Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവൻകരയിലെ രാജാക്കന്മാർ

വൻകരയിലെ രാജാക്കന്മാർ

text_fields
bookmark_border
വൻകരയിലെ രാജാക്കന്മാർ
cancel
camera_alt

ഏഷ്യ കപ്പ് ജേതാക്കളായ ടീം ഇന്ത്യ (AFP Photo)

മഗ്രം, ആധികാരികം -ഏഷ്യ കപ്പ് ടൂർണമെന്‍റിലെ ടീം ഇന്ത്യയുടെ വിജയത്തെ വിശേഷിപ്പിക്കാൻ ഇതിലും ഉത്തമമായ വാക്കുകളില്ല. പ്രാഥമിക ഘട്ടം മുതൽ കലാശപ്പോര് വരെ ഒറ്റ മത്സരത്തിൽ പോലും തോൽക്കാതെ മുന്നേറിയ ടീം ഇന്ത്യക്ക് അൽപമെങ്കിലും വെല്ലുവിളി ഉയർത്തിയത് സൂപ്പർ ഫോറിൽ ശ്രീലങ്ക മാത്രമാണ്. ചിരവൈരികളെന്ന് വിശേഷിപ്പിക്കുന്ന പാകിസ്താനുമായി ടൂർണമെന്‍റിൽ ഏറ്റുമുട്ടിയ മൂന്ന് മത്സരങ്ങളിലും ഇന്ത്യ ജയം പിടിച്ചു. കിരീട നേട്ടത്തോടെ വൻകരയിലെ രാജാക്കന്മാർ തങ്ങൾ തന്നെയാണെന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ് ടീം ഇന്ത്യ.

കഴിഞ്ഞ വർഷം രോഹിത് ശർമക്കു കീഴിൽ കുട്ടിക്രിക്കറ്റിലെ ലോക ജേതാക്കളായ ശേഷമാണ് ടീം ഇന്ത്യ പുതിയ നായകനു കീഴിലേക്ക് മാറിയത്. യുവനിരയുടെ നേതൃത്വത്തിലുള്ള ആദ്യ മേജർ ടൂർണമെന്‍റാണ് ഞായറാഴ്ച സമാപിച്ച ഏഷ്യ കപ്പ്. അഞ്ച് മാസത്തിനപ്പുറം വരാനിരിക്കുന്ന ടി20 ലോകകപ്പിനു മുന്നോടിയായി ഭൂഖണ്ഡത്തിലെ ആധിപത്യം വ്യക്തമാക്കാനായത് ഇന്ത്യക്ക് ആത്മവിശ്വാസം പകരുന്ന ഘടകമാണ്. മറ്റ് ടീമുകളെ പിന്തള്ളി മുന്നേറിയ ഇന്ത്യയുടെ ടൂർണമെന്‍റിലെ പ്രകടനം തിരിഞ്ഞുനോക്കുകയാണിവിടെ.

ഗ്രൂപ്പ് ഘട്ടത്തിലെ സമഗ്രാധിപത്യം

ഗ്രൂപ്പ് എയിൽ പാകിസ്താൻ, യു.എ.ഇ, ഒമാൻ എന്നിവർക്കൊപ്പമായിരുന്നു ടീം ഇന്ത്യ. ആദ്യ മത്സരത്തിൽ യു.എ.ഇയെ ഒമ്പത് വിക്കറ്റിന് തോൽപ്പിച്ചാണ് ഇന്ത്യ തുടങ്ങിത്. കുൽദീപ് യാദവിന്‍റെ നാല് വിക്കറ്റ് പ്രകടന മികവിൽ യു.എ.ഇയെ 57 റൺസിലൊതുക്കിയ ഇന്ത്യ, മറുപടി ബാറ്റിങ്ങില്‍ 4.3 ഓവറിൽ കളി തീർത്തു. രണ്ടാം മത്സരത്തിൽ പാകിസ്താനെതിരെ ഏഴ് വിക്കറ്റ് ജയം. ഇവിടെയും മൂന്ന് വിക്കറ്റുമായി കുൽദീപിന്‍റെ നിർണായക പ്രകടനം. പാകിസ്താൻ ഉയർത്തിയ 128 റൺസിന്‍റെ വിജയലക്ഷ്യം 15.5 ഓവറിൽ ഇന്ത്യ മറികടന്നു. അവസാന ഗ്രൂപ്പ് മത്സരത്തിൽ ഒമാനെതിരെ 21 റൺസിന്‍റെ ജയം. മല‍യാളി താരം സഞ്ജു സാംസണിന്‍റെ അർധ സെഞ്ച്വറിയാണ് ആ മത്സരത്തിലെ ഹൈലൈറ്റ്.

