ആഷസ്: ഒന്നാം ടെസ്റ്റിൽ ഓസീസിന് നാടകീയ ജയം
text_fieldsആസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന്റെ ബാറ്റിങ്
ബിർമിങ്ഹാം: ഏകദിന ക്രിക്കറ്റിന്റെ ആവേശമായിരുന്നു ആഷസ് ഒന്നാം ടെസ്റ്റിന്റെ അവസാന മണിക്കൂറുകളിൽ കണ്ടത്. ഇരു ടീമിനും വിജയപ്രതീക്ഷക്കൊപ്പം സമനില സാധ്യതയുമുണ്ടായിരുന്ന മത്സരത്തിനൊടുവിൽ ആസ്ട്രേലിയ ജയം പിടിച്ചെടുക്കുകയായിരുന്നു. അഞ്ചാമത്തെയും അവസാനത്തെയും ദിവസത്തെ കളി തീരാൻ നാല് ഓവർ മാത്രം ബാക്കിയിരിക്കെ രണ്ട് വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിനെതിരെ ഓസീസ് ജയം.
ആതിഥേയർ ഉയർത്തിയ 281 റൺസ് ലക്ഷ്യം എട്ട് വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു ആസ്ട്രേലിയ. ക്യാപ്റ്റൻ പാറ്റ് കമ്മിൻസും (44 നോട്ടൗട്ട്) നതാൻ ലിയോണും (16 നോട്ടൗട്ട്) ചേർന്ന ഒമ്പതാം വിക്കറ്റ് സഖ്യമാണ് പരാജയമുഖത്ത് നിന്ന് ഓസീസിനെ ജയത്തിലേക്ക് നയിച്ചത്. മഴമൂലം കുറേ ഓവറുകൾ നഷ്ടമായ അഞ്ചാം ദിവസത്തെ കളി പുനരാരംഭിക്കാൻ ലഞ്ചിന് ശേഷവും നിശ്ചിതസമയത്ത് കഴിഞ്ഞിരുന്നില്ല.
കാലാവസ്ഥ അനുകൂലമായ ശേഷം മൂന്ന് വിക്കറ്റിന് 107ൽ വീണ്ടും ബാറ്റിങ് തുടങ്ങിയ സന്ദർശകർക്ക് മുറക്ക് വിക്കറ്റുകൾ നഷ്ടമായി. 65 റൺസുമായി ക്രീസിലുണ്ടായിരുന്ന ഓപണർ ഉസ്മാൻ ഖാജ ഏഴാമനായാണ് മടങ്ങിയത്. 227ൽ എട്ടാം വിക്കറ്റും വീണു. തുടർന്നാണ് കമ്മിൻസും ലിയോണും ക്രീസിൽ ഒത്തുചേർന്ന് 55 റൺസ് കൂട്ടുകെട്ടുണ്ടാക്കിയത്. ഒലീ റോബിൻസനെ ബൗണ്ടറിയടിച്ച് ജയം സമ്മാനിക്കുകയായിരുന്നു കമ്മിൻസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

