‘അഫ്ഗാനെ അട്ടിമറിക്കാരെന്ന് പറയാനാകില്ല, അവരിത് പതിവാക്കിയിരിക്കുന്നു’; പ്രശംസിച്ച് സചിൻ
text_fieldsസചിൻ അഫ്ഗാൻ താരങ്ങളോടൊപ്പം (ഫയൽ ചിത്രം)
മുംബൈ: ചാമ്പ്യൻസ് ട്രോഫിയിൽ കരുത്തരായ ഇംഗ്ലണ്ടിനെതിരെ അപ്രതീക്ഷിത ജയം സ്വന്തമാക്കിയ അഫ്ഗാനിസ്താൻ ടീമിനെ അഭിനന്ദിച്ച് ക്രിക്കറ്റ് ഇതിഹാസം സചിൻ തെണ്ടുൽക്കർ രംഗത്ത്. ഇടക്കിടെ വലിയ ടീമുകളെയും തോൽപ്പിക്കുന്ന അഫാഗാൻ ടീമിനെ ഇനി അട്ടിമറിക്കാരെന്ന് വിശേഷിപ്പിക്കരുതെന്നും അവരിത് പതിവാക്കിയെന്നും സചിൻ എക്സിൽ കുറിച്ചു. മത്സരത്തിൽ സെഞ്ച്വറി നേടിയ ഇബ്രാഹിം സദ്റാനെയും അഞ്ച് വിക്കറ്റ് നേടിയ അസ്മത്തുല്ല ഒമർസായിയെയും സചിൻ പ്രത്യേകം അഭിനന്ദിച്ചു.
‘‘അന്താരാഷ്ട്ര ക്രിക്കറ്റിൽ അഫ്ഗാനിസ്താന്റെ സ്ഥിരതയാർന്ന പ്രകടനവും വളർച്ചയും ഏറെ പ്രചോദനാത്മകമാണ്. അവരുടെ വിജയങ്ങളെ ഇനിയും അട്ടിമറി എന്ന് വിശേഷിപ്പിക്കാൻ നിങ്ങൾക്കാകില്ല. ഇത്തരം വിജയങ്ങൾ അവർ പതിവാക്കിയിരിക്കുന്നു. ഇബ്രാഹിം സദ്റാന്റെ സെഞ്ച്വറിയും അസ്മത്തുല്ല ഒമർസായിയുടെ അഞ്ച് വിക്കറ്റ് നേട്ടവും അഫ്ഗാനിസ്താന് അവിസ്മരണീയമായ ഒരു വിജയം കൂടി നൽകിയിരിക്കുന്നു’ – സചിൻ കുറിച്ചു. സചിന്‍റെ കുറിപ്പ് സദ്റാൻ റീട്വീറ്റ് ചെയ്തിട്ടുണ്ട്. തലമുറകൾക്ക് ബാറ്റെടുക്കാൻ പ്രചോദനം നൽകിയ സചിന്‍റെ വാക്കുകൾ അഫ്ഗാൻ ക്രിക്കറ്റിന് അഭിമാനമാണെന്ന് സദ്റാൻ കുറിച്ചു.
അഫ്ഗാനിസ്ഥാനെ പുകഴ്ത്തി മുൻ താരവും പരിശീലകനുമായിരുന്ന രവി ശാസ്ത്രിയും രംഗത്തെത്തിയിരുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കളിക്കുന്നതിനെ ഗൗരവത്തോടെ കാണണമെന്ന് ആവശ്യപ്പെട്ട ശാസ്ത്രി, മികച്ച ടീമായി മാറുന്നതിന് അതു നിർണായകമാണെന്ന് ചൂണ്ടിക്കാട്ടി. കുറച്ചു കാലങ്ങളായി ഇംഗ്ലണ്ട് ഏകദിന മത്സരങ്ങൾ അധികം കളിക്കാത്തതിന്റെ പ്രശ്നമാണ് ഈ തോൽവിയെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ അഭിപ്രായപ്പെട്ടു. ഇംഗ്ലണ്ടിനെ തോൽപ്പിച്ച അഫ്ഗാനിസ്ഥാനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
നേരത്തെ, ചാമ്പ്യൻസ് ട്രോഫി ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറുമായി ഇബ്രാഹിം സദ്രാൻ (177) മുന്നിൽനിന്നു നയിച്ച മത്സരത്തിൽ എട്ടു റൺസിനാണ് അഫ്ഗാനിസ്താൻ ഇംഗ്ലണ്ടിനെ തോൽപ്പിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റുചെയ്ത അഫ്ഗാനിസ്താൻ, 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 325 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ ജോ റൂട്ടിന്റെ (120) സെഞ്ചറിക്കരുത്തിൽ തിരിച്ചടിക്കു ശ്രമിച്ചെങ്കിലും ഇംഗ്ലണ്ടിന്‍റെ പോരാട്ടം ഒമ്പത് റൺസ് അകലെ അവസാനിച്ചു. ഇതോടെ ഇംഗ്ലണ്ട് ടൂർണമെന്‍റിൽനിന്ന് പുറത്താകുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

