ഷാകിബുൽ ഹസന് കുരുക്ക്; ബംഗ്ലാദേശ് ക്രിക്കറ്റ് താരത്തിനെതിരെ അറസ്റ്റ് വാറന്‍റ്
text_fieldsധാക്ക: ചെക്ക് ക്രമക്കേട് കേസിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരം ഷാകിബുൽ ഹസനെതിരെ കോടതി അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചു. നേരത്തെ, താരത്തിന് കേസിൽ നോട്ടീസ് നൽകിയിരുന്നെങ്കിലും ഹാജരാകാത്തതിനെ തുടർന്നാണ് കോടതി അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചതെന്ന് പരാതി നൽകിയ ഐ.എഫ്.ഐ.സി ബാങ്ക് മാനേജർ മുഹമ്മദ് ഷാഹിബുർ റഹ്മാൻ പറഞ്ഞു.
ജനകീയ പ്രക്ഷോഭത്തെ തുടർന്ന് രാജ്യംവിട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിന്റെ മുൻ എം.പി കൂടിയായ ഷാകിബ് ജീവന് ഭീഷണിയുള്ളതിനാൽ രാജ്യത്തിന് പുറത്താണ്. ഹസീന രാജ്യം വിടുമ്പോൾ ഷാകിബ് കാനഡയിൽ ആഭ്യന്തര ട്വന്‍റി20 ക്രിക്കറ്റ് കളിക്കുകയായിരുന്നു. അതിനുശേഷം താരം രാജ്യത്തേക്ക് മടങ്ങിവന്നിട്ടില്ല. ധാക്കയിലെ അഡീഷനൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് സിയാദുർ റഹ്മാനാണ് അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചത്.
ഷാകിബുൽ ഹസൻ അഗ്രോ ഫാം എന്ന പേരിൽ 2016ൽ സ്ഥാപനം തുടങ്ങിയിരുന്നു. 2021 സ്ഥാപനത്തിന്‍റെ പ്രവർത്തനം നിലച്ചു. ഇതിന്‍റെ ചെയർമാൻ കൂടിയായ ഷാകിബിനോട് സ്ഥാപനവുമായി ബന്ധപ്പെട്ട ചെക്ക് കേസിൽ കഴിഞ്ഞ മാർച്ച് 24ന് കോടതിയിൽ നേരിട്ട് ഹാജരാകാൻ കോടതി നോട്ടീസ് നൽകിയിരുന്നു. ഹാജരാകാതെ വന്നതോടെയാണ് കോടതി അറസ്റ്റ് വാറന്‍റ് ഉത്തരവ് നൽകിയത്. നിലവിൽ താരം യു.എസിലാണ് കഴിയുന്നത്.
ചെക്ക് മടങ്ങിയ കേസിലാണ് ഐ.എഫ്.ഐ.സി ബാങ്ക് കോടതിയെ സമീപിച്ചത്. ഞായറാഴ്ച സ്ഥാപനത്തിലെ രണ്ടു ജീവനക്കാർ കോടതിയിൽ കീഴടങ്ങി കേസിൽ ജാമ്യം നേടി. നിയമവിരുദ്ധ ബൗളിങ് ആക്ഷൻ ചൂണ്ടിക്കാട്ടി നിലവിൽ താരത്തിന് അന്താരാഷ്ട്ര, ആഭ്യന്തര മത്സരങ്ങളില്‍ ബൗളിങ് വിലക്കുണ്ട്. ബംഗ്ലാദേശിനായി 71 ടെസ്റ്റുകളും 247 ഏകദിനങ്ങളും 129 ട്വന്‍റി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. മൂന്നു ഫോർമാറ്റിലുമായി 712 വിക്കറ്റുകൾ നേടി.
അടുത്ത മാസം നടക്കുന്ന ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്‍റിന്‍റുള്ള ബംഗ്ലാദേശ് ടീമിൽ താരം കളിക്കുന്നില്ല. നജ്മുൽ ഹുസൈൻ ഷാന്‍റോയാണ് ബംഗ്ലാദേശ് ടീമിനെ നയിക്കുന്നത്. ഇന്ത്യ, പാകിസ്താൻ, ന്യൂസിലൻഡ് ടീമുകൾക്കൊപ്പം ഗ്രൂപ്പ് എയിലാണ് ബംഗ്ലാദേശ്.
നേരത്തെ, വിദ്യാർഥി പ്രക്ഷോഭത്തിനിടെ യുവാവ് വെടിയേറ്റുമരിച്ച സംഭവത്തിൽ താരത്തിനെ കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. ബംഗ്ലദേശ് തലസ്ഥാനമായ ധാക്കയിലെ വസ്ത്രവ്യാപാരിയായ റഫിഖുൽ ഇസ്‍ലാമാണ് മകൻ റുബൽ വെടിയേറ്റുമരിച്ച സംഭവത്തിൽ പൊലീസിൽ പരാതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

