Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അശുതോഷിന്റെ പോരാട്ടം വിഫലം; മുംബൈക്ക് ആവേശ ജയം

text_fields
bookmark_border
അശുതോഷിന്റെ പോരാട്ടം വിഫലം; മുംബൈക്ക് ആവേശ ജയം
cancel

മൊഹാലി: പരാജയമുറപ്പിച്ച മത്സരത്തെ തകർപ്പൻ ത്രില്ലറിലേക്ക് നയിച്ച അശുതോഷ് ശർമയുടെ അസാധാരണ പോരാട്ട വീര്യത്തിനും പഞ്ചാബിനെ രക്ഷിക്കാനായില്ല. ഐ.പി.എല്ലിലെ ആവേശകരമായ മത്സരത്തിനൊടുവിൽ ഒമ്പത് റൺസിന്റെ വിജയം പിടിച്ച് മുംബൈ ഇന്ത്യൻസ്. 193 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബ് 183 റൺസിന് പുറത്താവുകയായിരുന്നു. ജസ്പ്രീത് ബുംറയുടെയും ജെറാർഡ് കോയറ്റ്സിയുടെയും പേസാക്രമണത്തിൽ പിടിച്ചുനിൽക്കാനാവാതെ വൻ തകർച്ചയോടെയാണ് പഞ്ചാബ് തുടങ്ങിയത്. സ്കോർ ബോർഡിൽ 14 റൺസ് ആയപ്പോഴേക്കും ആദ്യ നാല് ബാറ്റർമാർ തിരിച്ചുകയറിയിരുന്നു. നായകൻ സാം കറൺ (6), റിലി റൂസോ (1) എന്നിവരെ ബുംറ വീഴ്ത്തിയപ്പോൾ പ്രഭ്സിംറാൻ സിങ് (0), ലിയാം ലിവിങ്സ്റ്റൺ (1) എന്നിവരെ കോയറ്റ്സിയും മടക്കി.

ഇതോടെ വൻ പ്രതിസന്ധിയിലേക്ക് വീണ പഞ്ചാബിനെ തകർപ്പനടികളിലൂടെ ശശാങ്ക് സിങ്ങാണ് കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നത്. എന്നാൽ, മറുവശത്ത് ഹർപ്രീത് സിങ്ങും (13), ജിതേഷ് ശർമയും (9) പൊരുതാതെ കീഴടങ്ങിയതിന് പിന്നാലെ ശശാങ്കും മടങ്ങി. 25 പന്തിൽ മൂന്ന് സിക്സും രണ്ട് ഫോറുമടക്കം 41 റൺസുമായാണ് ശശാങ്ക് പുറത്തായത്. എന്നാൽ, മറുവശത്തുണ്ടായിരുന്ന അശുതോഷിന്റെ വെടിക്കെട്ട് പഞ്ചാബിനെ വിജയത്തിനടുത്തെത്തിച്ചു. ആകാശ് മദ്‍വാൾ എറിഞ്ഞ 16ാം ഓവറിൽ 24 റൺസാണ് പിറന്നത്. എന്നാൽ, 18ാം ഓവറിൽ കോയറ്റ്സി മുംബൈക്ക് അതിനിർണായക വിക്കറ്റ് സമ്മാനിച്ചു. 28 പന്തിൽ ഏഴ് സിക്സും രണ്ട് ഫോറുമടക്കം 61 റൺസ് അടിച്ചുകൂട്ടിയ അശുതോഷിനെ മുഹമ്മദ് നബിയുടെ കൈയിലെത്തിക്കുകയായിരുന്നു.

ഹർപ്രീത് ബ്രാറും (21) വൈകാതെ മടങ്ങിയതോടെ പഞ്ചാബ് തോൽവി ഉറപ്പിച്ചു. എട്ട് റൺസെടുത്ത കഗിസൊ റബാദ റണ്ണൗട്ടായതോടെ പഞ്ചാബ് ഇന്നിങ്സിന് വിരാമമായി. ഹർഷൽ പട്ടേൽ (1) പുറത്താവാതെനിന്നു. മുംബൈക്കായി ജസ്പ്രീത് ബുംറയും ജെറാർഡ് കോയറ്റ്സിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ആകാശ് മദ്‍വാൾ, ശ്രേയസ് ഗോപാൽ, ഹാർദിക് പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റ് നേടി.

