വിരമിക്കൽ പ്രഖ്യാപിച്ച് ഓസീസ് ക്യാപ്റ്റൻ അലീസ ഹീലി; പടിയിറങ്ങുന്നത് എട്ട് തവണ ലോകകപ്പിൽ മുത്തമിട്ട താരം
text_fieldsഅലീസ ഹീലി
സിഡ്നി: ആസ്ട്രേലിയയുടെ വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റനും വിക്കറ്റ് കീപ്പർ ബാറ്ററുമായ അലീസ ഹീലി വിരമിക്കൽ പ്രഖ്യാപിച്ചു. ഫെബ്രുവരി -മാർച്ച് മാസങ്ങളിലായി ഇന്ത്യക്കെതിരെ നടക്കുന്ന പരമ്പരക്കു ശേഷം കളി മതിയാക്കുമെന്ന് ഹീലി വ്യക്തമാക്കി. ഇന്ത്യക്കെതിരെ ഏകദിനത്തിലും ടെസ്റ്റ് മത്സരത്തിലും കളത്തിലിറങ്ങുമെന്നും എന്നാൽ ട്വന്‍റി20 മത്സരത്തിന് ഇല്ലെന്നും താരം വ്യക്തമാക്കി. ഈ വർഷം നടക്കാനിരിക്കുന്ന ട്വന്‍റി20 ലോകകപ്പിന് ടീമിന് തയാറെടുക്കാനായാണ് ട്വന്‍റി20 പരമ്പരയിൽനിന്ന് മാറിനിൽക്കുന്നതെന്ന് 35കാരിയായ അലീസ വ്യക്തമാക്കി.
ആസ്ട്രേലിയയുടെ മുൻ വിക്കറ്റ് കീപ്പർ ഇയാൻ ഹീലിയുടെ സഹോദരീപുത്രിയായ അലിസ 2010ൽ 19-ാം വയസ്സിൽ ന്യൂസിലൻഡിനെതിരെയാണ് അരങ്ങേറ്റം കുറിച്ചത്. ആസ്ട്രേലിയക്കായി 162 ടി20, 12 ഏകദിന, 11 ടെസ്റ്റ് മത്സരങ്ങളിൽ പാഡണിഞ്ഞു. ടി20യിൽ 126 പേരെ പുറത്താക്കി റെക്കോഡിട്ടിട്ടുണ്ട്. 2023ൽ മെഗ് ലാനിങ് വിരമിച്ചതിനു പിന്നാലെയാണ് ടീമിന്‍റെ ക്യാപ്റ്റനായത്. ഹീലിക്ക് കീഴിൽ 2024ലെ ട്വന്‍റി20 ലോകകപ്പിലും 2025ലെ ഏകദിന ലോകകപ്പിലും ടീം സെമി ഫൈനലിൽ എത്തിയിരുന്നു.
എട്ട് തവണ ലോകകപ്പ് നേടിയ ടീമിൽ (ആറ് ടി20, രണ്ട് ഏകദിനം) അംഗമായിരുന്നു അലീസ ഹീലി. ലോകകപ്പ് ഫൈനലിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറിനുടമയാണ്. 2022 കോമൺവെൽത്ത് ഗെയിംസിൽ സ്വർണ മെഡൽ നേടിയ ഓസീസ് ടീമിൽ അംഗമായിരുന്നു. 2019ൽ ബെലിൻ ക്ലാർക്ക് അവാർഡും 2018ലും ’19ലും ഐ.സി.സി വനിത ക്രിക്കറ്റർ ഓഫ് ദ് ഇയർ പുരസ്കാരവും സ്വന്തമാക്കിയിട്ടുണ്ട്.
വനിത ബിഗ്ബാഷ് ലീഗിൽ സിഡ്നി സിക്സേഴ്സിനായി കളിക്കുന്ന ഹീലി, 11 സീസണുകളിലായി 3000ത്തിലേറെ റൺസ് നേടിയിട്ടുണ്ട്. രണ്ട് തവണ ടീമിനെ കിരീട നേട്ടത്തിലേക്ക് നയിച്ചു. വനിത പ്രീമിയർ ലീഗിന്‍റെ രണ്ട് പതിപ്പുകളിൽ യു.പി വാരിയേഴ്സിനെ നയിച്ചു. രാജ്യത്തിനായി കളിക്കാൻ തനിക്ക് എപ്പോഴും സന്തോഷമാണെന്നും എന്നാലിപ്പോൾ വിരമിക്കാനുള്ള സമയമായെന്ന് കരുതുന്നുവെന്നും ഹീലി പറഞ്ഞു. ഓസീസ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് ഹീലിയെന്ന് ക്രിക്കറ്റ് ആസ്ട്രേലിയ സി.ഇ.ഒ ടോഡ് ഗ്രീൻബർഗ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

