Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിക്കറ്റ് വേട്ടയിൽ ഒന്നാമൻ, പക്ഷേ പ്ലേയിങ് ഇലവനിൽ ഇടമില്ല; സിറാജിനോട് എന്തിനീ അവഗണന?

text_fields
bookmark_border
വിക്കറ്റ് വേട്ടയിൽ ഒന്നാമൻ, പക്ഷേ പ്ലേയിങ് ഇലവനിൽ ഇടമില്ല; സിറാജിനോട് എന്തിനീ അവഗണന?
cancel

ന്യൂഡൽഹി: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയിട്ടും മുഹമ്മദ് സിറാജിന് പ്ലേയിങ് ഇലവനിൽ ഇടമില്ലാത്തതിനെതിരെ മുൻ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ന്യൂസിലൻഡിനെതിരായ തുടർച്ചയായ രണ്ടാം ടെസ്റ്റിലും സിറാജിനെ പുറത്തിരുത്തിയ സാഹചര്യത്തിലാണ് അശ്വിന്റെ പ്രതികരണം. മുൻകാലങ്ങളിൽ മികച്ച പ്രകടനം നടത്തിയ താരങ്ങളെ ഒഴിവാക്കി മുന്നോട്ടുപോകാനാണ് നിലവിലെ ടീം മാനേജ്മെന്റ് ശ്രമിക്കുന്നതെന്നും ഇത് സിറാജിന്റെ കരിയറിന് ഗുണകരമാകുമെന്ന് കരുതുന്നില്ലെന്നും അശ്വിൻ പറഞ്ഞു.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നിലവിൽ 11 മത്സരങ്ങളിൽനിന്ന് 43 വിക്കറ്റുകളുമായി ഇന്ത്യൻ ബൗളർമാരിൽ ഒന്നാമനാണ് സിറാജ്. 11 മത്സരങ്ങളിൽനിന്ന് 43 വിക്കറ്റുകളുമായി ഇന്ത്യൻ ബൗളർമാരിൽ ഒന്നാമതാണ് സിറാജ്. 2025ൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ 2-2ന് സമനിലയിലാക്കുന്നതിലും നിർണായക പങ്കുവഹിച്ച താരമാണ് ന്യൂസിലൻഡിൽ അവസരത്തിനായി കാത്തിരിക്കുന്നത്. നാല് പേസർമാരുമായി ഇന്ത്യ കളിക്കാനിറങ്ങിയിട്ടും രണ്ട് ടെസ്റ്റുകളിലും സിറാജിന് അവസരം ലഭിച്ചില്ല.

'സിറാജിനെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്ന സന്ദേശമാണ് ഇപ്പോൾ പുറത്തുവരുന്നത്. പേസർമാരുടെ മുൻഗണനാ പട്ടികയിൽ നിതീഷ് കുമാർ റെഡ്ഡിക്കും പിന്നിലായിരിക്കാം സിറാജിന്റെ സ്ഥാനം. കരിയറിലെ ഏറ്റവും നിരാശാജനകമായ ഘട്ടത്തിലൂടെയായിരിക്കാം അദ്ദേഹം കടന്നുപോകുന്നത്. ആരെങ്കിലും അദ്ദേഹത്തോട് സംസാരിക്കണമെന്നും പരാതികൾ തുറന്നുപറയാൻ അവസരം നൽകണമെന്നും മുന്നോട്ടുള്ള വഴി കാണിച്ചുകൊടുക്കണമെന്നും ആഗ്രഹിക്കുന്നു. സിറാജിന് ഇത് നല്ല രീതിയിൽ അവസാനിക്കുമെന്ന് തോന്നുന്നില്ല' -അശ്വിൻ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

അരങ്ങേറ്റ താരം ഗുർണൂർ ബ്രാറിനെക്കുറിച്ച് പുറത്തുവന്ന റിപ്പോർട്ടുകൾ കണ്ടപ്പോൾതന്നെ രണ്ടാം ടെസ്റ്റിലും സിറാജിന് അവസരം ലഭിക്കില്ലെന്ന് മനസ്സിലായിരുന്നതായി അശ്വിൻ വ്യക്തമാക്കി. ഇന്ന് സിറാജിനാണ് ഈ അനുഭവമെങ്കിൽ നാളെ മറ്റേതൊരു താരത്തിനും ഇത് സംഭവിക്കാമെന്നും ഇത്തരം തീരുമാനങ്ങൾ ടീമിൽ അസ്ഥിരത സൃഷ്ടിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അടുത്ത അവസരത്തിൽ അസാധാരണ പ്രകടനം പുറത്തെടുത്താൽ മാത്രമേ സിറാജിന് ടീമിൽ സ്ഥാനം ഉറപ്പിക്കാനാകൂ എന്നാണ് അശ്വിന്റെ വിലയിരുത്തൽ. മണിക്കൂറിൽ 145 കിലോമീറ്റർ വേഗത്തിൽ പന്തെറിഞ്ഞ് അഞ്ച് വിക്കറ്റ് നേടുകയല്ലാതെ സിറാജിന് മുന്നിൽ മറ്റു വഴികളില്ലാത്ത സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സിറാജിനെ തുടർച്ചയായി അവഗണിക്കുന്നതിൽ മുൻ ഇന്ത്യൻ താരങ്ങളായ മുരളി കാർത്തിക്കും അജിങ്ക്യ രഹാനെയും അതൃപ്തി പ്രകടിപ്പിച്ചു. ക്രൈസ്റ്റ്ചർച്ചിൽ രണ്ടാം ടെസ്റ്റിനുള്ള ടീമിൽ ഇടം ലഭിക്കാതിരുന്ന സിറാജ് സൺഗ്ലാസ് ധരിച്ച് കണ്ണുകൾ മറക്കുന്ന ദൃശ്യങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ഇരുവരുടെയും പ്രതികരണം.

ഏകദിന പരമ്പരയിലും അവസരം ലഭിക്കാതിരുന്ന സിറാജിന് ഇന്ത്യയിൽ നടന്ന വെസ്റ്റിൻഡീസിനെതിരായ പരമ്പരയിൽ അവസാന മത്സരത്തിൽ മാത്രമാണ് കളിക്കാനായതെന്ന് മുരളി കാർത്തിക് ഓർമിപ്പിച്ചു.

'അദ്ദേഹത്തിന്റെ പ്രകടനത്തിന്റെ കണക്കുകൾ പരിശോധിക്കുമ്പോൾ ഈ തീരുമാനം എന്നെ അത്ഭുതപ്പെടുത്തുന്നു. ഫോമിലല്ലെന്നോ നെറ്റ്സിൽ നന്നായി പന്തെറിയുന്നില്ലെന്നോ മാനേജ്മെന്റിന് തോന്നുന്നുണ്ടെങ്കിൽ പിന്നെ എന്തിനാണ് താരത്തെ പര്യടനത്തിന് കൊണ്ടുപോകുന്നത്?' -കാർത്തിക് ചോദിച്ചു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Ashwin Slams Team Management Over Mohammed Siraj's Continued Test Snub
Next Story