അങ്കിത് ശർമക്ക് അഞ്ച് വിക്കറ്റ്, ആദ്യദിനം പിടിമുറുക്കി കേരളം, ഗോവ എട്ടിന് 279
text_fieldsപനാജി: രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ ഗോവക്കെതിരെ ആദ്യദിനം മുൻതൂക്കം പിടിച്ച് കേരളം. സ്റ്റമ്പെടുക്കുമ്പോൾ ഒന്നാം ഇന്നിങ്സിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 279 റൺസെന്ന നിലയിലാണ് ആതിഥേയർ. അഞ്ച് വിക്കറ്റ് വീഴ്ത്തിയ കേരള സ്പിന്നർ അങ്കിത് ശർമയുടെ ഉജ്ജ്വല പ്രകടനമാണ് ഗോവയുടെ ബാറ്റിങ് നിരയെ പ്രതിരോധത്തിലാക്കിയത്.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഗോവയുടെ ഓപണർമാരായ കശ്യപ് ബക്ലയെയും (12) അഭിനവ് തെജ്രാനയെയും (1) പുറത്താക്കി അങ്കിത് കേരളത്തിന് മികച്ച തുടക്കം സമ്മാനിച്ചു. എന്നാൽ, ഒരറ്റത്ത് ഉറച്ചുനിന്ന ഓപണർ സുയാഷ് പ്രഭുദേശായിയുടെ ഇന്നിങ്സ് അവർക്ക് തുണയായി. ക്യാപ്റ്റൻ സ്നേഹൽ കൗതങ്കറുമായി ചേർന്ന് 55ഉം യഷ് കസവങ്കറുമായി ചേർന്ന് 60ഉം റൺസിന്റെ നിർണായക കൂട്ടുകെട്ടുകളാണ് സുയാഷ് പടുത്തുയർത്തിയത്.
ഗോവ ശക്തമായ നിലയിലേക്ക് നീങ്ങുന്നുവെന്ന് തോന്നിച്ച ഘട്ടത്തിൽ അങ്കിത് വീണ്ടും ആഞ്ഞടിച്ചു. സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന സുയാഷിനെ (172 പന്തിൽ 86 റൺസ്) അഹ്മദ് ഇമ്രാന്റെ കൈകളിലെത്തിച്ചു. സ്നേഹൽ കൗതങ്കർ 29ഉം യഷ് കസവങ്കർ 50ഉം റൺസെടുത്തു. തുടർന്നെത്തിയ അർജുൻ ടെൻഡുൽക്കർ 39 പന്തുകളിൽ 36 റൺസെടുത്തു. അർജുനെ പുറത്താക്കി അങ്കിത് അഞ്ച് വിക്കറ്റ് നേട്ടം പൂർത്തിയാക്കി. 22 റൺസെടുത്ത ദർശൻ മിസാലിനെ സച്ചിൻ ബേബിയും മടക്കി. രണ്ട് വിക്കറ്റ് വീഴ്ത്തിയ ബേസിൽ എൻ.പിയും കേരളത്തിന് വേണ്ടി തിളങ്ങി.
കഴിഞ്ഞ മത്സരത്തിൽനിന്ന് മൂന്ന് മാറ്റങ്ങളുമായാണ് വിഷ്ണു വിനോദിന്റെ കീഴിൽ കേരളം കളിക്കാനിറങ്ങിയത്. മുഹമ്മദ് അസ്ഹറുദ്ദീൻ, ബാബ അപരാജിത്, ഏദൻ ആപ്പിൾ ടോം എന്നിവർക്ക് പകരം അഹ്മദ് ഇമ്രാൻ, ബേസിൽ എൻ.പി, മാനവ് കൃഷ്ണ എന്നിവരെ ഉൾപ്പെടുത്തി. മാനവ് കൃഷ്ണയുടെ അരങ്ങേറ്റ മത്സരം കൂടിയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

