക്കുറെ അടയും.
ഇന്ത്യക്കെതിരെ സൂപ്പർ ഫോറിൽ ആറു വിക്കറ്റിന് പരാജയപ്പെട്ടെങ്കിലും ബൗളിങ്ങിലും ബാറ്റിങ്ങിലും പ്രകടനം അൽപം മെച്ചപ്പെടുത്താനായതിന്‍റെ പ്രതീക്ഷ സൽമാൽ ആഗക്കും സംഘത്തിനുമുണ്ട്. ഗ്രൂപ്പ് റൗണ്ടിൽ മികച്ച പ്രകടനം നടത്തിയിട്ടും സൂപ്പർ ഫോറിൽ ബംഗ്ലാദേശിനോട് അപ്രതീക്ഷിത തോൽവി വഴങ്ങിയതിന്‍റെ ക്ഷീണം ലങ്കയെ അലട്ടുന്നുണ്ട്. ഏഷ്യാകപ്പ് സൂപ്പർ ഫോറിൽ ഇന്ന് നേർക്കുനേർ വരുമ്പോൾ പാക്കിസ്ഥാനും ശ്രീലങ്കയ്ക്കും ഇതു നിലനിൽപിന്റെ പോരാട്ടം കൂടിയാണ്. സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ തോൽവി ഏറ്റുവാങ്ങിയ ഇരു ടീമുകൾക്കും രണ്ടാമതൊരു തോൽവി കൂടി നേരിടേണ്ടി വന്നാൽ ഫൈനലിലേക്കുള്ള വഴി ഏറക്കുറെ അടയും. അബുദാബി ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിൽ രാത്രി എട്ടിനാണ് മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

