ഫർഹാന് അർധ സെഞ്ച്വറി (45 പന്തിൽ 58); പാകിസ്താനെതിരെ ഇന്ത്യക്ക് 172 റൺസ് വിജയലക്ഷ്യം
text_fieldsഅർധസെഞ്ച്വറി നേട്ടം ആഘോഷിക്കുന്ന സാഹിബ്സാദ ഫർഹാന്‍
ദുബൈ: ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റിന്‍റെ സൂപ്പർ ഫോറിൽ പാകിസ്താനെതിരെ ഇന്ത്യക്ക് 172 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുത്തു.
ഓപ്പണർ സാഹിബ്സാദ ഫർഹാനാണ് പാകിസ്താന്‍റെ ടോപ് സ്കോറർ. 45 പന്തിൽ മൂന്നു സിക്സും അഞ്ചു ഫോറുമടക്കം 58 റൺസെടുത്തു. ഫഖർ സമാൻ (ഒമ്പത് പന്തിൽ 15), സായിം അയൂബ് (17 പന്തിൽ 21), ഹുസൈൻ തലത്ത് (11 പന്തിൽ 10), മുഹമ്മദ് നവാസ് (19 പന്തിൽ 21) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. നായകൻ സൽമാൻ ആഗ 13 പന്തിൽ 17 റൺസെടുത്തും ഫഹീം അഷ്റഫ് എട്ടു പന്തിൽ 20 റൺസെടുത്തും പുറത്താകാതെ നിന്നു.
ഇന്ത്യക്കുവേണ്ടി ശിവം ദുബെ നാലു ഓവറിൽ 33 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. ഹാർദിക് പാണ്ഡ്യ, കുൽദീപ് യാവദ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. മത്സരത്തിൽ നാലു ക്യാച്ചുകളാണ് ഇന്ത്യൻ താരങ്ങൾ നഷ്ടപ്പെടുത്തിയത്. നേരത്തെ, ടോസ് നേടിയ ഇന്ത്യ നായകൻ സൂര്യകുമാർ യാദവ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.കഴിഞ്ഞ മത്സരത്തിൽ വിശ്രമം നൽകിയ പേസർ ജസ്പ്രീത് ബുംറയും സ്പിന്നർ വരുൺ ചക്രവർത്തിയും ഇന്ത്യൻ ടീമിൽ തിരിച്ചെത്തി. പാകിസ്താൻ ടീമിലും രണ്ടു മാറ്റങ്ങളുണ്ട്. ഹസൻ നവാസ്, ഖുഷ്ദിൽ ഷാ എന്നിവർക്കു പകരം ഫഹീം അഷ്‌റഫ് ഹുസൈൻ തലത്ത് എന്നിവർ പ്ലെയിങ് ഇലവനിലെത്തി.
ടോസ് സമയത്ത് ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവും പാക് ക്യാപ്റ്റൻ സൽമാൻ ആഗയും ഹസ്തദാനം നടത്തിയില്ല. ഗ്രൂപ്പ് ഘട്ടത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ഹസ്തദാനം നടത്താത്തത് വലിയ വിവാദമായിരുന്നു. സൂര്യകുമാർ യാദവും സൽമാൻ ആഗയും മുഖത്തേക്കു നോക്കാതെ, ടോസിട്ട ശേഷം ഗ്രൗണ്ട് വിടുകയായിരുന്നു. കഴിഞ്ഞ തവണ ഇന്ത്യ-പാക് പോരാട്ടം നിയന്ത്രിച്ച ആൻഡി പൈക്രോഫ്റ്റ് തന്നെയാണ് സൂപ്പർ ഫോർ മത്സരത്തിലും മാച്ച് റഫറി.
ഇന്ത്യൻ ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, അഭിഷേക് ശർമ, തിലക് വർമ, സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷർ പട്ടേൽ, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്.
പാകിസ്താൻ ടീം: സൽമാൻ ആഗ (ക്യാപ്റ്റൻ), സാഇം അയ്യൂബ്, സാഹിബ്‌സാദ ഫർഹാൻ, മുഹമ്മദ് ഹാരിസ്, ഫഖർ സമാൻ, മുഹമ്മദ് നവാസ്, ഫഹീം അഷ്‌റഫ്, ഷഹീൻ ഷാ അഫ്രീദി, സൂഫിയാൻ മുഖീം, അബ്രാർ അഹ്മദ്, ഹുസൈൻ തലത്ത്, സൽമാൻ മിർസ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

