‘5/5 ക്ലബിലേക്ക് സ്വാഗതം’; ആകാശ് മധ്‍വാളിനെ പ്രശംസിച്ച് സ്പിൻ ഇതിഹാസം
text_fieldsപേസർ ആകാശ് മധ്‍വാളിന്‍റെ റെക്കോഡ് ബൗളിങ് പ്രകടനമാണ് ലഖ്നോ സൂപ്പർ ജയന്‍റ്സിനെതിരായ ഐ.പി.എൽ എലിമിനേറ്ററിൽ മുംബൈ ഇന്ത്യൻസിന് ത്രസിപ്പിക്കുന്ന വിജയം നേടികൊടുത്തത്. 3.3 ഓവറിൽ അഞ്ചു റൺസ് മാത്രം വഴങ്ങി 29കാരനായ താരം നേടിയത് അഞ്ച് വിക്കറ്റ്.
അഞ്ച് റൺസിന് അഞ്ചു വിക്കറ്റ് എന്ന അപൂർവ നേട്ടവുമായി അനിൽ കുംബ്ലെ, ജസ്പ്രീത് ബുംറ എന്നിവരടങ്ങുന്ന എലീറ്റ് ക്ലബിൽ മധ്‍വാളും ഇടം കണ്ടെത്തി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറിൽ എട്ട് വിക്കറ്റിന് 182 റൺസെടുത്തു. ലഖ്നോവിന്‍റെ മറുപടി ബാറ്റിങ് 16.3 ഓവറിൽ 101 റൺസിൽ അവസാനിച്ചു. വെള്ളിയാഴ്ച നടക്കുന്ന രണ്ടാം ക്വാളിഫയറിൽ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസാണ് മുംബൈയുടെ എതിരാളികൾ.
ഉത്തരാഖണ്ഡിൽനിന്ന് ഐ.പി.എൽ കളിക്കുന്ന ആദ്യ താരമാണ് മധ്‍വാൾ. മുൻ ഇന്ത്യൻ സ്പിൻ ഇതിഹാസം അനിൽ കുംബ്ലെ ഉൾപ്പെടെ നിരവധി താരങ്ങളാണ് മധ്‍വാളിനെ പ്രശംസിച്ച് രംഗത്തെത്തിയത്. ‘വലിയ സമ്മർദമുള്ള മത്സരത്തിൽ മികച്ച ബൗളിങ്, ആകാശ് മധ്‍വാൾ. 5/5 ക്ലബിലേക്ക് സ്വാഗതം’ -കുംബ്ലെ ട്വീറ്റ് ചെയ്തു.
‘എലിമിനേറ്ററിൽ അഞ്ച് റൺസ്, അഞ്ച് വിക്കറ്റ്: ആകാശ് മധ്‍വാളിലൂടെ മുംബൈ ഒരു ഇന്ത്യൻ താരത്തെക്കൂടി നൽകുന്നു?’ എന്ന് മുൻ താരം മുഹമ്മദ് ഖൈഫ് ട്വിറ്ററിൽ കുറിച്ചു. അഞ്ച് റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് നേട്ടവുമായി മധ്‍വാളിന്‍റെ ഗംഭീര ബൗളിങ്.
‘പ്ലേ ഓഫിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടം. യുവ താരത്തിൽനിന്ന് ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു’ -മുൻ പേസർ സഹീർ ഖാൻ അഭിനന്ദിച്ചു. ‘ആകാശ് മധ്‍വാളിന്‍റെ ഗംഭീര ബൗളിങ്, അഭിനന്ദനങ്ങൾ, മികച്ച വിജയം’ -ജസ്പ്രീത് ബുംറ ട്വിറ്ററിൽ കുറിച്ചു. വീരേന്ദർ സെവാഗ്, ആർ.പി. സിങ് ഉൾപ്പെടെയുള്ള താരങ്ങളും മധ്‍വാളിനെ അഭിനന്ദിച്ചു.