സൈറ്റ്സ്ക്രീനും തുളച്ച് റസലിന്റെ സിക്സർ; വെടിക്കെട്ടുമായി വിൻഡീസ് സൂപ്പർതാരത്തിന്റെ വിടവാങ്ങൽ
text_fieldsകിങ്സ്റ്റൺ: കൈയിൽ ബാറ്റെടുത്താൽ വെളിച്ചപ്പാടായി മാറുന്ന ആന്ദ്രെ റസൽ, കരിയറിന്റെ ഒടുക്കത്തിലും പതിവു തെറ്റിച്ചില്ല. ട്വന്റി20 കരിയറിലെ അവസാന മത്സരത്തിനിറങ്ങിയ വിൻഡീസ് സൂപ്പർ താരം, സിക്സറും ബൗണ്ടറികളും കൊണ്ടു തന്നെ അതിശയ കരിയറിന് ഉജ്വല സമാപനം കുറിച്ചു. ട്വന്റി20 ഫോർമാറ്റിലെ വെടിക്കെട്ട് വീരനായ റസലിന്റെ വിടവാങ്ങൽ മത്സരത്തിൽ ആ ബാറ്റിൽ നിന്നും പിറന്നത് നാല് സിക്സുകളും രണ്ട് ബൗണ്ടറിയും ഉൾപ്പെടെ 36 റൺസ്. അതിൽ ആദ്യ ഷോട്ട് പറന്നിറങ്ങിയതാകട്ടെ ഗാലറിയിലെ സൈറ്റ് സ്ക്രീനും തുളച്ച്. ആസ്ട്രേലിയക്കെതിരായ പരമ്പരയിലെ രണ്ടാം മത്സരമായിരുന്നു റസലിന്റെ വിടവാങ്ങൽ എന്ന നിലയിൽ ശ്രദ്ധേയമായത്. ബാറ്റും ബൗളും കൊണ്ട് മിന്നും റെക്കോഡുകൾ സൃഷ്ടിച്ച താരം, 15 വർഷത്തെ ട്വന്റി20 പോരാട്ടത്തിന് സമാപനം കുറിക്കാനിറങ്ങിയപ്പോൾ സബീന പാർക്കിൽ സഹതാരങ്ങൾ ഹൃദ്യമായി തന്നെ യാത്രയയപ്പു നൽകി.
ആദ്യം ബാറ്റു ചെയ്ത വിൻഡീസ് അഞ്ചിന് 98 റൺസ് എന്ന നിലയിൽ പതറിയനിൽകുമ്പോഴാണ് റസൽ ക്രീസിലെത്തുന്നത്. അപ്പോഴേക്കും 13.5 ഓവറിലുമെത്തിയിരുന്നു. പിന്നെ കണ്ടത്, വിടവാങ്ങൽ ചിന്തകൾ മറന്ന് ടീമിനെ ഉയിർത്തെഴുന്നേൽപിക്കാനായി പുറപ്പെട്ട സാക്ഷാൽ റസലിനെ തന്നെ. 15ാം ഓവർ എറിയാനെത്തിയ ബെൻ ഡാർഷുയിസിന്റെ ഓവറിൽ ഗ്രൗണ്ടിന്റെ തലങ്ങും വിലങ്ങും പന്തിനെ പായിച്ചു. ആദ്യ പന്ത് തന്നെ ഗാലറിയിലെ സ്ക്രീനിനും മുകളിലൂടെ സിക്സറിലേക്ക്. ആദ്യ നാല് പന്തിൽ മൂന്നും ഗാലറിയിലെത്തിച്ച് ‘ദ്രെ റസ് ഫാഷൻ’ തുടക്കം കുറിച്ചു. ആറ് പന്തിൽ പിറന്നത് 19 റൺസ്. അടുത്ത ഓവറിൽ ആഡം സാംപക്കും കിട്ടി. 17ാം ഓവറിൽ നതാൻ എല്ലിസിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങുമ്പോൾ 15 പന്തിൽ 36 റൺസ്. വിൻഡീസ്, 139ലും.
എട്ടു വിക്കറ്റ് നഷ്ടത്തിൽ 172 റൺസെടുത്ത വിൻഡീസിന് മത്സരത്തിൽ ജയിക്കാനായില്ല. ജോഷ് ഇംഗ്ലിസിന്റെയും (78 നോട്ടൗട്ട്), കാമറൂൺ ഗ്രീനിന്റെയും (56 നോട്ടൗട്ട്) മികവിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ തന്നെ ഓസീസ് ലക്ഷ്യം മറികടന്നു. 28 പന്ത് ശേഷിക്കെ എട്ടു വിക്കറ്റ് ജയം കംങ്കാരുപ്പട സ്വന്തമാക്കി.
അവസാന മത്സരമെന്ന നിലയിൽ വൈകാരികമായിരുന്നു ക്രീസിലേക്കുള്ള വരവ് എന്നായിരുന്നു താരത്തിന്റെ പ്രതികരണം. എന്നാൽ, എന്റെ ജോലിയിലായിരുന്നു ഫോക്കസ്. ഉള്ളിലൊരു പോസിറ്റീവിറ്റിയുണ്ടെങ്കിൽ സിക്സും എളുപ്പമാകും. കുഞ്ഞുനാളിൽ ഏറെ കൊതിപ്പിച്ച വേദിയായിരുന്നു സബീനപാർക്ക്. ഇപ്പോഴത് യാഥാർത്ഥ്യമായി- വിൻഡീസ്, ഓസീസ് ടീമുകളിലെ താരങ്ങൾ നൽകിയ ഹൃദ്യമായ യാത്രയയപ്പിനിടെ ആന്ദ്രെ റസൽ പ്രതികരിച്ചു.
2010ൽ ടെസ്റ്റ് ടീമിലൂടെ അരങ്ങേറ്റം കുറിച്ച ആന്ദ്രെ റസൽ, ഒരുവർഷം കഴിഞ്ഞാണ് ട്വന്റി20യിൽ ബാറ്റണിഞ്ഞ് തുടങ്ങുന്നത്. 15 വർഷം നീണ്ട കരിയറിനിടെ 86 മത്സരങ്ങളിൽ നിന്നായി 1919 റൺസും, 61 വിക്കറ്റും നേടി. ഏകദനത്തിൽ നിന്നും 2019ൽ തന്നെ വിരമിച്ചിരുന്നു. അരങ്ങേറ്റത്തിനു ശേഷം ടെസ്റ്റിൽ കളിച്ചിട്ടില്ല.
ട്വന്റി20 ക്രിക്കറ്റിന്റെ ആദ്യ തലമുറയിലെ സൂപ്പർതാരമായി മാറിയ റസൽ, രണ്ട് ലോകകപ്പ് നേട്ടങ്ങളിലും ടീമിന്റെ കരുത്തായി. 37ാം വയസ്സിൽ 20 ഓവർ ക്രിക്കറ്റിൽ നിന്ന് കൂടി വിടവാങ്ങിയതോടെ അന്താരാഷ്ട്ര ജഴ്സിയിൽ ഇനി സൂപ്പർതാരത്തിന്റെ സാന്നിധ്യമുണ്ടാവില്ല. അതേസമയം, ഐ.പി.എൽ ഉൾപ്പെടെ ടൂർണമെന്റുകളിൽ താരത്തിന്റെ സാന്നിധ്യം തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

