Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഅടിമുടി നാടകീയത,...

അടിമുടി നാടകീയത, ഒടുവിൽ പാകിസ്താൻ വഴങ്ങുന്നു! യു.എ.ഇക്കെതിരായ മത്സരം നടന്നേക്കും, ഒരു മണിക്കൂർ വൈകുമെന്ന് ഐ.സി.സി

text_fields
bookmark_border
അടിമുടി നാടകീയത, ഒടുവിൽ പാകിസ്താൻ വഴങ്ങുന്നു! യു.എ.ഇക്കെതിരായ മത്സരം നടന്നേക്കും, ഒരു മണിക്കൂർ വൈകുമെന്ന് ഐ.സി.സി
cancel

ദുബൈ: ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റിൽ നാടകീയത തുടരുന്നു! അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്‍റെ (ഐ.സി.സി) അനുനയ ശ്രമങ്ങളുടെ ഭാഗമായി പാകിസ്താൻ-യു.എ.ഇ മത്സരം നടന്നേക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

രാത്രി എട്ടു മണിക്ക് നടക്കേണ്ട മത്സരം ഒരു മണിക്കൂർ വൈകുമെന്ന് ഐ.സി.സി അറിയിച്ചു. പാകിസ്താൻ താരങ്ങൾ ദുബൈ സ്റ്റേഡിയത്തിൽ എത്തി. മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റ് തന്നെയാണ് മത്സരം നിയന്ത്രിക്കുക. ഏഷ്യ കപ്പ് ടൂർണമെന്‍റിൽനിന്ന് പാകിസ്താൻ പിന്മാറിയതായി വാർത്തകൾ പുറത്തുവന്നിരുന്നു. ഹസ്തദാന വിവാദത്തിൽ മാച്ച് റഫറിയെ മാറ്റണമെന്ന ആവശ്യം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) തള്ളിയതിൽ പ്രതിഷേധിച്ചതാണ് പാക് ക്രിക്കറ്റ് ബോർഡ് കടുത്ത തീരുമാനമെടുത്തതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

ഇതോടെയാണ് രാത്രി എട്ടിന് നടക്കേണ്ട പാകിസ്താൻ-യു.എ.ഇ മത്സരം അനിശ്ചിതത്വത്തിലായത്. പാക് ടീം ഗ്രൗണ്ടിലേക്ക് പുറപ്പെടാതെ ഹോട്ടലിൽ തന്നെ തങ്ങി. പിന്നാലെയാണ് അനുനയ ശ്രമങ്ങളുമായി ഐ.സി.സി രംഗത്തെത്തിയത്. പാക്-യു.എ.ഇ മത്സരം ഇരുടീമുകൾക്കും നിർണായകമാണ്. ജയിക്കുന്ന ടീം ഗ്രൂപ്പ് എയിൽനിന്ന് സൂപ്പർ ഫോറിലേക്ക് യോഗ്യത നേടും. ഗ്രൂപ്പിൽ രണ്ടു മത്സരങ്ങളും ജയിച്ച ഇന്ത്യ നേരത്തെ തന്നെ സൂപ്പർ ഫോറിലെത്തിയിരുന്നു. പാകിസ്താൻ പിന്മാറിയാൽ യു.എ.ഇ സൂപ്പർ ഫോറിലെത്തും.

ഇന്ത്യയുമായുള്ള മത്സരത്തിനിടെയുണ്ടായ കൈകൊടുക്കൽ വിവാദത്തിനു പിന്നാലെയാണ് മാച്ച് റഫറിയെ മാറ്റണമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെട്ടത്. ആവശ്യം ഐ.സി.സി തള്ളിയതോടെ എട്ട് ടീമുകൾ അണിനിരക്കുന്ന ടൂർണമെന്‍റിൽനിന്ന് പിന്മാറുമെന്ന ഭീഷണിയുമായി പാകിസ്താൻ രംഗത്തെത്തി. അനിശ്ചിതത്വങ്ങൾക്കിടെ ബുധനാഴ്ച രാവിലെയോടെ പാകിസ്താൻ കളിക്കുമെന്ന വിവരം പുറത്തുവന്നിരുന്നു. വൈകീട്ട് നാടകീയമായാണ് വീണ്ടും മാച്ച് റഫറിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പാക് ക്രിക്കറ്റ് ബോർഡ് വീണ്ടും ഐ.സി.സിക്ക് കത്ത് നൽകിയത്. എന്നാൽ, മാറ്റില്ലെന്ന നിലപാടിൽ ഐ.സി.സി ഉറച്ചുനിന്നതോടെ ടൂർണമെന്‍റിൽനിന്ന് പാകിസ്താൻ പിന്മാറുമെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നു.

