അനിൽ കുംബ്ലെയെ വനം-വന്യജീവി അംബാസഡറാക്കും -കർണാടക മന്ത്രി
text_fieldsബംഗളൂരു: മുൻ ക്രിക്കറ്റ് താരം അനിൽ കുംബ്ലെയെ വനം-വന്യജീവി അംബാസഡറായി നാമനിർദേശം ചെയ്യുമെന്ന് കർണാടക പരിസ്ഥിതി വകുപ്പ് മന്ത്രി ഈശ്വർ ബി ഖന്ദ്രെ പറഞ്ഞു.
കർണാടക വന്യജീവി ബോർഡിന്റെ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുള്ള അനിൽ കുംബ്ലെയുടെ ലോകോത്തര പ്രശസ്തി വനം- വന്യജീവി സംരക്ഷണം എന്നിവയെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ ഇത് സഹായിക്കുമെന്നും ഖന്ദ്രെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
'അനിൽ കുംബ്ലെക്ക് വന്യജീവികളോട് വലിയ താല്പര്യമുണ്ട്. അദ്ദേഹം കാടുകളെ സ്നേഹിക്കുന്നു. അതുകൊണ്ടാണ് പ്രതിഫലം വാങ്ങാതെ അംബാസഡറാകാൻ അദ്ദേഹം സമ്മതിച്ചത്'- ഖന്ദ്രെ പറഞ്ഞു.
വനം മന്ത്രിയായി രണ്ടു വർഷം തികയുന്ന ചൊവ്വാഴ്ച ഖന്ദ്രെ തന്റെ നേട്ടങ്ങളും ഭാവി പദ്ധതികളും വിശദീകരിച്ചു. കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഏകദേശം 8,848 'വനമഹോത്സവങ്ങൾ' നടന്നു. വനപ്രദേശങ്ങളിലും പാതയോരങ്ങളിലും സർക്കാർ ഭൂമിയിലുമായി ഏകദേശം 8.5 കോടി തൈകൾ നട്ടുപിടിപ്പിച്ചു.
2023-24, 2024-25 വർഷങ്ങളിലായി ആകെ 1,20,975 ഹെക്ടർ തോട്ടങ്ങൾ, 25 പുതിയ അർബോറെറ്റങ്ങൾ, 35 വനങ്ങൾ എന്നിവ വികസിപ്പിച്ചെടുത്തു. 3.70 കോടി തൈകൾ കർഷകർക്ക് സ്വന്തം വയലുകളിലും മറ്റിടങ്ങളിലും നടുന്നതിനായി വിതരണം ചെയ്തു. യെലഹങ്കക്കടുത്തുള്ള മാടപ്പനഹള്ളിയിൽ 153 ഏക്കറിൽ മറ്റൊരു പ്രധാന പാർക്ക് നിർമ്മിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