53 പന്തിൽ മൂന്ന് സിക്സും ഏഴ് ഫോറുമടക്കം 78 റൺസെടുത്ത സൂര്യകുമാർ യാദവിന്റെ അർധസെഞ്ച്വറിയുടെ മികവിലാണ് മുംബൈ 192 റൺസ് അടിച്ചെടുത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് എട്ട് പന്തിൽ അത്രയും റൺസെടുത്ത ഇഷാൻ കിഷനെ തുടക്കത്തിൽ തന്നെ നഷ്ടമായിരുന്നു. കഗിസൊ റബാദയെ ഉയർത്തിയടിച്ച കിഷനെ ബൗണ്ടറി ലൈനിനരികെ ഹർപ്രീത് ബ്രാർ കൈയിലൊതുക്കുകയായിരുന്നു. തുടർന്ന് ഒത്തുചേർന്ന രോഹിത് ശർമയും സൂര്യകുമാർ യാദവും ചേർന്ന് മികച്ച കൂട്ടുകെട്ടുയർത്തി. എന്നാൽ, 25 പന്തിൽ മൂന്ന് സിക്സും രണ്ട് ഫോറുമടക്കം 36 റൺസെടുത്ത രോഹിതിനെ സാം കറൺ വീഴ്ത്തി. കൂറ്റനടിക്കായി ക്രീസ് വിട്ട രോഹിതിന് പിഴച്ചപ്പോൾ ഇത്തവണയും എത്തിയത് ഹർപ്രീത് ബ്രാറിന്റെ കൈയിലായിരുന്നു. ഇരുവരും ചേർന്ന് 57 പന്തിൽ 81 റൺസാണ് സ്കോർ ബോർഡിൽ കൂട്ടിച്ചേർത്തത്.

റബാദ എറിഞ്ഞ 16ാം ഓവറിലെ രണ്ടാം പന്ത് സൂര്യയുടെ കാലിൽ തട്ടിയപ്പോൾ അമ്പയർ ഔട്ട് വിളിച്ചെങ്കിലും ഡി.ആർ.എസിലൂടെ ആയുസ്സ് നീട്ടിയ താരത്തിന് ​കൂടുതൽ സമയം ​ക്രീസിൽ തുടരാനായില്ല. 78 റൺസിൽ നിൽക്കെ സാം കറന്റെ വൈഡ് ബാളിൽ ബാറ്റ് വെച്ച സൂര്യയെ പ്രഭ്സിമ്രാൻ സിങ് മനോഹരമായി കൈയിലൊതുക്കുകയായിരുന്നു. തുടർന്നെത്തിയ നായകൻ ഹാർദിക് പാണ്ഡ്യക്കും പിടിച്ചുനിൽക്കാനായില്ല. ആറ് പന്തിൽ 10 റൺസെടുത്ത പാണ്ഡ്യയെ ഹർഷൽ പട്ടേൽ ഹർപ്രീത് ബ്രാറിന്റെ കൈയിലെത്തിക്കുകയായിരുന്നു.

ഹർഷൽ പട്ടേൽ എറിഞ്ഞ അവസാന ഓവറിൽ മുംബൈയുടെ മൂന്ന് വിക്കറ്റുകളാണ് നിലംപൊത്തിയത്. ഏഴ് റൺസ് മാത്രമാണ് ഇതിൽ പിറന്നത്. ഏഴ് പന്തിൽ 14 റൺസെടുത്ത ടിം ഡേവിഡിനെ സാം കറണും ഒരു റൺസെടുത്ത റൊമാരിയോ ഷെപ്പേർഡിനെ ശശാങ്ക് സിങ്ങും കൈയിലൊതുക്കിയപ്പോൾ അവസാന പന്ത് നേരിട്ട മുഹമ്മദ് നബി റണ്ണൗട്ടായും മടങ്ങി. ഇതോടെ മുംബൈ സ്കോർ 192ൽ അവസാനിക്കുകയായിരുന്നു. തിലക് വർമ 18 പന്തിൽ 34 റൺസുമായി പുറത്താകാതെനിന്നു. മൂന്ന് വിക്കറ്റ് നേടിയ ഹർഷൽ പട്ടേലാണ് പഞ്ചാബ് ബൗളർമാരിൽ തിളങ്ങിയത്. സാം കറൺ രണ്ടും കഗിസൊ റബാദ ഒന്നും വിക്കറ്റെടുത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ashutosh Sharma's struggle fails; Thrilling win for Mumbai
Next Story