ഞായറാഴ്ച ഇന്ത്യയുമായുള്ള മത്സരത്തിനിടെ ടോസിനെത്തിയ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പാക് നായകൻ സൽമാൻ അലി ആഘക്ക് കൈകൊടുത്തിരുന്നില്ല. ഇതിനായി ഇന്ത്യൻ ക്യാപ്റ്റനെ നിർബന്ധിക്കരുതെന്ന് മാച്ച് റഫറി സൽമാന് നിർദേശം നൽകിയിരുന്നുവെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ശേഷിക്കുന്ന മത്സരങ്ങളിൽനിന്ന് പൈക്രോഫ്റ്റിനെ മാറ്റണമെന്ന് പി.സി.ബി ആവശ്യപ്പെട്ടത്. ഇല്ലെങ്കിൽ ടൂർണമെന്‍റിൽനിന്ന് പിന്മാറുമെന്നും അവർ അറിയിച്ചു. എന്നാൽ ഇക്കാര്യത്തിൽ റഫറിയെ മാറ്റില്ലെന്ന നിലപാടാണ് ഐ.സി.സി സ്വീകരിച്ചത്.

ഇന്ത്യക്കെതിരെ തോറ്റ പാകിസ്താന് ഇന്നത്തെ മത്സരത്തിൽ ജയിച്ചാൽ സൂപ്പർ ഫോറിൽ കടക്കാനാകും. നേരത്തെ ഒമാനെതിരെ അവർ 93 റൺസിന്‍റെ വമ്പൻ ജയം സ്വന്തമാക്കിയിരുന്നു. പാകിസ്താൻ സൂപ്പർ ഫോറിലെത്തിയാൽ വീണ്ടും ഇന്ത്യയുമായി മത്സരമുണ്ടാകും. സമാന രീതിയിൽ വിവാദത്തിനുള്ള സാധ്യത അവിടെയുമുണ്ട്. പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് ഇന്ത്യ പാകിസ്താനുമായുള്ള സൗഹൃദം പൂർണമായും അവസാനിപ്പിച്ചത്. കായിക രംഗത്തുപോലും മുമ്പില്ലാത്ത വിധം അകലം പാലിക്കുന്നത് വലിയ ചർച്ചകൾക്ക് വഴി വെച്ചിട്ടുണ്ട്.

ഹാൻഡ്ഷേക് വിവാദമിങ്ങനെ

ഇന്ത്യ -പാക് മത്സരത്തിന്‍റെ ടോസിങ് മുതൽ പാക് താരങ്ങളുമായി അകന്നു നിൽക്കുന്ന സമീപനമാണ് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് സ്വീകരിച്ചത്. ടോസിനു ശേഷമോ മത്സര ശേഷമോ പതിവായി തുടരുന്ന ‘കൈകൊടുത്തു പിരിയലി’ന് സൂര്യകുമാർ തയാറായില്ല. പാക് ക്യാപ്റ്റൻ സൽമാൻ അലി ആഘയെ പോലും സൂര്യ അവഗണിച്ചു.

മത്സരശേഷം നടത്തിയ വാർത്ത സമ്മേളനത്തിൽ ചില കാര്യങ്ങൾ സ്പോർട്സ്മാൻ സ്പിരിറ്റിന് പുറത്താണെന്ന വിശദീകരണമാണ് സൂര്യ നൽകിയത്. ടീം ഇന്ത്യയുടെ പെരുമാറ്റത്തിൽ പ്രതിഷേധിച്ച പാക് ക്യാപ്റ്റൻ പോസ്റ്റ്-മാച്ച് പ്രസന്‍റേഷൻ സെറിമണി ബഹിഷ്കരിച്ചു. പരിശീലകൻ മൈക്ക് ഹെസനും ഇന്ത്യയുടെ നിലപാടിൽ നിരാശയറിയിച്ചു. മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ICCPakistan Cricket TeamAsia Cup 2025
News Summary - Asia Cup 2025: Pakistan Cricket Team Leaves For Dubai Stadium. Match To Start At 9 PM IST
Next Story