അവൻ എല്ലാ ഫോർമാറ്റിലും കളിക്കേണ്ട താരം; യുവതാരത്തെ പ്രശംസിച്ച് റായിഡു
text_fieldsഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്‍റി-20 മത്സരത്തിലെ മിന്നും പ്രകടനത്തിന് ശേഷം ഇന്ത്യൻ യുവതാരം തിലക് വർമയെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം അമ്പാട്ടി റായിഡു. തിലക് ഒരു ട്വന്‍റി-20 ബാറ്റർ മാത്രമല്ല മറിച്ച് എല്ലാ ഫോർമാറ്റിലും കളിക്കാൻ സാധിക്കുന്ന താരമാണെന്നാണ് റായിഡു പറയുന്നത്. ഇംഗ്ലണ്ടുമായുള്ള കളിയിൽ നിന്നും തന്നെ തിലകിന്‍റെ പക്വത മനസിലാകുമെന്നും ദീർഘകാലം ഇന്ത്യൻ ബാറ്റിങ്ങിന്‍റെ നെടുംതൂണാകാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ഇന്ത്യക്ക് ഒരു വലിയ സൂപ്പർസ്റ്റാറിനെയാണ് ലഭിച്ചിരിക്കുന്നത്. രാജ്യത്തിന് വേണ്ടി എല്ലാ ഫോർമാറ്റിലും അവന് കളിക്കാൻ സാധിക്കും. അവൻ ട്വന്‍റി-20 മാത്രം കളിക്കേണ്ടവനല്ല. ഇംഗ്ലണ്ടിനെതിരെ രണ്ടാം മത്സരത്തിൽ കാണിച്ച പക്വത അവന് ഒരുപാട് കാലം മാച്ച് വിന്നറാകാൻ സാധിക്കുമെന്ന് തെളിയിക്കുന്നതാണ്. എല്ലാ ഫോർമാറ്റിലും അവൻ അവസരം അർഹിക്കുന്നുണ്ട്.
അവനൊരു സൂപ്പർതാരമാണ്. ഒരു കളിക്കാരൻ എന്ന നിലയിൽ അവന്‍റെ വളർച്ച ഞാൻ കണ്ടിട്ടുണ്ട്. സൂര്യകുമാർ അവനെ വിശ്വസിക്കുന്നുണ്ട്, അദ്ദേഹത്തിന്‍റെ ക്യാപ്റ്റൻസിയിൽ തിലക് ആത്മവിശ്വാസത്തോടെയാണ് കളിക്കുന്നത്,' റായിഡു പറഞ്ഞു.
ദക്ഷിണാഫ്രിക്കക്കെതിരെയുള്ള നാല് മത്സരങ്ങളടങ്ങിയ ട്വന്‍റി-20 പരമ്പരയിൽ തിലക് വർമ രണ്ട് സെഞ്ച്വറി തികച്ചിരുന്നു. കഴിഞ്ഞ നാല് ട്വന്‍റി-20 മത്സരത്തിൽ താരത്തെ പുറത്താക്കാൻ ഒരു ബൗളറിനും സാധിച്ചില്ല. ഈ കാലയളവിൽ 318 റൺസുമായി അന്താരാഷ്ട്ര ട്വൻ്റി20 ക്രിക്കറ്റിൽ പുറത്താകാതെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോഡും തിലക് സ്വന്തം പേരിൽ കുറിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