അഭിഷേകിന്‍റെ സൂപ്പർ ഫോർ

സൂപ്പർ ഫോർ ഘട്ടത്തിലെ മൂന്ന് മത്സരങ്ങളിലും ശ്രദ്ധേയമായത് ഓപണർ അഭിഷേക് ശർമയുടെ അർധ സെഞ്ച്വറികളാണ്. ഈ പ്രകടനങ്ങളിലൂടെ ടി20 ഫോർമാറ്റിൽ നടത്തിയ ഏഷ്യ കപ്പ് ടൂർണമെന്‍റുകളിൽ, ഒരു പതിപ്പിൽ ഏറ്റവുമധികം റൺ നേടുന്ന താരമാകാനും അഭിഷേകിനായി. ഫൈനൽ ഉൾപ്പെടെ ഏഴ് മത്സരങ്ങളിൽ 314 റൺസാണ് താരം അടിച്ചെടുത്തത്. ടൂർണമെന്‍റിലെ താരം അഭിഷേക് തന്നെയാണ്. പാകിസ്താനെ ആറ് വിക്കറ്റിനും ബംഗ്ലാദേശിനെ 41 റൺസിനും തകർത്തപ്പോൾ, ശ്രീലങ്കക്കെതിരെ ആവേശകരമായ മത്സരം സൂപ്പർ ഓവറിലാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യയൊഴികെ മറ്റ് രണ്ട് ടീമുകളെ തോൽപ്പിച്ച് പാകിസ്താനും ഫൈനൽ പോരിന് ടിക്കറ്റെടുത്തു.

അവസാന ഓവർ ത്രില്ലർ

പാകിസ്താനെതിരെ ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പർ ഫോറിലും ആധികാരികമായി ജയിച്ചെങ്കിലും, ഫൈനലിൽ ഇന്ത്യക്ക് കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. ആദ്യം ബാറ്റുചെയ്ത പാകിസ്താൻ ഒരുഘട്ടത്തിൽ കൂറ്റൻ സ്കോറിലേക്ക് കുതിക്കുകയാണെന്ന പ്രതീതി ഉയർത്തി. ഒന്നാം വിക്കറ്റിൽ പാക് ഓപണർമാർ 84 റൺസ് ചേർത്തു. എന്നാൽ പിന്നീടെത്തിയ സയിം അയൂബ് ഒഴികെ ഒരാളെയും രണ്ടക്കം കാണാൻ ഇന്ത്യൻ ബൗളർമാർ അവസരം നൽകിയില്ല. 19.1 ഓവരിൽ 146 റൺസിന് പാകിസ്താൻ ഓൾഔട്ടായി.

മറുപടി ബാറ്റിങ്ങിൽ മുൻ മത്സരങ്ങളിൽ തിളങ്ങിയ അഭിഷേക് ശർമ, നായകൻ സൂര്യകുമാർ യാദവ്, ഉപനായകൻ ശുഭ്മൻ ഗിൽ എന്നിവരെ സ്കോർ ബോർഡിൽ 20 റൺസ് ചേർക്കുന്നതിനിടെ ഇന്ത്യക്ക് നഷ്ടമായി. തിലക് വർമയും സഞ്ജു സാംസണും ചേർന്ന് വൻതകർച്ച മുന്നിൽക്കണ്ട ടീമിനെ കരകയറ്റുകയായിരുന്നു. അവസാന ഓവർ വരെ വരെ നീണ്ട ത്രില്ലർ പോരിൽ രണ്ട് പന്ത് ശേഷിക്കെയാണ് ഇന്ത്യ ജയം പിടിച്ചത്. ഏഷ്യൻ ഭൂഖണ്ഡത്തിൽ ശക്തരാണെന്ന് തെളിയിച്ചെങ്കിലും ബാറ്റിങ് ഓഡറിലെ ദൗർബല്യം തുറന്നുകാണിക്കുന്നതുമായി കലാശപ്പോരെന്ന് പറയാതെ വയ്യ.

ആദ്യന്തം വിവാദം

ടൂർണമെന്‍റ് തുടങ്ങുംമുമ്പ് തന്നെ ഇന്ത്യ പാകിസ്താനുമായി മത്സരത്തിനിറങ്ങുന്നതിനെതിരെ പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു. പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ പാകിസ്താനുമായുള്ള എല്ലാവിധ സൗഹൃദവും ചർച്ചകളും ഇന്ത്യ അവസാനിപ്പിച്ചിരുന്നു. ഇതിനിടെ സൗഹൃദ മത്സരവും വേണ്ടെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.

ഗ്രൂപ്പ് ഘട്ട മത്സരത്തിൽ പാക് ക്യാപ്റ്റനുമായി ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഹസ്തദാനത്തിന് തയാറാകാതിരുന്നതു മുതൽ വലിയ വിവാദമായി. ഇത് പിന്നീട് സൂപ്പർ ഫോർ പോരാട്ടത്തിലും ഫൈനലിലും തുടർന്നു. പാകിസ്താൻ ആഭ്യന്തര മന്ത്രി കൂടിയായ എ.സി.സി ചെയർമാനിൽനിന്ന് ട്രോഫി ഏറ്റുവാങ്ങാനും ഇന്ത്യൻ ക്യാപ്റ്റൻ തയാറായില്ല. ഇതേച്ചൊല്ലിയുള്ള വിവാദം ഇനിയും അവസാനിച്ചിട്ടില്ല. കളിക്കളത്തിലേക്ക് രാഷ്ട്രീയ വിഷയങ്ങളും മറ്റ് താൽപര്യങ്ങളും വരുമ്പോൾ കായിക ലോകത്തെ അത് ബാധിക്കുന്നത് ഏതുതരത്തിലാകുമെന്ന ചർച്ച വരുംനാളുകളിലും തടരുമെന്ന കാര്യത്തിൽ തർക്കമില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian Cricket TeamAsia Cup 2025
News Summary - Asia Cup 2025: India's commanding win over the neighbors
Next Story