രണ്ടാം വാരം
text_fieldsഇന്ത്യ-ഒമാൻ മത്സരത്തിലെ പ്ലെയർ ഓഫ് ദ മാച്ച് സഞ്ജു സാംസണിനെയും ട്വന്റി20യിൽ 100 വിക്കറ്റ് തികച്ച അർഷ്ദീപ് സിങ്ങിനെയും അഭിനന്ദിച്ച് ഐ.പി.എൽ ടീമായ പഞ്ചാബ് കിങ്സ് പങ്കുവെച്ച പോസ്റ്ററുകൾ
ദുബൈ: മത്സരത്തിനപ്പുറം വിവാദങ്ങളാൽ ആഗോളതലത്തിൽ ചർച്ചയായ ഏഷ്യ കപ്പിലെ ഗ്രൂപ് പോരാട്ടത്തിന് ഒരാഴ്ച തികയുമ്പോൾ ഇന്ത്യയും പാകിസ്താനും വീണ്ടും മുഖാമുഖം.
യഥാക്രമം ഗ്രൂപ് എ ജേതാക്കളും റണ്ണേഴ്സപ്പുമായെത്തിയ ഇരു ടീമിനും സൂപ്പർ ഫോറിൽ ഞായറാഴ്ച ആദ്യ കളി. ജയം തുടരാനുറച്ച് ഇന്ത്യയിറങ്ങുമ്പോൾ തോൽവിക്ക് പകരം ചോദിക്കുകയാണ് പാക് ലക്ഷ്യം. ഗ്രൂപ് റൗണ്ടിൽ അജയ്യരായിരുന്നു ഇന്ത്യ. പാകിസ്താൻ ഇന്ത്യയോട് തോറ്റു. ഏഴ് വിക്കറ്റിനായിരുന്നു സൂര്യകുമാറിന്റെയും സംഘത്തിന്റെയും ജയം.
കഴിഞ്ഞ കുറെ വർഷങ്ങളായി വല്ലപ്പോഴും മാത്രം സംഭവിക്കാറുള്ള ഇന്ത്യ-പാക് മത്സരം ക്രിക്കറ്റ് ലോകം ഏറെ കൗതുകത്തോടെയും ആവേശത്തോടെയുമാണ് ശ്രദ്ധിക്കാറ്. എന്നാൽ, ഇക്കുറി പക്ഷേ, കാര്യങ്ങൾ കൈവിട്ടു.
പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരോടുള്ള ഐക്യദാർഢ്യമെന്നോണം എതിർടീമിലെ കളിക്കാരെ ഹസ്തദാനം ചെയ്യാൻപോലും ഇന്ത്യൻ താരങ്ങൾ തയാറായില്ല. ഹസ്തദാനം വേണ്ടെന്ന് പാക് ക്യാപ്റ്റൻ സൽമാൻ ആഗക്ക് നിർദേശം നൽകിയ മാച്ച് റഫറി ആൻഡി പിക്രോഫ്റ്റിനെ മാറ്റണമെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനോടും ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിനോടും പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ഒന്നിലധികം തവണ ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല.
ഇക്കാരണത്താൽ യു.എ.ഇക്കെതിരായ കളി ബഹിഷ്കരിക്കുമെന്ന് വരെ ഇവർ ഭീഷണിയുയർത്തിയിരുന്നു. ഒന്നിനും ചെവികൊടുക്കാതെ പിക്രോഫ്റ്റുമായി മുന്നോട്ടുപോവുകയാണ് ഐ.സി.സി.
നിർണായക മത്സരത്തിന് ഒരുങ്ങുന്ന ഇന്ത്യക്ക് തിരിച്ചടിയായി ഓൾ റൗണ്ടർ അക്ഷർ പട്ടേലിന് കഴിഞ്ഞ ദിവസം പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി അബൂദബിയിൽ ഒമാനെതിരെ നടന്ന അവസാന ഗ്രൂപ് മത്സരത്തിനിടെയാണ് താരത്തിന് തലക്ക് പരിക്കേറ്റത്.
കളിയുടെ 15ാം ഓവറിൽ ഒമാൻ ബാറ്ററുടെ ഷോട്ട് കൈയിൽ ഒതുക്കാനുള്ള ശ്രമത്തിനിടെ ഗ്രൗണ്ടിൽ തലയടിച്ച് വീഴുകയായിരുന്നു. ആശങ്കപ്പെടാനില്ലെന്നായിരുന്നു മത്സര ശേഷം ഫീൽഡിങ് കോച്ച് ടി ദിലീപിന്റെ പ്രതികരണം. എന്നാൽ, പാകിസ്താനെതിരെ കളിക്ക് 48 മണിക്കൂറിൽ കുറഞ്ഞ സമയം മാത്രമേ ബാക്കി കിട്ടിയുള്ളൂവെന്നതിനാൽ അക്ഷറിന്റെ ഫിറ്റ്നസിൽ ഉറപ്പില്ല.
വീണ്ടും പരിശോധിച്ച ശേഷമായിരിക്കും കളിക്കുന്നതിൽ തീരുമാനമെടുക്കുക. ഒമാനെതിരായ മത്സരത്തിൽ വിശ്രമം നൽകിയ സ്റ്റാർ പേസർ ജസ്പ്രീത് ബുംറ പ്ലേയിങ് ഇലവനിൽ തിരിച്ചെത്തും.
ടീം ഇവരിൽനിന്ന്
ഇന്ത്യ: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, അഭിഷേക് ശർമ, തിലക് വർമ, സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷർ പട്ടേൽ, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, ഹർഷിത് റാണ, അർഷ്ദീപ് സിങ്, റിങ്കു സിങ്, ജിതേഷ് ശർമ.
പാകിസ്താൻ: സൽമാൻ ആഗ (ക്യാപ്റ്റൻ), സാഇം അയ്യൂബ്, സാഹിബ്സാദ ഫർഹാൻ, മുഹമ്മദ് ഹാരിസ്, ഫഖർ സമാൻ, ഹസൻ നവാസ്, മുഹമ്മദ് നവാസ്, ഫഹീം അഷ്റഫ്, ഷഹീൻ ഷാ അഫ്രീദി, സൂഫിയാൻ മുഖീം, അബ്രാർ അഹ്മദ്, ഹുസൈൻ തലത്ത്, ഖുഷ്ദിൽ ഷാ, സൽമാൻ മിർസ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

