ധോണി വരും സീസണുകളിലും ചെന്നൈ സൂപ്പർ കിങ്സിനായി കളിക്കണമെന്ന് സ്റ്റാലിൻ
text_fieldsചെന്നൈ: മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണി വരും സീസണുകളിലും ചെന്നൈ സൂപ്പർ കിങ്സിനായി കളിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. ചെന്നൈ സൂപ്പർ കിങ്സ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുേമ്പാഴാണ് സ്റ്റാലിന്റെ പരാമർശം.
എൻ.ശ്രീനിവാസൻ എന്നെ വിളിച്ചത് മുഖ്യമന്ത്രിയെന്ന നിലയിലാണ്. എന്നാൽ, താൻ ഇവിടെയെത്തിയത് ധോണിയുടെ ആരാധകനായാണ്. തന്റെ പിതാവ് കരുണാനിധിയും ധോണിയുടെ ആരാധകനായിരുന്നുവെന്ന് സ്റ്റാലിൻ പറഞ്ഞു. ധോണി ഝാർഖണ്ഡിൽ നിന്നുള്ള ആളാണ്. എന്നാൽ, ഇവിടെ ഏറ്റവും സ്നേഹിക്കപ്പെടുന്ന വ്യക്തികളിലൊരാളാണ് ധോണിയെന്നും സ്റ്റാലിൻ പറഞ്ഞു.
മികച്ച ക്യാപ്റ്റനാണ് ധോണി. ഐ.പി.എൽ കിരീടം നേടിയ ധോണിയേയും ടീമിനേയും അഭിനന്ദിക്കുന്നു. കൂടുതൽ സീസണുകളിൽ ധോണി സി.എസ്.കെക്കായി കളിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഐ.പി.എല്ലിൽ പുതിയ രണ്ട് ടീമുകൾ കൂടി വരുന്ന സാഹചര്യത്തിൽ ധോണി അടുത്ത സീസണിലും ചെന്നൈയിലുണ്ടാകുമോയെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

