ഏഷ്യാ കപ്പ് ക്രിക്കറ്റ്; പ്രഥമം ഈ പോരാട്ടം
text_fieldsദുബൈ: ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഇന്ത്യയും പാകിസ്താനും പത്ത് ദിവസത്തിനിടെ മൂന്നാംതവണ ഏറ്റുമുട്ടാനൊരുങ്ങുകയാണ്. വെറും ഏറ്റുമുട്ടലല്ല. ഫൈനലിലാണ് പോര്. കളത്തിന് പുറത്ത് വാക്യുദ്ധവും ഹസ്തദാന വിവാദവും കൊഴുക്കുമ്പോഴാണ് ഏഷ്യാകപ്പിന്റെ 41 വർഷത്തെ ചരിത്രത്തിലാദ്യമായി ഇന്ത്യയും പാകിസ്താനും കലാശക്കളിയിൽ എതിരിടുന്നത്. പ്രാഥമിക റൗണ്ടിലും സൂപ്പർഫോറിലും പാകിസ്താനെ തോൽപിച്ചാണ് ഇന്ത്യയുടെ കുതിപ്പ്.
ഇന്ത്യയോട് തോറ്റ പാകിസ്താൻ ശ്രീലങ്കയെയും ബംഗ്ലാദേശിനെയും തോൽപിച്ചാണ് ഫൈനൽ ഉറപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രി നടന്ന മത്സരത്തിൽ 11 റൺസിനായിരുന്നു ബംഗ്ലാദേശിനെതിരെ പാകിസ്താന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത പാക് ടീം എട്ട് വിക്കറ്റിന് 135 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് ഒമ്പത് വിക്കറ്റിന് 124 റൺസിലൊതുങ്ങി. നാലോവറിൽ 17 റൺസ് മാത്രം മൂന്ന് വിക്കറ്റ് നേടിയ ഷഹീൻ അഫ്രീദിയാണ് കളിയിലെ കേമൻ. മറ്റൊരു പേസറായ ഹാരിസ് റൗഫും മൂന്ന് വിക്കറ്റ് വീഴ്ത്തി.
ടൂർണമെന്റുകളുടെ ഫൈനലുകളിൽ അൽപം മുൻതൂക്കം പാകിസ്താനാണ്. അഞ്ച് ഫൈനലുകളിൽ ഇരുടീമുകളും ഏറ്റുമുട്ടിയതിൽ മൂന്നെണ്ണത്തിൽ പാകിസ്താൻ ജയിച്ചു. രണ്ടെണ്ണത്തിൽ ഇന്ത്യയും. ഏഷ്യാകപ്പിൽ ഇന്ത്യ എട്ട് തവണ ജേതാക്കളായിട്ടുണ്ട്. പാകിസ്താൻ രണ്ട് തവണയും. അതേസമയം ട്വന്റി 20യിൽ 12-3 എന്ന നിലയിൽ ഏറെ മുന്നിലാണ് ഇന്ത്യ. ഇന്ത്യക്കെതിരായ ഫൈനലിനായി ആവേശത്തോടെ കാത്തിരിക്കുകയാണെന്ന് പാക് നായകൻ സൽമാൻ ആഗ പറഞ്ഞു. ആരെയും തോൽപിക്കാവുന്ന ടീമായി പാകിസ്താൻ മാറിയെന്നും ഫൈനലിൽ ജയിക്കുമെന്നും സൽമാൻ ആഗ അവകാശപ്പെട്ടു. ബാറ്റിങ്ങിൽ ഇന്ത്യയുടെ അഭിഷേക് ശർമയും ബൗളിങ്ങിൽ കുൽദീപ് യാദവും മികച്ച ഫോമിലാണ്. എന്നാൽ, ഫീൽഡിങ്ങിൽ ടീം നല്ല ഉഴപ്പാണ്. എളുപ്പമുള്ള 12 ക്യാച്ചുകളാണ് ടീം ഇന്ത്യ വിട്ടുകളഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

