നിസ്സാരം! 4.3 ഓവറിൽ കളി ജയിച്ച് ഇന്ത്യ; യു.എ.ഇയുടെ തോൽവി ഒമ്പത് വിക്കറ്റിന്
text_fieldsഅഭിഷേക് ശർമ
ദുബൈ: യു.എ.ഇ മുന്നോട്ടുവെച്ച 57 റൺസ് വിജയലക്ഷ്യം 4.3 ഓവറിൽ അടിച്ചെടുത്ത് ഇന്ത്യ. ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ യു.എ.ഇയെ ഒമ്പത് വിക്കറ്റിനാണ് സൂര്യകുമാർ യാദവും സംഘവും തകർത്തത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ യു.എ.ഇയെ 13.1 ഓവറിൽ 57 റൺസിന് ഇന്ത്യ എറിഞ്ഞൊതുക്കി. മറുപടി ബാറ്റിങ്ങിൽ ഒരു വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യത്തിലെത്തിയത്, 4.3 ഓവറിൽ 60 റൺസ്. അഭിഷേക് ശർമ 16 പന്തിൽ മൂന്നു സിക്സും രണ്ടു ഫോറുമടക്കം 30 റൺസെടുത്ത് പുറത്തായി. ജുനൈദ് സിദ്ദീഖിനാണ് വിക്കറ്റ്. ഒമ്പത് പന്തിൽ 20 റൺസുമായി ശുഭ്മൻ ഗില്ലും രണ്ടു പന്തിൽ ഏഴു റൺസുമായി സൂര്യകുമാറും പുറത്താകാതെ നിന്നു.
ആദ്യ പന്തു തന്നെ സിക്സ് പറത്തി അഭിഷേക് ശർമ നയം വ്യക്തമാക്കിയിരുന്നു. തൊട്ടടുത്ത പന്തിൽ ബൗണ്ടറിയും. ആ ഓവറിൽ ആകെ പത്ത് റൺസ്. മുഹമ്മദ് രോഹിദ് എറിഞ്ഞ രണ്ടാം ഓവറിൽ 15 റൺസും നേടി. ഇന്ത്യക്കായി കുൽദീപ് യാദവ് നാലു വിക്കറ്റും ശിവം ദുബൈ മൂന്നും വിക്കറ്റും നേടി. യു.എ.ഇ നിരയിൽ ഓപ്പണർമാരായ അലിഷാൻ ഷറഫുവിനും മുഹമ്മദ് വസീമിനും മാത്രമാണ് രണ്ടക്കം കടക്കാനായത്. 17 പന്തിൽ 22 റൺസെടുത്ത അലിഷാനെ ബൗൾഡാക്കി ജസ്പ്രീത് ബുംറയാണ് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. നായകൻ കൂടിയായ വസീം 22 പന്തിൽ 19 റൺസെടുത്തു. മുഹമ്മദ് സുഹൈബ് (അഞ്ചു പന്തിൽ രണ്ട്), രാഹുൽ ചോപ്ര (ഏഴു പന്തിൽ മൂന്ന്), ആസിഫ് ഖാൻ (ഏഴു പന്തിൽ രണ്ട്), ഹർഷിത് കൗശിക് (രണ്ടു പന്തിൽ രണ്ട്), ധ്രുവ് പരാശർ (ഏഴു പന്തിൽ ഒന്ന്), സിമ്രാൻജീത് സിങ് (അഞ്ചു പന്തിൽ ഒന്ന്), ഹൈദർ അലി (രണ്ടു പന്തിൽ ഒന്ന്), ജുനൈദ് സിദ്ദീഖ് (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. റോഹിദ് ഖാൻ രണ്ടു റണ്ണുമായി പുറത്താകാതെ നിന്നു.
വിക്കറ്റൊന്നും നഷ്ടമില്ലാതെ 26 റൺസെന്ന നിലയിൽനിന്നാണ് യു.എ.ഇ 57 റൺസിന് തകർന്നടിഞ്ഞത്. 31 റൺസെടുക്കുന്നതിനിടെയാണ് പത്തു വിക്കറ്റുകളും നഷ്ടമായത്. ഏഷ്യ കപ്പ് ട്വന്‍റി20യിൽ യു.എ.ഇയുടെ ഏറ്റവും ചെറിയ സ്കോറാണിത്. ടൂർണമെന്‍റിൽ ഒരു ടീമിന്‍റെ രണ്ടാമത്തെ ചെറിയ സ്കോറും. 2.1 ഓവറിൽ ഏഴു റൺസ് വഴങ്ങിയാണ് കുൽദീപ് നാലു വിക്കറ്റ് വീഴ്ത്തിയത്. ശിവം ദുബെ രണ്ടു ഓവറിൽ നാലു റൺസ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റെടുത്തു. ബുംറ, അക്സർ പട്ടേൽ, വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
നേരത്തെ, ടോസ് നേടിയ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. വിക്കറ്റ് കീപ്പറായി സഞ്ജു പ്ലെയിങ് ഇലവനിൽ ഇടംനേടി. ഗ്രൂപ് എയിലാണ് ഇന്ത്യയും യു.എ.ഇയും. പാകിസ്താനെ സെപ്റ്റംബർ 14നും ഒമാനെ 19നും മെൻ ഇൻ ബ്ലൂ നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

